ആരാണ് ആദിത്യനാഥ്?
സ്വന്തം സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അവഹേളിക്കുവാനും അവമതിക്കുവാനും ഒരു മുഖ്യമന്ത്രി തയ്യാറാവുന്നത് പുതിയ കാര്യമാണ്. ദൗർഭാഗ്യവശാൽ യു.പി തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ അവിടുത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒന്നിലേറെ തവണ കേരളത്തെക്കുറിച്ച് തീർത്തും മോശമായ പരാമർശങ്ങൾ നടത്തി. സാമൂഹിക വികസന സൂചികകളിലെല്ലാം ഏറെ പിന്നിൽ നിൽക്കുന്ന യു.പിയിലെ മുഖ്യമന്ത്രി ഇത്തരത്തിലെല്ലാം സംസാരിക്കുന്നത് എന്തു കൊണ്ടാണ്. പ്രമുഖ മാധ്യമ പ്രവർത്തക നേഹ ദീക്ഷിത് എഴുതിയ ആദിത്യനാഥിന്‍റെ രാഷ്ട്രീയ രേഖാചിത്രം അതിനുള്ള ഉത്തരം നൽകും.
1998ലാണ് വലതുപക്ഷ ഹിന്ദുത്വ ദേശീയവാദ സംഘടനയായ ഭാരതീയ ജനതാ പാർട്ടി ഇന്ത്യയിൽ ആദ്യമായി അധികാരത്തിലെത്തുന്നത്. അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത് ക്ഷേത്രം നിർമിക്കാൻ രൂപവത്കരിച്ച മുന്നേറ്റമാണ് രണ്ട് പാർലമെന്‍റംഗങ്ങൾ മാത്രമുണ്ടായിരുന്ന പാർട്ടിയെ രാജ്യഭരണം കൈയാളാനുതകുന്നത്ര വലുതാക്കിയത്. അതിനിടയിൽ രാജ്യമൊട്ടാകെയുണ്ടായ വർഗീയ കലാപങ്ങളിൽ ആയിരങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു, ദശലക്ഷക്കണക്കിനാളുകൾക്ക് കിടപ്പാടവും സ്വത്തുക്കളുമെല്ലാം പോയി. അതിനെല്ലാമുപരിയായി മതേതര ഇന്ത്യൻ റിപബ്ലിക്കിൽ ഹിന്ദു മേൽകോയ്മാവാദ, വർഗീയ രാഷ്ട്രീയം പിടിമുറുക്കി. ബി.ജെ.പിക്ക് ഭരണത്തിലേറിയ ആ പൊതു തെരഞ്ഞെടുപ്പിൽ ഏറ്റവം പ്രായം കുറഞ്ഞ അംഗം ഉത്തർ പ്രദേശിലെ (യു.പി) ഗോരഖ്പൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 26കാരനായിരുന്നു. പേര്- യോഗി ആദിത്യനാഥ്. ഇതേ മനുഷ്യൻ 19 വർഷങ്ങൾക്ക് ശേഷം 2017ൽ രാമജന്മഭൂമി തർക്കം നടക്കുന്ന യു.പിയുടെ മുഖ്യമന്ത്രിയായി.
ഉത്തരാഖണ്ഡിൽ ജനിച്ച അജയ് സിങ് ഭിഷ്ട് ഗോരഖ്പൂരിലെ ഗോരഖ്നാഥ് മഠത്തിൽ ചേർന്ന ശേഷമാണ് പേരു മാറ്റിയത്. 22-ാം വയസിൽ ഗണിതശാസ്ത്ര ബിരുദം നേടിയ ശേഷമാണ് മഠത്തിലെത്തിയത്. 11-ാം നൂറ്റാണ്ടിൽ ജീവിച്ച വിശുദ്ധനാണ് ഗോരഖ്നാഥ്. വിഗ്രഹാരാധനയിൽ വിശ്വസിക്കാത്ത, ഏകദൈവത്വം പ്രഘോഷിക്കുന്ന നാഥ് അധ്യപനങ്ങൾ നാനാ ജാതി മതസ്ഥരെ ആകർഷിച്ചു പോന്നു. ഹിന്ദു വർണാശ്രമ വ്യവസ്ഥയിൽ നിന്ന് ഭിന്നമായി മഠത്തിൽ അബ്രാഹ്മണ പൂജാരിമാരാണുണ്ടാവാറ്. മഠത്തിന്‍റെ ആഭിമുഖ്യത്തിൽ സ്കൂളുകൾ, ആശുപത്രികൾ, ഗോശാല എന്നിവയെല്ലാമുണ്ട്.
