അഞ്ചു നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയ പഞ്ചാബിൽ അതിന്റെ ഉത്തരവാദിത്തം ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി ഏറ്റെടുത്തത് വെറുതെയല്ല. അതു രാഹുൽ ഗാന്ധിയെ രക്ഷിക്കാനുമായിരുന്നില്ല. തന്നോട് ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്നതുകൊണ്ടാണ് അഴിമതിയിൽ മുങ്ങിക്കുളിച്ചിട്ടും ക്യാപ്റ്റൻ അമരീന്ദറിനെ രാജിവെപ്പിക്കാൻ വൈകിയത് എന്ന സോണിയയുടെ കുറ്റസമ്മതംതന്നെയായിരുന്നു അത്. വൈകി രാജിവെച്ച ക്യാപ്റ്റന് പകരം രാഹുൽ ഗാന്ധി ചരൺജിത് സിങ് ചന്നിയെ കൊണ്ടുവരുക കൂടി ചെയ്തതോടെയാണ് ഗാന്ധി കുടുംബത്തിന്റെ ഉപദേശകർ പഞ്ചാബ് കളഞ്ഞുകുളിച്ചതെന്ന് മുതിർന്ന പഞ്ചാബി മാധ്യമപ്രവർത്തകർ തെരഞ്ഞെടുപ്പ് വേളയിൽതന്നെ പറഞ്ഞിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തകൻ ഐ.പി സിങ് കോൺഗ്രസ് പഞ്ചാബിൽ കാണിച്ച വിഡ്ഢിത്തങ്ങൾ അന്ന് അക്കമിട്ട് നിരത്തി.
പഞ്ചാബിൽ കോൺഗ്രസ് കാണിച്ച വിഡ്ഢിത്തങ്ങൾ
രണ്ടു വർഷം മുമ്പ് എങ്കിലും ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് കോൺഗ്രസ് പുറത്താക്കേണ്ടതായിരുന്നെങ്കിലും അതു ചെയ്തില്ല എന്നതാണ് ആദ്യവിഡ്ഢിത്തം. ഒടുവിൽ 11മാസം മാത്രം ബാക്കി നിൽക്കേ ക്യാപ്റ്റൻ രാജിവെച്ചപ്പോൾ പകരം അഴിമതി ആരോപണങ്ങൾ തൊട്ടുതീണ്ടാത്ത മികച്ച പ്രതിച്ഛായയുള്ള നവ്േജ്യാത് സിങ് സിദ്ദുവിനെയോ, സുനിൽ ഝാക്കറെയോ പോലെ ഒരാളെ മുഖ്യമന്ത്രിയാക്കി പുതിയ മന്ത്രിസഭയിലൂടെ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരുമെന്ന് പഞ്ചാബികൾ പ്രതീക്ഷിച്ചു. അതിനു മുതിരാതെ അഴിമതിക്കാരനായ ചരൺജിത് സിങ് ചന്നിയെ കൊണ്ടുവന്നതായിരുന്നു രണ്ടാമത്തെ വിഡ്ഢിത്തം. അത് ദലിത് കാർഡ് ഇറക്കിയതാണെന്ന് വെച്ചാലും ക്യാപ്റ്റനൊപ്പം അഴിമതി നടത്തി ജനരോഷം ഏറ്റുവാങ്ങിയവരെ എല്ലാം മാറ്റി പകരം പുതിയ മന്ത്രിമാർ വരേണ്ടതായിരുന്നു. എന്നാൽ, ക്യാപ്റ്റന്റെ വലംകൈകൾ ആയവർ അടക്കം അഴിമതിക്കാരെതന്നെ വീണ്ടും വെച്ച് പഞ്ചാബികളുടെ ക്ഷമ പരീക്ഷിച്ചതായിരുന്നു മൂന്നാമത്തെ വിഡ്ഢിത്തം.
