മുഖ്യമന്ത്രിയുടെ നവകേരള ഗവേഷണ ​ഫെലോഷിപ്പ് വിതരണം ചെയ്യുന്നു

നവകേരളത്തിലേക്ക്കൂടുതൽ കരുത്തോടെ

എല്ലാ ജനങ്ങൾക്കും സാമൂഹികസുരക്ഷ ഉറപ്പാക്കുന്ന, സാമ്പത്തികവളർച്ചക്ക് ഉത്തേജനം നൽകുംവിധം ഉല്പാദനമേഖലകളിൽ ഉണർവുണ്ടാക്കാനും വിജ്ഞാനാധിഷ്ഠിത സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാനും പരിശ്രമിക്കുന്ന കേരളസർക്കാറിന്റെ ഒന്നാം വാർഷികമാണ് ഇന്ന്. കഴിഞ്ഞ ഒരുവർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ജൂൺ രണ്ടിന് ജനസമക്ഷം അവതരിപ്പിക്കും.

കൃഷിക്കാരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കാനും പൊതുമേഖലയെയും പരമ്പരാഗത വ്യവസായങ്ങളെയും സംരക്ഷിക്കാനും വ്യവസായമേഖലയിൽ ചുരുങ്ങിയത് 10,000 കോടി രൂപയുടെ എങ്കിലും സ്വകാര്യനിക്ഷേപം ആകർഷിക്കാനും കേരളത്തെ ഇലക്ട്രോണിക്സ്-ഫാർമസ്യൂട്ടിക്കൽ ഹബ്ബാക്കി വളർത്താനും ഭക്ഷ്യസംസ്കരണം ഉൾപ്പെടെയുള്ള മൂല്യവർധിത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും ടൂറിസം വിപണി ഇരട്ടിയാക്കാനും സഹായകമായ പദ്ധതികളാണ് നടപ്പാക്കുന്നത്.

കൊച്ചി-പാലക്കാട്, കൊച്ചി-മംഗളൂരു വ്യവസായ ഇടനാഴികൾ, തിരുവനന്തപുരം കാപ്പിറ്റൽ സിറ്റി റീജ്യൻ വികസനപദ്ധതി, സിൽവർ ലൈൻ എന്നീ നാലു സുപ്രധാന പശ്ചാത്തല സൗകര്യപദ്ധതികൾ ഈ അഞ്ചു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനുള്ള ഇടപെടലുകളും നടത്തുന്നു. വൈദ്യുതിക്ഷാമം ഇല്ലാത്ത നാടാക്കി കേരളത്തെ മാറ്റാൻ 10,000 കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് പദ്ധതി പൂർത്തീകരിക്കും.

പൂർണമായ ദാരിദ്യ്രനിർമാർജനം പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. വയോജനക്ഷേമം ഉറപ്പുവരുത്താനും സാധാരണ കുട്ടികൾക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഭിന്നശേഷിക്കാരായ കുട്ടികൾക്കും ലഭ്യമാക്കാനുമുള്ള പരിശ്രമങ്ങളും മുന്നേറുന്നു. കാരുണ്യപദ്ധതിയിലൂടെ 20 ലക്ഷം കുടുംബങ്ങൾക്ക് അഞ്ചുലക്ഷം വരെയുള്ള കിടത്തിച്ചികിത്സ സൗജന്യമാക്കി ബാക്കിയുള്ളവർക്ക് രണ്ടു ലക്ഷം രൂപ വരെയുള്ള ചികിത്സ ഉറപ്പാക്കുക, ഏകോപിത പ്രവാസി തൊഴിൽപദ്ധതി പ്രാവർത്തികമാക്കുക, വിശപ്പുരഹിത കേരളം പരിപൂർണ യാഥാർഥ്യമാക്കുക, സാമൂഹിക പെൻഷനുകൾ ഘട്ടംഘട്ടമായി ഉയർത്തുക, എല്ലാവർക്കും ഭൂമിയും വീടും കുടിവെള്ളവും ലഭ്യമാക്കുക എന്നിങ്ങനെ സാമൂഹികക്ഷേമ നടപടികളിൽ കേരളമാതൃകയെ ഉത്തരോത്തരം ഉയർത്താനാണുദ്ദേശിക്കുന്നത്.