അജയ് സന്യാസം സ്വീകരിച്ച ശേഷം അച്ഛന്റെ പേരിന്‍റെ സ്ഥാനത്ത് ആത്മീയ ഗുരുവും മഠാധിപതിയുമായ മഹർഷി അവൈദ്യനാഥിന്‍റെ പേര് ചേർത്തു. മഠത്തിന്‍റെ ആദ്യകാല പാരമ്പര്യത്തിൽ നിന്ന് വിഭിന്നമായി പിൽകാല മഠാധിപതിമാർ ഗോരഖ്പൂരിനെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുഖ്യകേന്ദ്രമാക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ചു. വിഗ്രഹാരാധന ഇല്ലാതിരുന്ന മഠത്തിലിപ്പോൾ നിരവധി ദേവന്മാരെ പൂജിക്കുന്നു. മേധാവിമാർ സജീവ രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. നാലുതവണ ഗോരഖ്പൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അവൈദ്യനാഥ് രാമജന്മഭുമി പ്രസ്ഥാനത്തിലെ ഒരു മുഖ്യകഥാപാത്രമാണ്. മുൻഗാമിയായ ദിഗ്വിജയാനന്ദ് ഗാന്ധി കൊലപാതകത്തിൽ പങ്കുവഹിച്ച ഹിന്ദു മഹാസഭ അംഗമായിരുന്നു. 1948 ജനുവരി 27ന് ഹിന്ദുക്കളോട് ഗാന്ധിജിയെ കൊല്ലാൻ പൊതുവേദിയിൽ ആഹ്വാനം ചെയ്തതിന് ഒമ്പതുമാസം ജയിലിൽ കിടന്നു. ഗാന്ധി ഹത്യയുടെ രണ്ടാം വർഷം സംഘടനയുടെ ജനറൽ സെക്രട്ടറി പദവിയിലെത്തിയ ഇയാളുടെ കുപ്രസിദ്ധമായ ഒരു പറച്ചിലുണ്ട്- ''ഞങ്ങൾ അധികാരത്തിൽ വന്നാൽ മുസ്ലിംകളുടെ വോട്ടവകാശം അഞ്ച്-പത്തു കൊല്ലത്തേക്ക് എടുത്തുകളയും, അവരുടെ ദേശീയവാദികളാണോ എന്ന് ഭരണകൂടത്തിന് ഉറപ്പുവരുത്താൻ വേണ്ടിയാണത്''.
വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ ഹബ്ബായ ഗോരഖ്പൂരിൽ ഏറെ കാലമായി സംഘടിത കുറ്റകൃത്യങ്ങൾ തുടർക്കഥയാണെന്ന് ഇന്നാട്ടുകാരനായ എഴുത്തുകാരൻ ഉമൈർ അഹ്മദ് ഓർമിക്കുന്നു. വൻതുകക്കുള്ള റെയിൽവേ കരാറുകൾ സംഘടിപ്പിച്ചെടുക്കുന്നതിനു വേണ്ടിയാണ് ഏറെ പോരാട്ടങ്ങളും. തൊഴിലില്ലായ്മയും കുറഞ്ഞ സാമൂഹിക-സാമ്പത്തിക സൂചകങ്ങളുമാണ് ഈ പ്രദേശത്തിന്‍റെ ക്രിമിനൽവത്കരണത്തിന് നിമിത്തമായത്. കിഴക്കിന്റെ ചികാഗോ, സ്ലൈസ് ഓഫ് സിസിലി എന്നൊക്കെയാണ് വിളിപ്പേരുകൾ. ക്രിമിനൽ ഗുണ്ടാസംഘങ്ങളുടെ പോരാട്ടത്തെ 'വർചസ്വാ കി ലഡായി' എന്നാണ് പറയാറ്; അതായത് പരമാധികാരത്തിനായുള്ള പോരാട്ടം. ആദ്യകാലങ്ങളിൽ പൊലീസ് വെടിവെച്ചു കൊന്ന ഗുണ്ടാനായകരിൽ അധികപേരും ബ്രാഹ്മണരോ മറ്റു പിന്നാക്ക ജാതി (ഒ.ബി.സി) കളിൽ നിന്നുള്ളവരോ ആയിരുന്നു. ''ആദിത്യനാഥ് തന്‍റെ മേൽജാതി ഠാക്കൂർ സ്വത്വം ഉയർത്തിപ്പിടിച്ചു. തന്‍റെ മുൻഗാമികളിൽ നിന്ന് ഭിന്നമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയും യുവാക്കളിലുള്ള നിരാശ മുതലെടുത്ത് ഉയരുകയും ചെയ്യുകയായിരുന്നു'' ഉമൈർ കൂട്ടിച്ചേർക്കുന്നു.
