ഈ വിജയത്തില്‍ അത്രമേല്‍ അതിശയിക്കാനുണ്ടോ?

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി കൈവരിച്ച തകര്‍പ്പന്‍ വിജയം സര്‍വരെയും അമ്പരപ്പിക്കുന്നതായി തോന്നുന്നു. സാധാരണക്കാരന്‍ മുതല്‍ രാഷ്ട്രീയ വിശകലന വിശാരദര്‍ വരെ ഈ വിജയത്തില്‍ അദ്ഭുതം കൂറുകയാണ്. അതിലുപരി ബി.ജെ.പി നേതൃനിരപോലും തെല്ല് വിസ്മയത്തോടെയാണ് യു.പിയിലെ ഫലപ്രഖ്യാപന വാര്‍ത്തകള്‍ ശ്രവിച്ചത്. കൂടിയാല്‍ പാര്‍ട്ടി 285 സീറ്റുകള്‍ നേടുമെന്നായിരുന്നു എക്സിറ്റ്പോളുകള്‍ നല്‍കിയ സൂചന. ബി.ജെ.പി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്ന് പ്രവചനം നടത്തിയ ചില എക്സിറ്റ്പോള്‍ റിപ്പോര്‍ട്ടുകള്‍ അതിശയോക്തിയാണെന്ന് പരിഹസിക്കപ്പെട്ടു.

നിലവിലെ അസംബ്ളിയില്‍ 47 എം.എല്‍.എമാര്‍  മാത്രമാണ് ബി.ജെ.പിയുടെ അംഗബലം. ശുഷ്കമായ ഈ അംഗസംഖ്യയെ 325ലേക്ക് ഉയര്‍ത്താന്‍ സാധിച്ചെന്നത് സാമാന്യ യുക്തിയെപ്പോലും വെല്ലുവിളിക്കുന്ന പ്രതിഭാസമായും തോന്നാം.  കഴിഞ്ഞ ഒന്നര ദശകമായി ബി.ജെ.പിയുടെ ജയസാധ്യതകള്‍ക്കെതിരെ വന്‍ പ്രതിരോധ ഭിത്തി പടുത്തുവരുകയായിരുന്നു മുലായം സിങ് നയിക്കുന്ന എസ്.പിയും  മായാവതി നേതൃത്വം നല്‍കുന്ന ബി.എസ്.പിയും. ഏതെങ്കിലുമൊരു പ്രത്യേക പാര്‍ട്ടിക്ക് ഗുണകരമായ ലഹര്‍ (തരംഗം) യു.പിയില്‍ പ്രകടമായിരുന്നില്ല. ഇത്തരമൊരു പശ്ചാത്തലത്തില്‍പോലും കാവി ബ്രിഗേഡ് വിജയപതാക ഉയര്‍ത്തി എന്നതാണ് നിരീക്ഷകരുടെ അദ്ഭുതം ഇരട്ടിപ്പിക്കുന്ന കാര്യം. പ്രചാരണങ്ങളുടെ പ്രാരംഭഘട്ടത്തില്‍ മായാവതിയുടെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന പ്രതീതിയായിരുന്നു രൂപപ്പെട്ടിരുന്നത്. കേവല ഭൂരിപക്ഷത്തിനുവേണ്ട 203 എന്ന മാന്ത്രിക അക്കത്തിന് ഇതര പാര്‍ട്ടികള്‍ യോഗ്യത നേടില്ളെന്ന ഉറച്ച ധാരണ ജനങ്ങള്‍ക്കിടയില്‍ വേരൂന്നി. കോണ്‍ഗ്രസുമായി അഖിലേഷ് യാദവ് തട്ടിക്കൂട്ടിയ സഖ്യം എസ്.പിയുടെ മുഖം രക്ഷിക്കുമെന്ന സൂചനകളായിരുന്നു പിന്നീട് നാമ്പിട്ടത്. എന്നാല്‍, മുലായം സിങ് ഉള്‍പ്പെടെ പല നേതാക്കളും ഇത്തരമൊരു സഖ്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. ശനിയാഴ്ച ഫലപ്രഖ്യാപനം പുറത്തുവരാന്‍ തുടങ്ങിയതോടെ പ്രവചനങ്ങളും പ്രത്യാശകളും നിലംപരിശായി. ഉച്ചയായതോടെ ബി.ജെ.പിയുടെ ഏറ്റവും വലിയ അനുഭാവിയെപ്പോലും വിസ്മയിപ്പിക്കുന്ന വമ്പന്‍ മുന്നേറ്റത്തിന്‍െറ വിജയസ്കോറുകളാണ് പുറത്തുവന്നത്.