ക്യാപ്റ്റനെ വിശ്വസിച്ച് തുടരാൻ അനുവദിച്ച് സോണിയ ചെയ്ത തെറ്റ് തിരുത്താൻ മകൻ രാഹുൽ ഗാന്ധിക്ക് കിട്ടിയ അവസരം കളഞ്ഞുകുളിച്ചത് ഗാന്ധികുടുംബത്തോട് അടുപ്പമുള്ള മറ്റൊരു പഞ്ചാബി നേതാവായ അംബികാ സോണിയുടെ ഉപദേശം കേട്ടാണെന്ന് പറഞ്ഞത് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടർ മൻദീപ് സിങ് ബ്രാർ ആണ്. കോൺഗ്രസ് പ്രവർത്തകരുടെ വികാരം എന്തെന്ന് താഴെ തട്ടിൽനിന്ന് അറിയാൻ വഴിയൊരുക്കാതെ സിദ്ദുവിനോടും ഝാക്കറിനോടുമുള്ള വിരോധം മൂലം ചന്നിയെ മുഖ്യമന്ത്രിയാക്കാനും അഴിമതിക്കാരായ മന്ത്രിമാരെ നിലനിർത്താനും രാഹുൽ ഗാന്ധിയെകൊണ്ട് തീരുമാനമെടുപ്പിച്ചത് അംബികാ സോണിയാണ് എന്ന് ബ്രാർ പറഞ്ഞിരുന്നു. അടുപ്പക്കാരെ വിശ്വസിച്ച് ഗാന്ധി കുടുംബം കൈക്കൊണ്ട തീരുമാനമാണ് പഞ്ചാബിൽ പാർട്ടിയെ ഇത്തരമൊരു അവസ്ഥയിൽ എത്തിച്ചത്. അംബികാ സോണി കഴിഞ്ഞാൽ രണ്ടാമത്തെ ഉത്തരവാദി പഞ്ചാബിന്റെ ചുമതലയുണ്ടായിരുന്ന ഹരീഷ് റാവത്ത് ആണ്. ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായ റാവത്ത് പഞ്ചാബിനൊപ്പം ഉത്തരാഖണ്ഡും കളഞ്ഞുകളിച്ചു.
കിട്ടിയ തക്കത്തിന് കലാപം ഉയർത്തിയവർ
തെരഞ്ഞെടുപ്പ് തോൽവിയിൽ ഗാന്ധി കുടുംബത്തിന് ചുറ്റിലുമുള്ളവരെ പ്രതിസ്ഥാനത്തു നിർത്തി ഒരു പറ്റം നേതാക്കൾ കലാപക്കൊടി ഉയർത്തുന്നത് ഈ സാഹചര്യത്തിലാണ്. കോൺഗ്രസിന്റെ തുടർച്ചയായ തോൽവികൾ ഉയർത്തിക്കാണിച്ച് പാർട്ടിയുടെ നയരൂപവത്കരണ വേദികളിലും നേതൃപദവികളിലും തങ്ങളുടെ പങ്കാളിത്തത്തിന് ശ്രമിക്കുന്ന ഈ കൂട്ടത്തെ നയിക്കുന്നത് 2014ലെ പൊതുതെരഞ്ഞെടുപ്പിൽ രണ്ടാം യു.പി.എ സർക്കാറിനെ പരാജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മുൻ കേന്ദ്ര മന്ത്രിമാരാണ് എന്നതാണ് ഏറെ കൗതുകകരം. രണ്ടാം യു.പി.എ കാലത്ത് മന്ത്രാലയങ്ങൾ സ്വന്തം സാമ്രാജ്യങ്ങളാക്കി തന്നിഷ്ടം കാണിച്ച് അഹങ്കാരത്തിന്റെ പ്രതീകങ്ങളായി മാറി പ്രവർത്തകരെയും നേതാക്കളെയും ഒരുപോലെ വെറുപ്പിച്ച നേതാക്കൾ ഈ കൂട്ടത്തിലുണ്ട്. പാർട്ടിക്ക് തങ്ങൾ സമ്മാനിച്ച തോൽവിയുടെ കൂട്ടുത്തരവാദിത്തം പോലും കപിൽ സിബലും, ഗുലാം നബിയും, ആനന്ദ് ശർമയും, ശശി തരൂരും അടക്കമുള്ളവർ സ്വയം ഏറ്റെടുത്തിട്ടില്ല. എന്നാൽ, മന്ത്രിസഭയിൽ പ്രാതിനിധ്യം ഇല്ലാതിരുന്നിട്ടും പാർട്ടിയെ നയിക്കുന്നവർ എന്ന ഒരേ ഒരു കാരണത്താൽ 2014ലെ തോൽവിയുടെ ഉത്തരവാദിത്തവും ഗാന്ധി കുടുംബത്തിന് മേൽ വന്നുചേർന്നു.