ആദിത്യനാഥ് മഠത്തിലെത്തി അഞ്ചു വർഷമായപ്പോഴേക്ക് അവൈദ്യനാഥ് സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു, ആദിത്യനാഥിനെ തന്‍റെ പിൻഗാമിയും 1998ലെ പൊതു തെരഞ്ഞെടുപ്പിൽ ഗോരഖ്പൂരിൽ നിന്നുള്ള സ്ഥാനാർഥിയുമായി പ്രഖ്യാപിച്ചു. രണ്ടായിരത്തിലേറെ മുസ്ലിംകളുടെ ജീവനെടുത്ത 2002ലെ ഗുജറാത്ത് വംശഹത്യ നടന്ന് രണ്ടു മാസം കഴിഞ്ഞ വേളയിൽ ആദിത്യനാഥിന്‍റെ നേതൃത്വത്തിൽ ഹിന്ദു യുവവാഹിനി (എച്ച്.വൈ.വി) എന്ന സായുധ ഹിന്ദുത്വ സംഘടന രംഗത്ത് വന്നു. സംഘടന അംഗങ്ങളിൽ ഏറിയ കൂറും തൊഴിലില്ലാതെ നടക്കുന്ന ഹിന്ദു യുവാക്കളായിരുന്നു. ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യം മുൻനിർത്തി ബി.ജെ.പിക്കെതിരെപ്പോലും ഇടക്ക് സ്ഥാനാർഥികളെ ഇറക്കിയിരുന്നു അവർ. ഗോ സംരക്ഷണം, ക്രൈസ്തവരെയും മുസ്ലിംകളെയും ഹിന്ദുമതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഘർവാപ്സി, ലൗജിഹാദിനെ ചെറുക്കൽ എന്നിവയായിരുന്നു അജണ്ടകൾ. പശുവിനെ അറുത്തുവെന്നാരോപിച്ച് മുസ്ലിംകൾക്ക് മേൽ കടന്നുകയറ്റം നടത്തി, ഹിന്ദു-മുസ്ലിം ദമ്പതികളെ വേർപെടുത്തി, ഹിന്ദുക്കളെ മതംമാറ്റുന്നുവെന്ന് പ്രചരിപ്പിച്ച് ചർച്ചുകളിൽ കയറി ഭീകരത അഴിച്ചുവിട്ടു.
1998 മുതൽ 2017 വരെ അഞ്ചു തവണ തുടർച്ചയായി ആദിത്യനാഥ് ഗോരഖ്പൂരിൽ നിന്ന് എം.പിയായി. അതിനിടയിൽ എങ്ങനെവേണം ഒരു സമഗ്രാധിപത്യ ഹിന്ദുരാഷ്ട്രം എന്നതുസംബന്ധിച്ച ഒരു ചട്ടക്കൂടിനും രൂപം നൽകി. ബഹുസ്വര സംസ്കാരത്തോട് തരിമ്പ് സഹിഷ്ണുതയില്ലാത്ത, പൗരാവകാശങ്ങളെ പേർത്തും ഉല്ലംഘിക്കുന്ന, രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തുന്ന ഒരിടം. ഈ കാലയളവിൽ ഗോരഖ്പൂർ നിരവധിയായ വർഗീയ ലഹളകൾക്ക് വേദിയായി. ഇവിടുള്ള പൊലീസ് സ്റ്റേഷനുകളിലെല്ലാം ഹൈന്ദവ ക്ഷേത്രങ്ങൾ നിർമിച്ചു, ഹനുമാൻ പൂജ എല്ലാ ആഴ്ചയും നടന്നു. ഉർദുവിലുള്ള സ്ഥലനാമങ്ങൾ ഹിന്ദിയിലാക്കി. മിയാ ബസാർ മായാ ബസാറും ഉർദു ബസാർ ഹിന്ദി ബസാറും അലി നഗർ ആര്യ നഗറുമാക്കി മാറ്റി. 2005ൽ ഇറ്റാവയിൽ 1800 ക്രൈസ്തവരെ ഹിന്ദുമതത്തിലേക്ക് പരിവർത്തിപ്പിക്കുന്ന പരിപാടിക്ക് നേതൃത്വം നൽകി.