സഹകരണപ്രസ്ഥാനങ്ങളെ സംരക്ഷിച്ച് കൃഷിക്കാർക്കും സംരംഭകർക്കും വ്യാപാരികൾക്കുമെല്ലാം ഉദാരമായ വായ്പകൾ കേരള ബാങ്കിലൂടെ ലഭ്യമാക്കും. ഐ.ടി, ബി.ടി പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളും ടൂറിസംപോലുള്ള സേവനമേഖലകളുമാണ് നമ്മുടെ നാടിനനുയോജ്യം. കമ്പ്യൂട്ടർ, വൈദ്യുതിവാഹനം എന്നിവയുടെ നിർമാണംപോലുള്ള വ്യവസായങ്ങൾക്കും കാർഷികോൽപന്നങ്ങൾ ഉൾപ്പെടെയുള്ള നമ്മുടെ തനതുവിഭവങ്ങളുടെ മൂല്യവർധിത വ്യവസായങ്ങൾക്കും വലിയ സാധ്യതകളുണ്ട്. ഈ മേഖലകളിലാകെ സക്രിയമായി ഇടപെട്ട് കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ വിജ്ഞാന സമ്പദ്ഘടനയായി പുതുക്കിപ്പണിയുന്നതിനുള്ള പരിപാടിയുമായാണ് നാം മുന്നോട്ടുപോകുന്നത്. അടുത്ത 25 വർഷംകൊണ്ട് കേരളത്തിലെ ജീവിതനിലവാരം വികസിതരാഷ്ട്രങ്ങൾക്ക് സമാനമായി ഉയർത്തുക എന്നതാണ് ലക്ഷ്യം.

ഉന്നത വിദ്യാഭ്യാസമേഖലയിലും ഐ.ടി രംഗത്തും മറ്റു നൂതന വ്യവസായങ്ങളുടെ രംഗത്തും വലിയതോതിലുള്ള ഇടപെടലുകൾകൂടി ആവശ്യമാണ്. 2026ഓടെ രണ്ടു കോടി ചതുരശ്രയടി ഐ.ടി പാർക്കുകളും രണ്ടു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. കോവിഡ് കാലയളവിൽ മൂന്ന് ഐ.ടി പാർക്കുകളിലുമായി 10,400 പുതിയ തൊഴിലവസരങ്ങളുണ്ടാക്കി; 181 പുതിയ കമ്പനികൾ പ്രവർത്തനമാരംഭിച്ചു.

യുവാക്കളെ തൊഴിലന്വേഷകർ എന്നതുപോലെതന്നെ തൊഴിൽദാതാക്കളായും മാറ്റേണ്ടതുണ്ട്. 3500ഓളം പുതിയ സ്റ്റാർട്ടപ്പുകൾ മുഖേന 32,000 തൊഴിലവസരങ്ങളാണ് കഴിഞ്ഞ സർക്കാറിന്റെ കാലത്ത് സൃഷ്ടിക്കാനായത്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ് സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമായി മാറാനും നമുക്കുകഴിഞ്ഞു. അന്തർദേശീയ ലോഞ്ച് പാഡ് പ്രോഗ്രാമുകൾ ആരംഭിച്ചും ഗ്ലോബൽ ആക്സിലറേറ്റർ നെറ്റ് വർക്കുകളുമായി കരാർ ഒപ്പിട്ടും സ്റ്റാർട്ടപ്പുകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയാണ്. കേരള ബാങ്ക്, കെ.എഫ്.സി, കെ.എസ്.ഐ.ഡി.സി, കെ.എസ്.എഫ്.ഇ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി ഒരു എയ്ഞ്ചൽ ഫണ്ട് രൂപവത്കരിക്കാനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു. പരമ്പരാഗതമായി ഐ.ടി മേഖലയിൽ നിലയുറപ്പിച്ച കമ്പനികളെയും നൂതനാശയങ്ങളുമായി കടന്നുവരുന്ന യുവസംരംഭകരെയും സംയോജിപ്പിച്ചുള്ള വ്യവസായിക മുന്നേറ്റമാണ് ഐ.ടി, ഇലക്ട്രോണിക്സ് രംഗങ്ങളിൽ ലക്ഷ്യംവെക്കുന്നത്.