എന്നാല്‍, ഈ വിജയത്തില്‍ അത്രമാത്രം അതിശയിക്കേണ്ടതുണ്ടോ? യു.പിയിലെ സമകാല രാഷ്ട്രീയത്തെ ആഴത്തില്‍ പരിശോധിക്കുന്നപക്ഷം ഇത്തരമൊരു ജനവിധിക്കു പിന്നില്‍ അദ്ഭുതങ്ങള്‍ ഇല്ളെന്നുതന്നെ വ്യക്തമാകും. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് അത്രയേറെ ശക്തവും വ്യാപകവുമായിരുന്നു എന്നതുതന്നെ പ്രഥമകാരണം. തെരഞ്ഞെടുപ്പ് പ്രക്രിയക്ക് തുടക്കംകുറിച്ച ഘട്ടത്തിലായിരുന്നു അഖിലേഷും പിതാവ് മുലായവും ഇരുചേരികളില്‍ മാറിനിന്ന് അങ്കംവെട്ടിയ കുടുംബവഴക്കിന്‍െറയും പാര്‍ട്ടി അന്തശ്ഛിദ്രത്തിന്‍െറയും നാളുകള്‍. ദശകങ്ങളായി പാര്‍ട്ടി കെട്ടിപ്പടുത്ത നേതാക്കളായിരുന്നു മുലായം സിങ്ങും സഹോദരന്‍ ശിവ്പാല്‍ യാദവും. ഈ പ്രബല നേതാക്കളെ നിമിഷാര്‍ധംകൊണ്ട് നിഷ്പ്രഭരാക്കാമെന്ന വ്യാമോഹത്തോടെ 43കാരനായ അഖിലേഷ് നടത്തിയ പരിശ്രമങ്ങള്‍ പാളിയതായിരുന്നു എസ്.പിക്ക് ഏറ്റ പ്രഹരത്തിന്‍െറ പ്രബലകാരണങ്ങളില്‍ ഒന്ന്. പല മണ്ഡലങ്ങളിലും എസ്.പി നെടുകെ പിളര്‍ന്നു. യാദവ ഭൂരിപക്ഷ മേഖലകളില്‍ ശിവ്പാല്‍ യാദവ് നിര്‍ത്തിയ റെബല്‍ സ്ഥാനാര്‍ഥികള്‍ ബി.ജെ.പിയുടെ വിജയം അനായാസമാക്കി.

 

എസ്.പി-കോണ്‍ഗ്രസ് സഖ്യം
മായാവതിയുടെ കക്ഷിയെക്കാള്‍ നില മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസുമായുള്ള സഖ്യം എസ്.പിക്ക് ഉപകരിച്ചിട്ടുണ്ടാകാം. അതേസമയം, കോണ്‍ഗ്രസിന്‍െറ നില കൂടുതല്‍ പരുങ്ങലിലാക്കാന്‍ മാത്രമാണ് മുന്നണിബന്ധം ഉതകിയത്. എസ്.പി 21 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ബി.എസ്.പി 22 ശതമാനത്തിലേറെ വോട്ടുകള്‍ സമാഹരിച്ചു. എന്നാല്‍, എസ്.പി സഖ്യം കോണ്‍ഗ്രസിന് സമ്മാനിച്ചത് കനത്ത തോല്‍വി മാത്രമാണ്. ഭരണവിരുദ്ധ വികാരത്തിന്‍െറ ആഘാതം കോണ്‍ഗ്രസ് അണികളിലും പ്രഭാവം ചെലുത്തിയെന്നു വ്യക്തം. ഒരു ദശകത്തിനിടയിലെ കനത്ത തോല്‍വിയാണ് കോണ്‍ഗ്രസ് രുചിച്ചത്. രണ്ടു വര്‍ഷമായി സംസ്ഥാനത്തെ ഓരോ കോണിലും രാഹുലിന്‍െറ കണ്ണുകള്‍ എത്തിയിരുന്നു. പ്രശസ്ത പ്രചാരണ വിദഗ്ധനായ പ്രശാന്ത് കിഷോര്‍ രാഹുലിന്‍െറ പാളയത്തില്‍ നിലയുറപ്പിക്കുകയും ചെയ്തു. 2014ല്‍ മോദിയെ പ്രധാനമന്ത്രി പദത്തിലത്തെിച്ച പ്രചാരണങ്ങളുടെ ചുക്കാന്‍ പ്രശാന്തിന്‍െറ കരങ്ങളിലായിരുന്നു. ബിഹാറിലെ മഹാസഖ്യത്തിന്‍െറ പ്രചാരകനും അദ്ദേഹമായിരുന്നു. പക്ഷേ,  കോണ്‍ഗ്രസിനെ ബലപ്പെടുത്തുന്നതില്‍ പ്രശാന്തിന്‍െറ മന്ത്രങ്ങളും വിഫലമായി. ഒരുപക്ഷേ, ഒറ്റക്കുനിന്നാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിനു സാധിച്ചേനെ.