മഠം ഒരു സമാന്തര അധികാര വ്യവസ്ഥയായി മാറി. ഭരണകൂടത്തിൽ നിന്നും ബാഹ്യമായുമുള്ള എന്തു പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ആളുകൾക്ക് സഹായം നൽകാൻ തുടങ്ങി. 2017 മാർച്ചിൽ മുഖ്യമന്ത്രിപദമേൽക്കുമ്പോൾ ആദിത്യനാഥിനെതിരെ വിദ്വേഷ ഭാഷണം, കൊലപാതകശ്രമം,വർഗീയ അതിക്രമത്തിന് ആഹ്വാനം ചെയ്യൽ എന്നിവയുൾപ്പെടെ 15 ഗുരുതര ക്രിമിനൽ കേസുകളുണ്ടായിരുന്നു. അധികാരമേറിയ ശേഷം തനിക്കെതിയായ കേസുകളെല്ലാം സ്വയമേവ എഴുതിത്തള്ളി. അമിത ബലപ്രയോഗത്തിന് ശിക്ഷിക്കപ്പെടുകയല്ല, അതിന്‍റെ പേരിൽ അദ്ദേഹം പ്രകീർത്തിക്കപ്പെടുകയാണുണ്ടായത്. പൊതുജനാരോഗ്യം, സമ്പദ്വ്യവസ്ഥ, വികസനം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ വിഷയങ്ങളിലെല്ലാം മതസ്വത്വത്തിന് മേൽകോയ്മ കൈവന്നു. ആദിത്യനാഥിനെ ചുറ്റിപ്പറ്റി അത്തരമൊരു കൾട്ട് തന്നെ രൂപപ്പെട്ടിരിക്കുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സജീവ മതനേതാവ് ഇത്തരമൊരു ഉന്നത സ്ഥാനത്തേക്ക് എത്തിപ്പെടുന്നത്. അധികാരത്തിൽ ഒരു വർഷം പൂർത്തിയാകുമ്പോഴേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ്, സംസ്ഥാന സെക്രട്ടറിയേറ്റ്, പൊതു കെട്ടിടങ്ങൾ, പൊലീസ് സ്റ്റേഷനുകൾ, ബസുകൾ, റോഡ് ഡിവൈഡറുകൾ, ടോൾ പ്ലാസകൾ, തുടങ്ങി സർക്കാർ ഓഫീസുകളിലെ കർട്ടനുകൾ, ടവലുകൾ, സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് നൽകുന്ന ബാഗുകൾ വരെ കാവി നിറമായി മാറി, എന്തിനേറെ മുസ്ലിം തീർഥാടകർക്ക് മക്കയിലേക്കും മദീനയിലേക്കും തീർഥയാത്ര പോകുവാൻ സൗകര്യമൊരുക്കുന്ന സംസ്ഥാന ഹജ് ഹൗസ് പോലും. യു.പിയിലെ പൊതു ഇടങ്ങളും സർക്കാർ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം കാവിമയമാക്കുക വഴി ഭരണകൂടവും മതവും തമ്മിലെ വ്യത്യാസം നേർപ്പിച്ചെടുക്കുകയായിരുന്നു.
സമ്പൂർണ ഹിന്ദുത്വം സമസ്ത മേഖലയിലും അടിച്ചേൽപ്പിക്കുന്നതിൽ തൽപരനായ ആദിത്യനാഥ് ബഹുസ്വരതയുടെ കടുത്ത എതിരാളിയുമാണ്. 2008 യു.പിയിലെ സിദ്ധാർഥനഗറിൽ ഹിന്ദു യുവ വാഹിനി സംഘടിപ്പിച്ച വിരാട് ഹിന്ദുചേതനാ റാലിയിൽ സംസാരിക്കവെ ഹിന്ദു- മുസ്ലിം സംസ്കാരങ്ങൾക്ക് ഒരുവിധേനയും സഹവർത്തിത്തം സാധ്യമല്ലെന്നും ഒരു മത യുദ്ധം അനിവാര്യമാണെന്നുമാണ് പ്രഖ്യാപിച്ചത്. ആദിത്യനാഥിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലുള്ള 'ഹിന്ദുക്കൾ അപകടത്തിൽ', 'ഇസ്ലാമിക ഭീകരതയെ കരുതിയിരിക്കുക' തുടങ്ങി പല ലേഖനങ്ങളും ഇസ്ലാംഭീതി വളർത്തുന്നവയാണ്.
രാജ്യത്ത് വളർന്നുവരുന്ന അസഹിഷ്ണുതക്കെതിരെ എഴുത്തുകാരും ശാസ്ത്രജ്ഞരും ചരിത്രകാരുമുൾപ്പെടെ രംഗത്തുവന്ന സാംസ്കാരിക പ്രവർത്തകർക്കൊപ്പം അണിചേർന്നതിന്‍റെ പേരിൽ സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനെ പാക് ഭീകരൻ ഹഫീസ് സെയ്ദുമായി താരതമ്യം ചെയ്ത ആദിത്യനാഥ് ഹിന്ദു ജനത ഷാരൂഖിന്‍റെ സിനിമകൾ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തു, ഷാരൂഖിനോട് പാകിസ്താനിലേക്ക് പോകുവാനും പറഞ്ഞു. ഉത്തർപ്രദേശിന്റെ സമന്വയ ഭാവത്തിന് കനത്ത ആഘാതം വരുത്തിയ മുഖ്യമന്ത്രി ആദിത്യനാഥ് മാർച്ച് 2018ന് താനൊരു അഭിമാനിയായ ഹിന്ദുവാണെന്നും മുസ്ലിംകളുടെ ആഘോഷമായ ഈദ് കൊണ്ടാടില്ലെന്നും യു.പി അസംബ്ലിയിൽ പരസ്യമായി പ്രഖ്യാപിച്ചു. ഗംഗാ-ജമുനി സംസ്കാരം എന്ന് പുകൾപെറ്റ യു.പിയുടെ ബഹുസ്വരതാ ജീവിതത്തിൽ നിന്നുള്ള വ്യതിചലനമായിരുന്നു അത്.
