കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല. വിദ്യാർഥികൾ പഠനത്തിനായി കൂട്ടമായി കേരളം വിടുകയും ഇവിടത്തെ കോളജുകൾ അടച്ചുപൂട്ടലിന്റെ വക്കിൽ നിൽക്കുകയും ചെയ്യവേ ഈ ചുഴിയിൽനിന്ന് രക്ഷനേടാൻ ഒരു നിർദേശം മുന്നോട്ടുവെക്കുന്നു കണ്ണൂർ യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലറായ ലേഖകൻ
നമ്മുടെ കുട്ടികൾ തൊഴിൽസാധ്യതയുള്ള വിദ്യാഭ്യാസം തേടി പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഒഴുകുന്നത് വ്യാപകമാണിന്ന്. കേരളത്തിലെ സ്വാശ്രയ കോളജുകളിലാവട്ടെ പകുതിയോളം ഡിഗ്രി സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. 40 ശതമാനത്തോളം കോളജുകളിൽ ഇതാണവസ്ഥ. ഈ സ്ഥിതി ഇനിയും മോശമാകാനാണ് സാധ്യത. പല കോളജുകളിലും ആർട്സ് ആൻഡ് സയൻസ് കോഴ്‌സുകൾ നിർത്തലാക്കിയ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. മക്കളെ വിദേശ പഠനത്തിനയക്കാൻ പലരും വീടുവരെ പണയപ്പെടുത്തുന്നുണ്ട്. കുറെയേറെ കുട്ടികൾ പ്രവേശനം തരപ്പെടുത്തുന്നത് നിലവാരം കുറഞ്ഞ യൂനിവേഴ്സിറ്റികളിലാണ്. അവയിൽ പലതും നമ്മുടെ യൂനിവേഴ്സിറ്റികൾ അംഗീകരിക്കാത്തവയാകയാൽ അവർ നാട്ടിൽ തിരിച്ചെത്തിയാലും പി.എസ്.സി, മറ്റു സർക്കാർ സ്ഥാപനങ്ങൾ, യൂനിവേഴ്സിറ്റികൾ എന്നിവയിൽ തൊഴിൽ നേടാൻ ഉപകരിക്കില്ല ആ ബിരുദവും സർട്ടിഫിക്കറ്റുകളും. ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനവും ലഭിക്കില്ല. പണവും സമയവും അധ്വാനവും ചെലവിട്ടതു മാത്രം ബാക്കി.
20ഉം 25ഉം ലക്ഷം രൂപ ചെലവാക്കാൻ സൗകര്യമില്ലാത്തവർക്കും തൊഴിൽ സാധ്യതയുള്ള ഡിഗ്രി നാട്ടിൽതന്നെ നേടാൻ നാം വഴിയൊരുക്കേണ്ടതില്ലേ? കേരളത്തിൽ തന്നെ ഗുണമേന്മയും തൊഴിൽ സാധ്യതയുമുള്ള ഉന്നത വിദ്യാഭ്യാസമൊരുക്കാൻ നമുക്ക് ബാധ്യതയില്ലേ?
സംസ്ഥാനത്തു പഠനം കഴിഞ്ഞാലും തൊഴിൽ ലഭിക്കുന്നത് അപൂർവം ചിലർക്ക് മാത്രം. സ്വകാര്യ മേഖലയിൽ ജോലിക്കു പ്രതിഫലം നന്നേ കുറവ്. ഗവേഷണ ബിരുദം ഉള്ളവർപോലും മാസം പത്തും പതിനയ്യായിരവും വാങ്ങി ജോലിചെയ്യേണ്ടി വരുന്നു. പഠിപ്പുമുടക്കും ഹർത്താലുകളും ശോചനീയമായ ഭൗതിക സാഹചര്യങ്ങളും വേറെ. നമ്മുടെ കരിക്കുലവും സിലബസും നിലവാരം കുറഞ്ഞവയാണെന്നതാണ് പ്രധാന ആക്ഷേപം. യുവതലമുറയും രക്ഷിതാക്കളും ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അസംതൃപ്തരാണ്.
ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) അടുത്ത അധ്യയന വർഷം കേരളത്തിലും നടപ്പാക്കുകയാണല്ലോ. ഇത് ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയ സംസ്ഥാനം കർണാടകമാണ്. പിന്നീട് ഛത്തിസ്ഗഢും നടപ്പിലാക്കി. വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിൽ പെട്ടതായതുകൊണ്ട് സിലബസ് നിർമാണത്തിൽ സംസ്ഥാനത്തിന് പ്രാദേശികമായി പുതുമകൾ ഉൾപ്പെടുത്താൻ സാധിക്കും. ഇത് ഒരു സാധ്യതയായിക്കണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്ത് നമുക്ക് ഗുണപരമായ മാറ്റങ്ങൾ വരുത്താൻ സാധിക്കണം. കാലത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് നൈപുണ്യ വികസനത്തിലൂന്നിയ കോഴ്‌സുകൾക്കാണ് ഇനി പ്രാധാന്യം നൽകേണ്ടത്. പഠിച്ചിറങ്ങുന്നവർക്ക് തൊഴിൽ ചെയ്യാനുള്ള പരിശീലനം കൂടി ലഭിക്കുക എന്നതാവണം ലക്ഷ്യം. ഇത്തരം കോഴ്‌സുകൾ നടപ്പാക്കാൻ അനുയോജ്യവും പ്രായോഗികവുമായ ചില മാർഗനിർദേശങ്ങൾ ഇവിടെ അവതരിപ്പിക്കുകയാണ്.
2016ൽ കണ്ണൂർ യൂനിവേഴ്സിറ്റിയിൽ ബിരുദാനന്തര മേഖലയിൽ ഇദംപ്രഥമമായി വ്യവസായ ബന്ധിതവും തൊഴിൽ ബന്ധിതവുമായ ഒരു കോഴ്‌സ് വിജയകരമായി നടപ്പാക്കിയിരുന്നു. എം.എസ് സി വുഡ് സയൻസ് ആൻഡ് ടെക്നോളജി (Industry Linked) എന്നതാണ് ഈ കോഴ്സിന്റെ പേര്. (യൂറോപ്യൻ രാജ്യങ്ങളിലെ ചില ആശയങ്ങൾ നേരിൽ സന്ദർശിച്ച് ഇതിനുവേണ്ടി കടമെടുത്തിട്ടുണ്ട്).
ഇതിന്റെ പ്രത്യേകത രണ്ടു വർഷത്തെ പി.ജി കോഴ്സിൽ പകുതി സമയം യൂനിവേഴ്സിറ്റിയിൽ തിയറി പഠിക്കുകയും ബാക്കി പകുതി സമയം വ്യവസായ ശാലയിൽ ആ തിയറി പ്രയോഗിക്കുകയും ചെയ്യുക എന്നതാണ്. രണ്ടു വർഷത്തെ കോഴ്സ് കഴിയുമ്പോൾ വിദ്യാർഥികൾക്ക് രണ്ടു സർട്ടിഫിക്കറ്റുകൾ ലഭിക്കും. ഒന്ന് വൈസ് ചാൻസലർ നൽകുന്ന പി.ജി സർട്ടിഫിക്കറ്റ്, മറ്റേതു വ്യവസായ സ്ഥാപനത്തിന്റെ എം.ഡി നൽകുന്ന രണ്ടുവർഷത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്. നൂറു ശതമാനം ജോലി സാധ്യതയുള്ള കോഴ്‌സ്. ബോർഡ് ഓഫ് സ്റ്റഡീസ് വിദഗ്ധർ ഒരു വർഷത്തേക്കുവേണ്ട സിലബസ് തയാറാക്കുന്നു. ഇത് അക്കാദമിക് കൗൺസിലിൽ പാസാക്കി സിൻഡിക്കേറ്റ് തീരുമാനമെടുക്കുന്നു. ആകെ 12 മൊഡ്യൂളുകൾ. ഒരു ക്ലാസിൽ 24 വിദ്യാർഥികൾ ഉണ്ടെന്നുവെക്കുക. പകുതി പേർ യൂനിവേഴ്സിറ്റിയിൽ തിയറി പഠിക്കുമ്പോൾ മറ്റേ പകുതി വ്യവസായ ശാലയിൽ പരിശീലനത്തിനുപോകും. 12 പേർ യൂനിവേഴ്സിറ്റിയിലും പകുതി പേർ വ്യവസായ ശാലയിലും.