മുസ്ലിംകളുടെ പാര്‍ശ്വവത്കരണം
യു.പിയിലെ ബി.ജെ.പി ജൈത്രയാത്ര മുസ്ലിംകളില്‍ നടുക്കം പകരാതിരിക്കില്ല. സംസ്ഥാന ജനസംഖ്യയില്‍ 20 ശതമാനം അവരാണ്. 90ഓളം എം.എല്‍.എമാരെ ലഭിക്കേണ്ട അവര്‍ക്ക് ഇപ്പോഴത്തെ സഭയില്‍ 22 സീറ്റുകള്‍ മാത്രമാണുള്ളത്. വിഭജനത്തിനുശേഷമുള്ള ഏറ്റവും താഴ്ന്ന അനുപാതം. 2007ലെ തെരഞ്ഞെടുപ്പില്‍ 56 മുസ്ലിംകള്‍ക്ക് അംഗത്വം ലഭിച്ചിരുന്നു. 2002ല്‍ 38 പേരെ ലഭിച്ചു. 80 എം.പിമാരില്‍ ഒറ്റ മുസ്ലിം അംഗവുമില്ല. മുസ്ലിം പാര്‍ശ്വവത്കരണത്തിന് മറ്റ് ഉദാഹരണങ്ങള്‍ ആവശ്യമില്ല.
 

നോട്ട് നിരോധനത്തെ ഉത്തര്‍പ്രദേശ് ജനത ഒരു പ്രതിസന്ധിയായി കണക്കാക്കുന്നില്ല.  കാരണം, വേണ്ടത്ര നോട്ടുകള്‍ നേരത്തേതന്നെ ലഭിക്കാത്ത, നേരിയതോതില്‍ മാത്രം ബാങ്കിടപാട് സമ്പ്രദായമുള്ള ദരിദ്ര സംസ്ഥാനമായിരിക്കെ അത്തരമൊരു പ്രതിസന്ധിയുടെ ആഴം അവിടെ അനുഭവപ്പെട്ടെന്നുവരില്ല. അതോടൊപ്പം, കറന്‍സി നിരോധനം കള്ളപ്പണവേട്ട എന്ന മഹനീയ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ വിജയകരമായ സഹായമായെന്ന ബി.ജെ.പി നേതാക്കളുടെ വ്യാഖ്യാനങ്ങളില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു ഏറെപ്പേരും. ബി.ജെ.പിയുടെ ഇത്തരം ആഖ്യാന കസര്‍ത്തുകളെ അഭിമുഖീകരിക്കാനാകാതെ എസ്.പി, ബി.എസ്.പി, കോണ്‍ഗ്രസ് നേതാക്കള്‍ മൗനംപൂണ്ടു. അഥവാ നോട്ടുനിരോധനം സൃഷ്ടിച്ച പ്രതിസന്ധി മുതലെടുത്ത് പ്രചാരണങ്ങള്‍ കൊഴുപ്പിക്കുന്നതില്‍ ഈ പാര്‍ട്ടികള്‍ പരാജയപ്പെട്ടു.