ഹിന്ദു-മുസ്ലിം സാംസ്കാരിക ഘടകങ്ങളുടെ സമന്വയത്തിന് പേരുകേട്ട നാടായ യു.പിയിൽ 2011ലെ സെൻസസ് പ്രകാരം 19 ശതമാനം ജനങ്ങൾ മുസ്ലിംകളാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള മതാന്തര കൊടുക്കവാങ്ങലുകളുടെ ഫലമായി പാചകം, സാഹിത്യം, വസ്ത്രരീതികൾ, ഉത്സവങ്ങൾ, കഥക് പോലുള്ള കലാരൂപങ്ങൾ തുടങ്ങി ജീവിതരീതിയിൽ തന്നെ ഇരു സമുദായങ്ങളുടെയും സമ്മിശ്രപൈതൃകം പ്രതിഫലിച്ചിരുന്നു.
ഹോളി ആഘോഷവേളയിൽ ബാരാബങ്കിയിലെ സൂഫിവിശുദ്ധൻ ഹാജി വാരിസ് അലി ഷായുടെ ദേവാ ശരീഫ് എന്നറിയപ്പെടുന്ന വെള്ള നിറത്തിലെ കുടീരം ചുമപ്പും മഞ്ഞയും പിങ്കും പർപ്പിളുമെല്ലാമായി നിറമേളമണിയും. 19-ാം നൂറ്റാണ്ടിൽ ജീവിച്ച വാരിസ് അലി വാർസി സൂഫി ചിന്താധാരയുടെ തുടക്കക്കാരനാണ്.എല്ലാ മതങ്ങളും സ്നേഹത്തിലും കരുണയിലും അധിഷ്ഠിതമാണെന്ന് വിശ്വസിക്കുകയും പ്രഘോഷിക്കുകയും ചെയ്ത അദ്ദേഹത്തിന്‍റെ അനുയായികളിൽ ഹിന്ദുക്കളും മുസ്ലിംകളും സിഖുകാരും ക്രൈസ്തവരുമെല്ലാമുണ്ട്, സ്വന്തം മതത്തിനുള്ളിൽ നിലകൊണ്ട് തന്നെയാണ് അവർ വാരിസ് അലിയെ പിൻപറ്റിയിരുന്നത്. സഹിഷ്ണുതാ സന്ദേശം ഉയർത്തിപ്പിടിക്കുന്നതിന്‍റെ ഭാഗായി നൂറ്റാണ്ടിലേറെയായി എല്ലാ വർഷവും ഈ കുടീരത്തിൽ വിപുലമായ ഹോളി ആഘോഷവും നടന്നുവരുന്നു.
2017 നവംബർ 26ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തവെ മുഖ്യമന്ത്രി ആദിത്യനാഥ് ദേവാ ശരീഫിലെ വൈദ്യുതി വിതരണത്തിന് വർഗീയ നിറം നൽകി അതും ഒരു തെരഞ്ഞെടുപ്പ് വിഷയമാക്കി. 'ദേവയിൽ ആഴ്ചയിൽ ഏഴുദിവസവും 24 മണിക്കൂറും വൈദ്യൂതി ലഭിക്കുമ്പോൾ മഹാദേവന് ഇതൊന്നും കിട്ടുന്നില്ല, നമ്മളിതിന് മാറ്റം വരുത്തും'- എന്നായിരുന്നു പരാമർശം. അതേ ജില്ലയിൽ ഒരു മണിക്കൂർ വഴിദൂരം മാത്രമുള്ള ലോധേശ്വർ മഹാദേവ ക്ഷേത്രവും ദേവാ ശരീഫിനെപ്പോലെ സമന്വയ സംസ്കാരത്തിന്റെ പ്രതീകമായിരുന്നു. നൂറ്റാണ്ടുകളായി ക്ഷേത്രവളപ്പിന് പുറത്ത് പൂജാസാമഗ്രികളും കരകൗശല വസ്തുക്കളും പാത്രങ്ങളും കളിപ്പാട്ടങ്ങളുമെല്ലാം വിൽക്കുന്ന കടകൾ നടത്തുന്നവരിൽ ഹിന്ദുക്കളും മുസ്ലിംകളുമുണ്ട്. നാടിന്റെ സമ്പദ്വ്യവസ്ഥയെ തുണക്കുന്ന മുഖ്യഘടകമായ ക്ഷേത്രത്തിലെ രണ്ട് വാർഷിക പരിപാടികൾ - മാർച്ച്-ഏപ്രിൽ മാസങ്ങളിലായി ശിവരാത്രി ഉത്സവത്തിലും ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന കന്നുകാലി മേളയിലും ഇരു മതക്കാരും ആഹ്ലാദാവേശപൂർവമാണ് എത്തിക്കൊണ്ടിരുന്നത്. മതസൗഹാർദം കാത്തുസൂക്ഷിക്കുന്നതിൽ മുൻകാലങ്ങളിൽ ക്ഷേത്രത്തിലെ പുരോഹിതർ വലിയ പങ്കുവഹിച്ചിരുന്നു. ദേവയെയും മഹാദേവയെയും മതേതര പാരമ്പര്യങ്ങളെല്ലാം റദ്ദ് ചെയ്ത് രണ്ട് മതങ്ങളുടെ അടയാളങ്ങളാക്കി ചിത്രീകരിച്ചു കളഞ്ഞു മുഖ്യമന്ത്രി.