ഓരോ വീടും ഇൻറർനെറ്റ് കണക്ടിവിറ്റിയിലൂടെ ബന്ധപ്പെട്ടാൽ മാത്രമേ ലോകവിജ്ഞാനശൃംഖലയുമായി ബന്ധപ്പെടുന്നതിനും ഐ.ടി അധിഷ്ഠിത തൊഴിലുകളിൽ ഏർപ്പെടുന്നതിനും കഴിയുകയുള്ളൂ. ഈ ലക്ഷ്യംവെച്ചാണ് ഇൻറർനെറ്റ് അവകാശമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമായി നമ്മൾ മാറിയത്. കേരളത്തെയൊന്നാകെ ബന്ധിപ്പിക്കുന്ന ഒപ്ടിക്കൽ ഫൈബർ ശൃംഖല ലക്ഷ്യമിടുന്ന കെ-ഫോൺ പദ്ധതി പൂർത്തീകരണത്തോടടുക്കുകയാണ്. അതിവേഗ ഇൻറർനെറ്റ് സൗജന്യമായും കുറഞ്ഞനിരക്കിലും ഗുണമേന്മയോടെ ലഭ്യമാക്കാൻ 52,000 കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർ ശൃംഖലയാണ് നിലവിൽ വരുന്നത്. 1531 കോടി രൂപ ചെലവഴിക്കുന്ന ഈ പദ്ധതിയുടെ 65 ശതമാനത്തോളം പ്രവൃത്തി പൂർത്തീകരിച്ചു.അനിശ്ചിതമായി നീണ്ട ദേശീയപാതാവികസനം ഇന്ന് യാഥാർഥ്യമായി. കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെ നീളുന്ന ദേശീയപാത കേരളത്തിന്റെ ഗതാഗതമേഖലയിൽ വലിയ മാറ്റം സൃഷ്ടിക്കും. .

നൂറു ശതമാനം വൈദ്യുതീകരണം നാം സാധ്യമാക്കി. സൗരോർജത്തിൽനിന്ന് 1000 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യവും സർക്കാറിനുണ്ട്.

വർധിച്ചുവരുന്ന ഇന്ധനവിലയും കാർബൺ പാദമുദ്രയിലുണ്ടാവുന്ന വർധനവും ചെലവുകുറഞ്ഞതും പരിസ്ഥിതിസൗഹൃദവുമായ ബദൽ ഗതാഗതമാർഗങ്ങൾ തിരഞ്ഞെടുക്കാൻ നമ്മെ നിർബന്ധിതരാക്കുകയാണ്. ഈ സാഹചര്യത്തിലാണ് ദേശീയപാതാവികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, വിമാനത്താവള വികസനം, ദേശീയ ജലപാത എന്നിവയോടൊപ്പം റെയിൽഗതാഗത മേഖലയിലും മുന്നേറാൻ ഒരുങ്ങുന്നത്. അതിന്റെ ഭാഗമാണ് തെക്കുവടക്ക് 530 കി.മീറ്റർ നീളുന്ന സിൽവർ ലൈൻ പദ്ധതി. സിൽവർ ലൈൻ കടന്നുപോകുന്ന ജില്ലകളിൽ സാമൂഹികാഘാത പഠനം നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പദ്ധതിയുടെ വിശദ രൂപരേഖ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പ്രാരംഭ നടപടികളുമായി മുന്നോട്ടുപോകാൻ കേന്ദ്ര ധനമന്ത്രാലയവും നിർദേശിച്ചിട്ടുണ്ട്. വാഹനസാന്ദ്രതയും ജനസാന്ദ്രതയും കൂടിയ സംസ്ഥാനമെന്നനിലക്ക് നമ്മുടെ നിരത്തുകളുടെ ശരാശരി വേഗത ദേശീയ ശരാശരിയേക്കാൾ വളരെ താഴെയാണ്. ഈ പരിമിതി വ്യവസായിക മുന്നേറ്റത്തിലും വിലങ്ങുതടിയാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട്, ഭാവികേരളത്തിനുവേണ്ടിയുള്ള ഈടുവെപ്പുകൂടിയാണ് സിൽവർ ലൈൻ പദ്ധതി.