വിമത കൂടാരത്തിലെ കൗതുകക്കാഴ്ചകൾ
രാഷ്ട്രീയമോഹങ്ങൾ ലക്ഷ്യം വെച്ച് കരുനീക്കുന്നവരാണ് ജി-23ലെ ഭൂരിഭാഗവും എന്നതാണ് അതിന്റെ ദൗർബല്യം. തീവ്രഹിന്ദുത്വ വാദിയായിരിക്കേ ബി.ജെ.പിയിൽനിന്ന് കോൺഗ്രസിലേക്ക് ചാടി പിന്നീട് രണ്ടു തവണ സ്വന്തം പാർട്ടിയുണ്ടാക്കി ഏറ്റവുമൊടുവിൽ എൻ.സി.പിയിൽ ചേക്കേറിയ ശങ്കർ സിങ് വഗേല എന്ന മുൻ ഗുജറാത്ത് മുഖ്യമന്ത്രിയാണ് 'ജി 23' കൂടാരത്തിലെ അവസാനത്തെ കൗതുകക്കാഴ്ച. വഗേലക്ക് തൊട്ടുമുമ്പ് കൂടാരത്തിലെത്തിയ ഹരിയാന പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിങ് ഹൂഡക്ക് തന്റെ എതിരാളി കുമാരി ഷെൽജയെ മാറ്റി സ്വന്തം മകനെ ഹരിയാന പി.സി.സി പ്രസിഡന്റാക്കിയാൽ മതി. രാജ്യസഭ കാലാവധി തീരാറായ ആനന്ദ് ശർമക്കും കപിൽ സിബലിനും അതൊന്ന് പുതുക്കി കിട്ടുന്നതിൽ പരം മോഹങ്ങെളാന്നുമില്ല. കോൺഗ്രസിനെ വെല്ലുവിളിക്കാൻ മാത്രം എന്തുപിന്തുണയാണ് പി.ജെ. കുര്യന് കേരളത്തിലും ഗുലാം നബിക്ക് ജമ്മു-കശ്മീരിലും ഉള്ളതെന്ന് എല്ലാവർക്കും അറിയും. ഹൂഡയെ ഒഴിച്ച് നിർത്തിയാൽ കോൺഗ്രസിനെ വെല്ലുവിളിച്ച് ഒറ്റക്ക് മത്സരിച്ച് ജയിക്കാനുള്ള കെൽപ് ശശി തരൂരിന് പോലുമില്ല.
ഗാന്ധി കുടുംബത്തിന് പിന്നിലെ ഇടതു സ്വാധീനം
ഗാന്ധി കുടുംബത്തിന് ചുറ്റിലുമുള്ള വിശ്വസ്തരായ കോൺഗ്രസ് നേതാക്കളെപോലെ കോൺഗ്രസിന്റെ തോൽവിയുടെ പ്രതിസ്ഥാനത്ത് ഇപ്പോൾ നിർത്തുന്നവരിൽ രാഹുലിന്റെയും പ്രിയങ്കയുടെയും ഓഫിസുകളിലെ ചില ഇടത് ആക്ടിവിസ്റ്റുകളുമുണ്ട്. ജവഹർലാൽ നെഹ്റു സർവകലാശാലയിൽ തീവ്ര ഇടത് രാഷ്ട്രീയം പയറ്റിയ പലരും ഇരുവരുടെയും ഓഫിസുകളിൽ ചേക്കേറിയതു മൂലം കോൺഗ്രസുകാർക്ക് പാർട്ടിയിലുള്ള സ്വാധീനം നഷ്ടപ്പെട്ടെന്നും കോൺഗ്രസിന്റെ നിലപാടുകളും രാഹുലിന്റെ പ്രസംഗങ്ങളും ഇടതുപക്ഷത്തിന്റേതായി മാറുകയും ചെയ്തെന്നും മോദിക്കെതിരായ നെഗറ്റിവ് കാമ്പയിൻ വിപരീതഫലം സൃഷ്ടിക്കുന്നെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
മോദിയും കോർപറേറ്റുകളും തമ്മിൽ രൂഢമൂലമായ ചങ്ങാത്ത മുതലാളിത്തത്തെ തുറന്നുകാണിക്കുകയും ആർ.എസ്.എസിനെ കടന്നാക്രമിക്കുകയും രാഹുൽ ഗാന്ധി ചെയ്യുന്നത് സ്വന്തം ബോധ്യത്തിൽ അല്ലെന്നും ആരെങ്കിലും എഴുതികൊടുത്തിട്ടാണെന്നും പറയുന്നത് അതിശയോക്തിപരമാണ്.