യോഗി ആദിത്യനാഥിനെ അതേപടി അനുകരിച്ച് ഛോട്ടാ യോഗി എന്ന പേരുനേടിയ മഹന്ത് ആദിത്യനാഥ് തിവാരി 2017ൽ മഠത്തിലെ മുഖ്യപൂജാരിയായി. ആദിത്യനാഥിന്‍റെ പാതപിൻതുടരുന്ന ഇയാൾ ഹിന്ദു യുവവാഹിനിയുടെ പിന്തുണയോടെ ക്ഷേത്രത്തിനരികിൽ സ്ഥിതി ചെയ്യുന്ന 200 വർഷം പഴക്കമുള്ള മസ്ജിദിൽ ഉച്ചഭാഷണി ഉപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്താനും ക്ഷേത്രവളപ്പിനടുത്ത് കച്ചവടം നടത്തുന്ന മുസ്ലിംകളെ ഒഴിപ്പിക്കാനുമായി പ്രചാരണങ്ങൾ നടത്തി. മുസ്ലിം കച്ചവടക്കാരെ കഠോരമായ ദേശസുരക്ഷാ നിയമം (എൻ.എസ്.എ)ചുമത്തി അറസ്റ്റ് ചെയ്തതിനെച്ചൊല്ലി നിരവധി വർഗീയ കലാപങ്ങളും ഈ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.
''ഒരു മുസ്ലിം തയ്യൽക്കാരൻ അയോധ്യയിലെ രാംലല്ലയെ വർഷങ്ങളോളം എങ്ങനെയാണ് പരിപാലിച്ചതെന്ന് ഇവർ മറന്നുപോയോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഓരോ വർഷവും മഹാദേവനെ കണ്ടുവണങ്ങാൻ എത്തുന്ന ഭക്തജനങ്ങളെയും ഞങ്ങൾ ഞങ്ങൾ എത്ര നന്നായാണ് പരിചരിച്ചത്''- ജയിലിലടക്കപ്പെട്ട റിസ്വാൻ എന്ന യുവാവിന്റെ ഉമ്മ ഷക്കീലയുടെ വാക്കുകൾ.
അവരുടെ മകനെപ്പോലെ കുടുംബത്തിന്റെ ഏക അത്താണിയായി കാര്യങ്ങൾ നോക്കി നടത്തിയിരുന്നവരെ ഇത്തരത്തിൽ അറസ്റ്റു ചെയ്തു കൊണ്ടുപോകുന്നതോടെ രാജ്യത്തെ ഏറ്റവും സാമൂഹിക-സാമ്പത്തിക അവസ്ഥയിൽ കഴിയുന്ന മുസ്ലിം സമുദായാംഗങ്ങൾ കൂടുതൽ ദുർബലരാകുന്നു. സച്ചാർ സമിതിയുടെ റിപ്പോർട്ട് പ്രകാരം 31 ശതമാനം പേർ, അതായത് ഇന്ത്യൻ മുസ്ലിം ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്നുപേരുടെ ജീവീതം ദാരിദ്യരേഖക്ക് കീഴിലാണ്. ആദിത്യനാഥ് സർക്കാർ 18 മാസം അധികാരം പൂർത്തിയാക്കിയപ്പോഴേക്ക് 160 പേർക്കെതിരെയാണ് ദേശസുരക്ഷാ നിയമം ചുമത്തിയത്. ഏറെയും ഇഷ്ടികക്കളത്തിൽ ജോലി ചെയ്യുന്നവരും, റിക്ഷാവലിക്കാരും വഴിക്കച്ചവടക്കാരും, വിദ്യാർഥികളുമുൾപ്പെടെയുള്ള മുസ്ലിംകൾ.
