രഹസ്യാന്വേഷണ വിവരങ്ങളുടെ കാര്യത്തിൽ പണ്ടേ വിശ്വസിക്കാൻ കൊള്ളാത്തവരാണ് യു.എസ് ഭരണകൂടം. ഇറാഖിന്റെ പക്കൽ കൂട്ട നശീകരണായുധങ്ങളുണ്ടെന്ന് ആരോപിച്ച് ഐക്യരാഷ്ട്രസഭയിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവൽ നടത്തിയ പ്രകടനം ഓർത്തുനോക്കൂ
ഞങ്ങളുടെ ആദ്യ കുഞ്ഞിനെ ഗർഭംധരിച്ച വേളയിൽ എന്റെ പത്നി എനിക്കൊരു പുസ്തകം തന്നു. ശ്വാസകോശമാണ് കുഞ്ഞുങ്ങളുടെ ശരീരത്തിൽ അവസാനമായി വികസിക്കുകയെന്ന് ആ പുസ്തകത്തിൽനിന്നാണ് ഞാനറിയുന്നത്, അതുകൊണ്ടാണ് മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ ഇൻക്യുബേറ്ററിൽ സൂക്ഷിക്കേണ്ടിവരുന്നത്.
ഏതാനും ആഴ്ചകൾ മുമ്പ് ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ ഇസ്രായേലി ഭീകരത അരങ്ങുതകർക്കവെ ഈ കാര്യം എന്റെ മനസ്സിൽ വന്നു. നവജാത ശിശുക്കൾക്കായുള്ള തീവ്രപരിചരണ വിഭാഗത്തിൽനിന്ന് ഒഴിപ്പിച്ച് ഫോയിൽകൊണ്ട് പൊതിഞ്ഞ രണ്ടു കിടക്കകളിലേക്ക് മാറ്റിക്കിടത്തിയ, മാസം തികയാതെ പിറന്ന 39 കുഞ്ഞുങ്ങളുടെ അവസ്ഥ എന്നെ സ്തബ്ധനാക്കി. അവർക്ക് ശ്വാസംമുട്ടുന്നതും പതിയെ മരണത്തിലേക്കു നീങ്ങുന്നതും മരിക്കുന്നതും എന്റെ മനസ്സിൽ വന്നു.
ആശുപത്രി ജീവനക്കാരെയും രോഗികളെയും ഇസ്രായേൽ സൈന്യം ആട്ടിയോടിച്ചു വിട്ടതിനെത്തുടർന്ന് ആളൊഴിഞ്ഞുകിടന്ന അൽനാസർ പീഡിയാട്രിക് ഹോസ്പിറ്റലിൽ പേരില്ലാത്ത അഞ്ചു ശിശുക്കളുടെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തി എന്ന വാർത്ത വന്നത് അതിനുശേഷമാണ്. ആരും അരികിലില്ലാതെ കൊടുംതണുപ്പിലും ഭീതിയിലും ആ കുഞ്ഞുമക്കൾ മരിച്ച രംഗം എന്റെ മനസ്സിൽ വന്നു.
ഈ ദൃശ്യങ്ങളും വിഡിയോകളുമെല്ലാം ബൈഡൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരിൽ പലരും കണ്ടിട്ടുണ്ടാവുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. അത് കണ്ട് അവരിൽ പലരും പേടിച്ചരണ്ടുപോയിട്ടുമുണ്ടാവണം. ഈ ഭീകരാവസ്ഥയെയും അതിനിടയാക്കിയതിൽ അവർക്കുള്ള സജീവമായ പങ്കിനെയുംകുറിച്ചുള്ള അവബോധമാകണം രഹസ്യാന്വേഷണ വിവരങ്ങൾ കെട്ടിച്ചമക്കുന്നതിനും പെരുംനുണകൾ പറയുന്നതിനും അവരെ പ്രേരിപ്പിക്കുന്നതെന്നും ഞാൻ വിശ്വസിക്കുന്നു.
എന്നാൽ, ഇസ്രായേൽ തയാറാക്കുന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ ശ്രമത്തിനു പിന്നിൽ മറ്റുപല ഘടകങ്ങളും പ്രവർത്തിക്കുന്നു: യുദ്ധങ്ങളിലും വംശഹത്യയിലും അതിശക്തമായ ആയുധമാണ് വ്യാജവിവരങ്ങൾ. രഹസ്യാന്വേഷണ വിവരങ്ങളുടെ കാര്യത്തിൽ പണ്ടേ വിശ്വസിക്കാൻ കൊള്ളാത്തവരാണ് യു.എസ് ഭരണകൂടം. 2003ൽ ഇറാഖിന്റെ പക്കൽ കൂട്ട നശീകരണായുധങ്ങളുണ്ടെന്ന് ആരോപിച്ച് അതിന് തെളിവായി ഐക്യരാഷ്ട്രസഭയിൽ വെളുത്തപൊടി അടങ്ങിയ ഒരു കുപ്പി ഹാജരാക്കിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവൽ നടത്തിയ അതിഹീനമായ പ്രകടനം ഓർത്തുനോക്കൂ.