അതേസമയം, കോൺഗ്രസിനുള്ളിൽ പല നേതാക്കളും മൃദുഹിന്ദുത്വ നിലപാട് എടുക്കുന്നതിലോ തീവ്ര ഹിന്ദുത്വ പാത സ്വീകരിച്ച് ബി.ജെ.പിയിലേക്ക് മറുകണ്ടം ചാടുന്നതിലോ ഗാന്ധി കുടുംബത്തിലെ ഇടതു സ്വാധീനത്തെകുറിച്ച് വിമർശിക്കുന്നവർക്ക് പരാതിയുമില്ല.
അടിത്തട്ടിലെ സ്പന്ദനങ്ങൾ അറിയാതെ ഗാന്ധി കുടുംബം
തങ്ങളുടെ ചുറ്റിലുമുള്ളവർ പറയുന്നതിനപ്പുറത്ത് ഓരോ സംസ്ഥാനത്തെയും വസ്തുതകൾ മനസ്സിലാക്കുന്നതിൽ പാർട്ടിനേതൃത്വം പരാജയപ്പെട്ടു എന്ന പരസ്യമായ കുറ്റസമ്മതമാണ് അമരീന്ദറിനെ മാറ്റാനുള്ള കാലതാമസത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിലൂടെ സോണിയ ചെയ്തത്.
അമരീന്ദറിനെ സോണിയ വിശ്വസിച്ചതുപോലെ അംബികാ സോണിയെയും ഹരീഷ് റാവത്തിനെയും രാഹുലും വിശ്വസിച്ചു. ഇന്ദിര ഗാന്ധി ചെയ്തിരുന്നപോലെ മുന്നിലുള്ള നേതാക്കൾ ധരിപ്പിക്കുന്നതിനപ്പുറം ഓരോ സംസ്ഥാനത്തിന്റെയും ശരിയായ സ്പന്ദനം നേരിട്ട് ചോദിച്ച് അറിയാനുള്ള ഒരു സമാന്തര സംവിധാനം സൃഷ്ടിച്ചെടുക്കുന്നതിൽ ഗാന്ധി കുടുംബം പരാജയപ്പെട്ടു.
ചുറ്റിലുമുള്ള നേതാക്കൾ പറയുന്നത് മുഖവിലയ്ക്കെടുക്കാൻ കഴിയാത്തതുകൊണ്ടാണ് പ്രഫഷനൽ ഏജൻസികളെ ഉപയോഗിക്കുന്ന ബി.ജെ.പിയുടെ സർവേ രീതി രാഹുൽ ഗാന്ധി പരീക്ഷിച്ചുനോക്കിയത്. അവയും കോൺഗ്രസിനെ നന്നായി കബളിപ്പിച്ചു എന്നാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പറയുന്നത്. താഴെ തട്ടിലുള്ളവരുമായി നേരിട്ടുള്ള ആശയവിനിമയത്തിന് ഗാന്ധി കുടുംബത്തിന് സമാന്തരമായ ഒരു ചാനലില്ലാത്തതുപോലെ മറുഭാഗത്ത് ചുറ്റിലുമുള്ള ഏതാനും പേർ കനിയാതെ നേതാക്കൾക്കുപോലും ഗാന്ധി കുടുംബത്തോട് സംവദിക്കാൻ ഒരു വഴിയുമില്ല. ഈ വിടവ് ഓരോ തെരഞ്ഞെടുപ്പിനു ശേഷവും വലുതായി വരുകയാണ്. ആ വിടവ് നികത്തി പാർട്ടിയുടെ അടിത്തട്ടിൽനിന്നുള്ള സ്പന്ദനം അറിയാനുള്ള ബദൽ സംവിധാനങ്ങൾ ഇനിയുമൊരുക്കാതെ നടത്തുന്ന ചിന്തൻ ശിബിറുകൾ കോൺഗ്രസിന്റെ പ്രതിസന്ധിക്ക് പരിഹാരമാവില്ല. അതല്ലെങ്കിൽ ചുറ്റിലുമുള്ളവരാൻ വീണ്ടും കബളിപ്പിക്കപ്പെടാനായിരിക്കും ഗാന്ധി കുടുംബത്തിന്റെ വിധി.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.