2018ജനുവരി മുതൽ 2020 ഡിസംബർ വരെ ഉത്തർപ്രദേശ് അധികൃതർ ചുമത്തിയ 120 കേസുകളിൽ മൂന്നിലൊന്നിലേറെയും മുസ്ലിംകൾക്കെതിരെ ഗോവധം ആരോപിച്ചുള്ളതാണ്. ഹിന്ദു സമൂഹത്തിലെ ചില വിഭാഗങ്ങൾക്കിടയിൽ വിശുദ്ധമൃഗമായി ഗണിക്കപ്പെടുന്ന പശു വലതുപക്ഷ രാഷ്ട്രീയത്തെ ത്വരിതപ്പെടുത്തുന്നതിലെ പ്രധാന ഘടകമാണ്. ഗോശാലകൾ സന്ദർശിച്ച് പശുക്കളെ പരിപാലിക്കുകയും പൂജിക്കുകയും ചെയ്യുന്ന ആദിത്യനാഥിന്‍റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഇടക്കിടെ പ്രദർശിപ്പിക്കാറുണ്ട്. കഴിഞ്ഞ വർഷം മഹാമാരി കൊടുമ്പിരി കൊണ്ടുനിൽക്കേ ആധുനിക ആരോഗ്യ ഉപകരണങ്ങൾ സഹിതം സർക്കാർ പശു സഹായതാ കേന്ദ്രങ്ങൾ തുറക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
ആദിത്യനാഥ് അധികാരമേറ്റതിൽ പിന്നെ മാംസഭക്ഷണം ഔദ്യോഗിക വിരുന്നുകളിൽ വിളമ്പാറില്ല. ഇന്ത്യ സസ്യാഹാരികളുടെ രാഷ്ട്രമാണെന്ന പ്രചാരണം ഹിന്ദുവലതുപക്ഷം നടത്തിപ്പോരുന്നുണ്ട്. എന്നാൽ കണക്കുകൾ കാണിക്കുന്നത് രാജ്യത്തെ 20 ശതമാനം പേർ മാത്രമാണ് സസ്യാഹാരികൾ എന്നാണ്. ഹിന്ദു ഭൂരിപക്ഷവും മുസ്ലിംകളും, ക്രൈസ്തവരും സിഖുകാരും ബുദ്ധ മതസ്ഥരുമുൾപ്പെടെ 80 ശതമാനം പേർ മാംസാഹാരം ഭക്ഷിക്കുന്നു. ഉപയോഗിക്കുന്ന മാംസാഹാരത്തിന്റെ 15 ശതമാനം മാട്ടിറച്ചി (ബീഫ്) ആണ്. ഈ കാര്യകാരണങ്ങെളല്ലാം മറച്ചുവെച്ച് മുസ്ലിംകളെ ഉന്നമിട്ട് പിടികൂടാനുള്ള ഒരു മറയാക്കി'പശുസംരക്ഷണം' ഹിന്ദുത്വ വാദികൾ ഉപയോഗപ്പെടുത്തുന്നു.
കശാപ്പ് വ്യവസായത്തെ ഉന്നമിട്ടു. 50 ലക്ഷം ഡോളർ വരുന്ന രാജ്യത്തു നിന്നുള്ള മാട്ടിറച്ചി കയറ്റുമതിയുടെ മൂന്നിൽ രണ്ട് ഭാഗവും നടത്തിപ്പോന്ന യു.പിയിലെ കശാപ്പ് വ്യവസായത്തെ യോഗി ഭരണകൂടം കാര്യമായി ഉന്നമിട്ടു. ഈ കച്ചവടമേഖലയിൽ കൂടുതലും മുസ്ലിംകളാണ്. കഴിഞ്ഞ നാലര വർഷത്തിനിടെ സർക്കാർ 150 അറവുശാലകൾ അനധികൃതമെന്ന് പറഞ്ഞ് അടച്ചുപൂട്ടി. 319 പേരെ കാലിക്കടത്തുകാർ എന്നാരോപിച്ച് അറസ്റ്റിലാക്കുകയും ചെയ്തു. അറസ്റ്റു മാത്രമല്ല, പശുവിനെ അറത്തു എന്ന കിംവദന്തിയുടെ പുറത്ത് സംസ്ഥാനത്ത് നിരവധി മുസ്ലിംകൾ ആൾക്കൂട്ടക്കൊലക്കുമിരയായി. ''പശുവുണ്ടായിരുന്നില്ല, കത്തിയോ വെട്ടുകത്തിയോ രക്തമോ ഇല്ലായിരുന്നു, ഞങ്ങളെ ആക്രമിച്ചത് മുസ്ലിംകളാണ് എന്ന ഒറ്റ കാരണത്തിലാണ്''.- 2018 ജൂണിൽ ഹാപൂർ ജില്ലയിൽ ഗോവധം ആരോപിച്ച് ഹിന്ദുത്വ സംഘം തല്ലിച്ചതച്ച സമിഉദ്ദീൻ പറയുന്നു.അദ്ദേഹത്തിന്‍റെ സുഹൃത്ത് ഖാസിമിനെ അവർ മർദിച്ചു കൊലപ്പെടുത്തുകയും ചെയ്തു.