അടിസ്ഥാനസൗകര്യ മേഖലയിലെ വികസനവും വ്യവസായങ്ങൾ തുടങ്ങാനും തുടർന്നുകൊണ്ടുപോകാനുമുള്ള നടപടികളുടെ ലഘൂകരണവും നിക്ഷേപ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തിയിട്ടുണ്ട്. അതിന് തെളിവാണ് ഒരുവർഷംകൊണ്ട് ലഭിച്ച 6380 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ. ഇക്കാലയളവിൽ 14,403 എം.എസ്.എം.ഇകളാണ് കേരളത്തിൽ പുതുതായി ആരംഭിച്ചിട്ടുള്ളത്. ഇതുവഴി 1,451.71 കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചത്. 52,992 പേർക്ക് പുതുതായി തൊഴിലും ലഭിച്ചു. ഇപ്പോൾ കേരളത്തിലുള്ള ചെറുകിട ഇടത്തരം വ്യവസായങ്ങളിൽ പകുതിയിലധികവും കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ ആരംഭിച്ചവയാണ്.

അടിസ്ഥാനസൗകര്യ മേഖലയിലും വ്യവസായ മേഖലയിലും മുന്നേറ്റം നടത്തുമ്പോൾ അതിന്റെ വികാസത്തിന് പിന്തുണ നൽകാനാവുന്ന മാനവവിഭവശേഷി ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. പൊതുവിദ്യാഭ്യാസ മേഖലയിലെന്നപോലെ ഉന്നത വിദ്യാഭ്യാസമേഖലയിലും വലിയതോതിലുള്ള ഇടപെടലുകൾ ഉണ്ടായാൽ മാത്രമേ ഈ മുന്നേറ്റം സാധ്യമാവുകയുള്ളൂ. ഗവേഷണരംഗത്ത് നൂതനമായ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ നൽകിത്തുടങ്ങി.

നൂതന ഗവേഷണത്തിനും സംരംഭകത്വ പ്രോത്സാഹനത്തിനും നിർണായകമായ പങ്കുവഹിക്കാൻ കഴിയുന്ന ഡിജിറ്റൽ യൂനിവേഴ്സിറ്റി യാഥാർഥ്യമാക്കി. അസാപ്പിന്റെ നേതൃത്വത്തിൽ ഇൻഡസ്ട്രി ഓൺ കാമ്പസ് എന്ന പദ്ധതി ആവിഷ്കരിക്കുകയും നൈപുണ്യ വികസനത്തിനുള്ള രൂപരേഖ തയാറാക്കുകയും ചെയ്തു.

സാമൂഹികക്ഷേമമൊരുക്കുന്നതിൽ സജീവമായി ഇടപെട്ടും സേവനമേഖലയെ ശക്തിപ്പെടുത്തിയും പൊതു പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിച്ചും അടിസ്ഥാന വികസനത്തിനായി ബദൽമാർഗങ്ങൾ ആരാഞ്ഞും ക്ഷേമവും സേവനങ്ങളും വികസനവും എല്ലാം ജനങ്ങളുടെ അവകാശമാണെന്ന് സ്ഥാപിച്ചുമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ മുന്നോട്ടുപോകുന്നത്. ഇത് സാധ്യമായത് കേരളം സമാധാനവും മതനിരപേക്ഷതയും നിലനിൽക്കുന്ന നാടായതിനാലാണ്. അത്തരമൊരു സമൂഹത്തിലേ രാഷ്ട്രീയ നേതൃത്വത്തിനും സർക്കാർ സംവിധാനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും പൊതുസമൂഹത്തിനാകെയും കൈകോർത്തുകൊണ്ട് അതിജീവനത്തിന്റെയും പുരോഗതിയുടെയും മാതൃക സൃഷ്ടിക്കാൻ സാധിക്കൂ.

Tags:    
News Summary - With more strength to new Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.