ഒരുമാസത്തെ പരിശീലനത്തിനുശേഷം വിദ്യാർഥികൾ യൂനിവേഴ്സിറ്റിയിലേക്കുമടങ്ങി അടുത്ത മൊഡ്യൂൾ തിയറി പഠനം ആരംഭിക്കും. ഈ സമയം അടുത്ത ബാച്ച് വ്യവസായ ശാലയിലേക്കുപോകും. ഇത് ഒരു സൈക്കിൾ ആയി തുടർന്നുകൊണ്ടേയിരിക്കും. ഒരു സെമസ്റ്ററിൽ മൂന്നു മൊഡ്യൂളുകൾ പഠിച്ചുകഴിഞ്ഞാൽ പരീക്ഷ യൂനിവേഴ്സിറ്റി നടത്തും. ഓരോ മൊഡ്യൂൾ തിയറി ഒരുമാസം കൊണ്ട് തീർക്കണം. അതുകഴിഞ്ഞാൽ ആ ബാച്ച് നേരെ വ്യവസായ ശാലയിലേക്ക്. വ്യവസായ ശാലയിൽ പ്രവർത്തന സമയം രാവിലെ ഒമ്പതു മണി മുതൽ വൈകീട്ട് നാലുമണി വരെ. അവിടെ വിദ്യാർഥികളുടെ മേൽനോട്ടം വഹിക്കാൻ ഒരു അധ്യാപകനെ യൂനിവേഴ്സിറ്റി നിയോഗിക്കുന്നു. മറ്റു തൊഴിലാളികൾക്കൊപ്പം വിദ്യാർഥികൾക്കു നേരിട്ട് യന്ത്രങ്ങൾ ഉപയോഗിച്ച് പ്രായോഗിക പരിശീലനം നൽകുന്നു. അവിടെ ജോലി ചെയ്തതിനു വ്യവസായശാല മാസം 5000 രൂപ വീതം ഓരോ വിദ്യാർഥിക്കും പ്രതിഫലം നൽകുന്നു. ഇതിനു യൂനിവേഴ്‌സിറ്റിയും വ്യവസായ ശാലയും തമ്മിൽ മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് ഒപ്പുവെക്കുന്നു. കോഴ്സ് കഴിയുമ്പോഴേക്കും ഓരോ വിദ്യാർഥിയും ആ മേഖലയിൽ പൂർണ നൈപുണ്യം നേടിയിരിക്കും. ഇത് കേരളത്തിലെ എല്ലാ യൂനിവേഴ്സിറ്റികളിലും മിക്ക പി.ജി കോഴ്‌സുകളിലും നടപ്പാക്കാവുന്നതാണ്. യൂനിവേഴ്സിറ്റി തീരുമാനിച്ചാൽ ക്രമേണ കോളജുകളിലും ആരംഭിക്കാം.
പി.ജി ജേണലിസം ആണെങ്കിൽ വിദ്യാർഥികൾക്ക് എല്ലാ ദിവസവും രാവിലെ യൂനിവേഴ്സിറ്റിയിൽ തിയറികഴിഞ്ഞ് ഉച്ചക്കുശേഷം ദൃശ്യ മാധ്യമ, പത്രസ്ഥാപനങ്ങളിൽ പരിശീലനം നേടാം. റിപ്പോർട്ട് എഴുതാനും വാർത്ത വായിക്കാനും അഭിമുഖം നടത്താനും അവിടെനിന്ന് പരിശീലിക്കാം. മാസ പ്രതിഫലം യൂനിവേഴ്‌സിറ്റിയും പത്രസ്ഥാപനവും തീരുമാനിച്ചാൽ മതി. പ്രതിഫലം വേണ്ടെങ്കിൽ അങ്ങനെയും തീരുമാനിക്കാം. യൂനിവേഴ്സിറ്റികൾക്കും അതോടൊപ്പം പത്ര, ദൃശ്യ മാധ്യമങ്ങൾക്കും ഒരുപോലെ നേട്ടം. ട്രാവൽ ആൻഡ് ടൂറിസം മേഖലയിലുള്ളവർക്ക് ടൂറിസം, ട്രാവൽ ഏജൻറുമാരുമായി കരാർ ഒപ്പിട്ടു പഠനം തുടങ്ങാം. കോമേഴ്‌സ് വിഷയമാണെങ്കിൽ ഉച്ചക്കുശേഷം അവർക്ക് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫിസുകളിൽ പരിശീലനം നേടാം.