യുദ്ധത്തിന്റെ കാര്യങ്ങളിൽ, മോശമായ അവതരണവും പാതിമനസ്സോടെയുള്ള പറച്ചിലും മതിയായേക്കും. പവലിന്റെ കോമാളിത്തരങ്ങൾ ആരെയും കബളിപ്പിച്ചില്ല, എന്നാൽ വരാനിരിക്കുന്ന ദുരന്തത്തിൽനിന്ന് ശ്രദ്ധതിരിക്കാൻ അയാളുടെ ആ അവതരണം പര്യാപ്തമായിരുന്നു.
കാലക്രമേണ നമ്മൾ കാര്യങ്ങൾ മനസ്സിലാക്കി: ഇറാഖിൽ കൂട്ടനശീകരണ ആയുധങ്ങളൊന്നുമുണ്ടായിരുന്നില്ല. 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണവുമായി സദ്ദാം ഹുസൈന് ഒരു ബന്ധവുമുണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്നത് ബ്രിട്ടീഷ്-അമേരിക്കൻ ചാരന്മാർ ചുട്ടെടുത്ത യുറേനിയം യെല്ലോ കേക്ക് മാത്രമാണ്.
ഇറാഖിനെക്കുറിച്ച് അവർ പറഞ്ഞ നുണകളും പുതിയ കാര്യമല്ല; പൊതുബോധം രൂപപ്പെടുത്തുന്നതിന് യു.എസ് ഭരണകൂടം രൂപകൽപന ചെയ്യുന്ന വ്യാജങ്ങളുടെ പരമ്പരയിലെ മറക്കാനാവാത്ത മറ്റൊരു ഉദാഹരണം മാത്രമായിരുന്നു പവലിന്റെ പറച്ചിലുകൾ.
ഒരുപക്ഷേ ഇത്തരത്തിലെ ഏറ്റവും കുപ്രസിദ്ധമായ സംഭവം 1964ൽ വിയറ്റ്നാം തീരത്ത് നടന്നതാണ്. വടക്കൻ വിയറ്റ്നാമീസ് സൈന്യവുമായുള്ള വെടിവെപ്പിനെക്കുറിച്ചൊരു കഥ അന്ന് അമേരിക്ക കെട്ടിച്ചമച്ചുവിട്ടു. ആഭ്യന്തരമായി ആ യുദ്ധം വ്യാപിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അത് ഫലംകണ്ടു, വിയറ്റ്നാമിലെ ദശലക്ഷക്കണക്കിന് സാധാരണക്കാർ ഒരു ലക്ഷ്യവുമില്ലാതെ നടന്ന സംഘർഷങ്ങളിൽ കൊല്ലപ്പെട്ടു.
ഇന്ന്, പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ ഉപദേശകരും നമ്മോട് പച്ചക്കള്ളങ്ങൾ പറയുകയാണ്. ഗസ്സയിലെ അൽശിഫ ആശുപത്രിക്കു താഴെ ഹമാസ് സൈനികകേന്ദ്രം ഉണ്ടെന്ന് സൂചിപ്പിക്കുന്ന സ്വതന്ത്ര രഹസ്യാന്വേഷണ വിവരം ലഭിച്ചതായി അവർ അവകാശപ്പെടുന്നു. ബൈഡൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു, ‘‘ഹമാസ് അവരുടെ ആസ്ഥാനവും, അവരുടെ സൈന്യവും ഒരു ആശുപത്രിക്കു താഴെ സജ്ജമാക്കി എന്നതാണ് ആദ്യത്തെ യുദ്ധക്കുറ്റം. അതൊരു വസ്തുതയാണ്. അതാണ് സംഭവിച്ചത്’’-തീർച്ചയായും, അത് ഇല്ലാത്ത കാര്യമായിരുന്നു. പലരും പ്രസിഡന്റ് പറയുന്നത് വിശ്വസിക്കുന്നില്ല. എന്നിരിക്കിൽപോലും വ്യാജവിവരങ്ങൾ അവ പ്രചരിപ്പിക്കുന്ന ആളുകളുടെ വീക്ഷണകോണിൽനിന്ന് ഫലപ്രദമായ ലക്ഷ്യം നിറവേറ്റുന്നുണ്ട്.
സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ധാരണകളെ മലീമസമാക്കുന്നു വ്യാജപ്രചാരണങ്ങൾ. ഒരു ബ്രേക്കിങ് ന്യൂസ് കിട്ടിയാൽ അത് കവർ ചെയ്യാൻ നിർബന്ധിതരാകുന്നു നമ്മുടെ മാധ്യമങ്ങൾ, ഭരണകൂടകേന്ദ്രങ്ങൾ ഔദ്യോഗികമായി അത് ചെയ്യുമ്പോൾ ആധികാരിക വിവരങ്ങളായി അവ ഗണിക്കപ്പെടുന്നു. പ്രസിഡന്റ് പദവിയോടുള്ള ആദരവ് ആഴത്തിൽ വേരൂന്നിയതാണ്, അതനുസരിച്ച് പ്രസിഡന്റ് പറയുന്നതെന്തും വാർത്താപ്രാധാന്യമുള്ളവയാണ്.
പദവിയോടുള്ള ആദരവും വാർത്തയുടെ ഉറവിടമെന്ന നിലയിൽ പ്രസിഡന്റിനുള്ള പ്രാധാന്യവും കൂടിച്ചേരുമ്പോൾ, വ്യാപകമായി പ്രക്ഷേപണം ചെയ്യപ്പെടുന്ന ആ നുണകൾ നേരിട്ട് ചോദ്യംചെയ്യപ്പെടാനുള്ള സാധ്യത കുറയുന്നു. ആ നുണകളെ ആരെങ്കിലും പിന്നീട് ചോദ്യംചെയ്യുകയാണെങ്കിൽപ്പോലും അവ വേണ്ടത്ര വാർത്താപ്രാധാന്യമുള്ളവയായി കണക്കാക്കപ്പെടാറില്ല.
ആശയക്കുഴപ്പങ്ങളും വ്യാജവിവരങ്ങളും വിതക്കുന്നതിലൂടെ, അതിക്രമങ്ങൾ സംബന്ധിച്ച വോട്ടർമാരുടെ തിരിച്ചറിവിന്റെയും എതിർപ്പിന്റെയും ശക്തി കുറക്കുന്നു പ്രസിഡന്റ്. അതുവഴി ജനാധിപത്യത്തിന്റെ ഉത്തരവാദിത്ത സംവിധാനങ്ങളിൽനിന്ന് നയരൂപവത്കരണത്തെ വേർപെടുത്താൻ വ്യാജവിവരങ്ങൾ ഉപയോഗിക്കപ്പെടുന്നു.
എന്നാൽ, വ്യാജവിവരങ്ങളുടെ ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല എന്നാണ് സൂചനകൾ. തെക്കൻ ഗസ്സ മുനമ്പിലെ ഖാൻ യൂനുസിലും റഫയിലും കൂടുതൽ അതിക്രമങ്ങൾക്ക് ഇസ്രായേലി നേതാക്കൾ അടിത്തറ പാകാൻ ശ്രമിക്കുമ്പോഴും അൽശിഫയിലെ ശ്വാസംകിട്ടാതെ മരിച്ച കുഞ്ഞുങ്ങൾ നമ്മുടെ മനസ്സിലുണ്ടായിരുന്നു. ഇപ്പോൾ, അവർ ഗസ്സയിലെ 36 ആശുപത്രികളും നശിപ്പിച്ചു, അൽശിഫയും അൽനാസർ പീഡിയാട്രിക് ആശുപത്രിയും ഇപ്പോഴും നമ്മുടെ മനസ്സിലുണ്ട്.
ഇപ്പോൾ, ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച വംശഹത്യാ ആരോപണത്തിലേക്ക് ലോകം ശ്രദ്ധയൂന്നുമ്പോൾ അൽശിഫയെക്കുറിച്ച് പറഞ്ഞ കള്ളങ്ങളെ കൂടുതൽ ശക്തിയോടെ അവതരിപ്പിക്കാനായി പുതിയ ‘രഹസ്യാന്വേഷണ വിവരങ്ങൾ’ പുറത്തിറക്കുന്നു വൈറ്റ് ഹൗസ്. അതിന്റെ പിന്നിലെ ലക്ഷ്യമെന്തെന്ന് വ്യക്തമല്ല, എന്നാലും ഓടിപ്പഴകിയ ആ പഴയ കഥാപുസ്തകം ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതായി കാലം സൂചിപ്പിക്കുന്നു.
(ഫലസ്തീനി-അമേരിക്കൻ എഴുത്തുകാരനായ ലേഖകൻ സാഖി ബുക്സ് പുറത്തിറക്കിയ After Zionism: One State for Israel and Palestine എന്ന പുസ്തകത്തിന്റെ എഡിറ്റർമാരിൽ ഒരാളാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.