ഹിന്ദുത്വ പുനഃസ്ഥാപനം
ഒറ്റ മുസ്ലിം സ്ഥാനാര്‍ഥിക്കും അവസരം നല്‍കാന്‍ തയാറാകാതിരുന്ന കാവിപ്പട മുസ്ലിം വോട്ടുകള്‍  വലിയ ഭീഷണിയല്ളെന്ന ഭാവത്തിലായിരുന്നു ചുവടുവെപ്പുകള്‍ ആരംഭിച്ചത്. ആരംഭത്തില്‍ വികസന മുദ്രാവാക്യം മുഴക്കിയ ബി.ജെ.പി വൈകാതെ പഴയ വിജയ ഫോര്‍മുല വീണ്ടെടുത്തു. ഹിന്ദുത്വ കാര്‍ഡുകള്‍ ഇറക്കിയും മുസ്ലിം വിരുദ്ധത ബലപ്പെടുത്തിയും ആയിരുന്നു തുടര്‍പ്രചാരണങ്ങള്‍.

ഖബര്‍സ്ഥാന്‍-ശ്മശാന വിവാദം ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിപോലും ഉദ്യുക്തനായി. ഹിന്ദു ഉത്സവകാലങ്ങളിലേതിനെക്കാള്‍ പെരുന്നാള്‍ സമയങ്ങളില്‍ വൈദ്യുതി ലഭ്യമാകുന്നുവെന്ന പരിഭവവും സാക്ഷാല്‍ മോദിയുടെ പ്രഭാഷണങ്ങളില്‍ മുഴങ്ങി.  കൈരാന മേഖലയില്‍നിന്ന് ഹിന്ദു കുടുംബങ്ങള്‍ പലായനത്തിന് നിര്‍ബന്ധിതരായെന്ന വ്യാജവാദവും സംഘ്പരിവാര്‍ തെരഞ്ഞെടുപ്പുകാലത്ത് ശക്തമായി ഉന്നയിച്ചു. കൈരാനയില്‍ എസ്.പി ടിക്കറ്റില്‍ നഹീദ് ഖാന്‍ വിജയിച്ചെങ്കിലും വര്‍ഗീയപ്രചാരണത്തിന്‍െറ ആഘാതം ജനഹൃദയങ്ങളില്‍ ശേഷിക്കാതിരിക്കില്ല.

മതേതര വോട്ടുകളുടെ ശിഥിലീകരണമായിരുന്നു ബി.ജെ.പിയുടെ വിജയത്തിനു പിന്നില്‍ സ്വാധീനം ചെലുത്തിയ മറ്റൊരു നിര്‍ണായക ഘടകം. മുസ്ലിംകളും ഇതര മതേതര നേതാക്കളും അനേക പാര്‍ട്ടികളിലായി ചിതറി സ്ഥാനാര്‍ഥികളായി രംഗപ്രവേശം ചെയ്തതോടെ സംജാതമായ സ്ഥിതിവിശേഷം ബി.ജെ.പിയുടെ നില ഭദ്രമാക്കാന്‍ ഏറെ സഹായകമാവുകയുണ്ടായി. മുസ്ലിം സ്വാധീന മേഖലകളില്‍പോലും ഇത്തവണ ബി.ജെ.പി സീറ്റുകള്‍ വര്‍ധിപ്പിച്ചു.

മുസ്ലിം വോട്ടുകള്‍ പല തട്ടുകളിലായി നിര്‍വീര്യമാകാതിരുന്നാലും ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുമായിരുന്നു എന്ന നിരീക്ഷണവും പ്രസക്തമാണ്. കാരണം എസ്.പി, ബി.എസ്.പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളിലെ തമ്മിലടിയും അന്തശ്ഛിദ്രവും ബി.ജെ.പി വിജയത്തിന് പാതയൊരുക്കുകയുണ്ടായി. ഒരുപക്ഷേ, ബിഹാറിലേതുപോലെ ഒരു വിശാല സഖ്യം രൂപവത്കരിക്കുന്നതില്‍ പ്രധാന കക്ഷികള്‍ വിജയിച്ചിരുന്നെങ്കില്‍ കാവിപ്പടയുടെ മുന്നേറ്റത്തിന് ഫലപ്രദമായ പ്രതിരോധമുയര്‍ത്താന്‍ സാധിച്ചേനെ.

 

Tags:    
News Summary - is this won suprizes that much?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.