കെമിസ്ട്രി ആണെങ്കിൽ മരുന്ന് നിർമാണ കമ്പനികളിലേക്കോ മറ്റു രാസവസ്തു നിർമാണ കമ്പനികളിലേക്കോ പോകാം. ഫിസിക്സ് വിഷയത്തിലുള്ളവർക്ക് ട്രാൻസിസ്റ്റർ നിർമാണം പോലെയുള്ള മേഖലകളിലേക്ക് ചേക്കേറാം. കമ്പ്യൂട്ടർ മേഖലയിലുള്ളവർക്ക് അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ജോലി ചെയ്യാം. ആർട്സ് വിഷയങ്ങളിലും ഭാവനക്കനുസരിച്ച് അവസരങ്ങളുണ്ടാക്കി ലിങ്ക് ചെയ്യാൻ സാധിക്കും. വ്യത്യസ്ത കോഴ്‌സുകൾക്ക് വ്യത്യസ്ത രീതിയിലുള്ള സമയഘടന യൂനിവേഴ്സിറ്റികൾക്കു തീരുമാനിക്കാം. എല്ലാ ദിവസവും രാവിലെ തിയറിയും ഉച്ചക്ക് പ്രാക്ടിക്കലും. അല്ലെങ്കിൽ ഒരുമാസം തുടർച്ചയായി തിയറിയും അടുത്ത ഒരു മാസം പ്രാക്ടിക്കലും. ഇതിൽ ഏതു വേണമെങ്കിലും ആവാം. ഇതിനു അധികൃതർ, പ്രത്യേകിച്ച് വി.സിമാർ അല്പം മെനക്കെടേണ്ടിവരുമെന്നുമാത്രം.
നമ്മുടെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം ഭൂരിഭാഗവും നൽകപ്പെടുന്നത് കോളജുകളിലാണ്. കോഴ്‌സുകൾ രൂപകൽപന ചെയ്യാൻ കോളജുകൾക്ക് അധികാരമില്ലാത്തതിനാൽ ഈ പ്രതിസന്ധി പരിഹരിക്കാനുള്ള പോംവഴി സംസ്ഥാനത്ത് പുതിയ സ്വകാര്യ സർവകലാശാലകൾ കൂടി ആരംഭിക്കുക തന്നെയാണ്. അതുവരെ ഇത്തരം കോഴ്‌സുകൾ കേരളത്തിലെ ജനറൽ യൂനിവേഴ്സിറ്റികളിൽ നടത്തണം. പുതിയ സ്വകാര്യ സർവകലാശാലകൾ തുടങ്ങാനുള്ള സർക്കാർ തീരുമാനം നടപ്പിലായാൽ സ്വകാര്യ യൂനിവേഴ്സിറ്റികൾക്ക് ഇതുപോലെയുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകൾ ആരംഭിക്കാൻ തടസ്സമുണ്ടാകില്ല. നിലവിലുള്ള സംസ്ഥാന യൂനിവേഴ്സിറ്റികൾക്ക് യഥാവിധി ഇപ്പോൾ തന്നെ വ്യവസായം, കൃഷി, സേവനാധിഷ്ഠിത കോഴ്‌സുകൾ ആരംഭിക്കുകയും ചെയ്യാം. ഇത്തരം കോഴ്‌സുകൾക്ക് ജോലിസാധ്യത ഏറെയാണ്. പഠിതാക്കൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് പഠിക്കുകയുമാവാം.
ജർമനിയിൽ കോഴ്‌സുകളിലേക്ക് അഡ്മിഷൻ നടത്തുന്നത് മൾട്ടിനാഷനൽ കമ്പനികളാണ്. ആദ്യം ഇന്റർവ്യൂ, പിന്നെ ടെസ്റ്റ്. അതിനുശേഷം മാത്രം അഡ്മിഷൻ. കോഴ്സ് കഴിയുമ്പോൾ ആ കമ്പനിയിൽതന്നെ വേണമെങ്കിൽ ജോലി ലഭിക്കും. ശമ്പളം അവരവരുടെ നൈപുണ്യം പോലെ. സമരമില്ല, ഘെരാവോ ഇല്ല, പണിമുടക്കില്ല. എല്ലാവരും തൃപ്തർ. ഓർക്കുക, മാറ്റമില്ലാത്തതു മാറ്റത്തിനു മാത്രം. ഒരു മാറ്റം നമുക്കും വേണ്ടേ?
drkhadermangad@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.