2017ലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ക്രമസമാധാന തകർച്ചയുടെ കാരണക്കാരെന്ന മട്ടിൽ യു.പിയിലെ കുറ്റകൃത്യനിരക്കിനെ മുസ്ലിംകളുമായി ബന്ധിപ്പിച്ച് സംസാരിച്ചിരുന്നു ആദിത്യനാഥ്. ആദിത്യനാഥ് സർക്കാറിന് കീഴിൽ ഒക്ടോബർ 2021 വരെയുള്ള കണക്ക് പ്രകാരം യു.പി പൊലീസ് 151 പേരെ 'ഏറ്റുമുട്ടൽ' എന്നറിയപ്പെടുന്ന പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. 3,196 പേർക്ക് പരിക്കേറ്റു. ഭൂരിഭാഗം പേരും വിചാരണ നേരിടുന്നവരായിരുന്നു. 40 ശതമാനത്തിനടുത്ത് പേർ മുസ്ലിംകളും ബാക്കി പട്ടികജാതി, മറ്റുപിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരും. കൊല്ലപ്പെടുന്നവർ 17-45 പ്രായവിഭാഗത്തിൽപെടുന്നവരാണ്. അവരുടെ അധ്വാനമായിരുന്നു കുടുംബങ്ങളിലെ ഏക വരുമാനമാർഗം. മിക്കവരും നിസ്സാര തുകയോ, ഭക്ഷണമോ അല്ലെങ്കിൽ ചെറിയ സ്വർണാഭരണങ്ങളോ മോഷ്ടിച്ചെന്ന പെറ്റികേസുകളിൽ ആരോപണവിധേയരായി പിടിക്കപ്പെട്ടവരാണ്. ഏറ്റമുട്ടൽ കൊലയുടെ എണ്ണപ്പെരുക്കവും ആദിത്യനാഥ് സർക്കാർ തങ്ങളുടെ വാർഷിക റിപ്പോർട്ടിൽ നേട്ടമായി എണ്ണിപ്പറയുന്നുണ്ട്. സുപ്രിംകോടതി നിർദേശങ്ങളെ ലംഘിച്ചുകൊണ്ട് പൊലീസുകാരെ പുരസ്കരിക്കുകയും കൊണ്ടാടുകയും ചെയ്യപ്പെടുന്നു. സംഭവങ്ങളിൽ അന്വേഷണം ആവശ്യപ്പെടുന്ന ഇരകളുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയും അവരുടെ വീടുകൾ അക്രമിക്കപ്പെടുകയും ചെയ്യുന്നു.
''ഇത്രമാത്രം ഭീകര ക്രിമിനലുകൾ നിറഞ്ഞ കുടുംബമാണ് ഞങ്ങളുടേതെങ്കിൽ രണ്ടുനേരം ഭക്ഷണം കഴിക്കാനുള്ള വകപോലും ഞങ്ങൾക്കില്ലാത്തതെന്താണ്? ഇപ്പോഴും ഞങ്ങളീ കൂരപോലുള്ള വീട്ടിൽ പാർക്കേണ്ടി വരുമായിരുന്നോ? 2017 ഒക്ടോബറിൽ കൊല്ലപ്പെട്ട ഫുർഖാന്റെ വിധവ നസ്റീൻ ചോദിക്കുന്നു. ദേശീയ മനുഷ്യാവകാശ കമീഷൻ ആദിത്യനാഥ സർക്കാറിന് 12ലേറെ നോട്ടീസുകളയച്ചിട്ടുണ്ട്. ഭരണകൂട അനുമതിയോടെ മുൻകൂർ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ഇത്തരം കൊലപാതകങ്ങളിൽ ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രതിനിധി 2019 ജനുവരിയിൽ ഇന്ത്യൻ സർക്കാറിന് കത്തയച്ചിരുന്നു. സർക്കാർ അറിഞ്ഞ മട്ടുപോലും കാണിച്ചില്ല.
2016നും 2019നും ഇടയിൽ ന്യുനപക്ഷങ്ങൾക്കും ദലിതുകൾക്കുമെതിരെ നടന്ന കുറ്റകൃത്യങ്ങളുടെ പേരിൽ ദേശീയ മനുഷ്യാവകാശ കമീഷൻ രജിസ്റ്റർ ചെയ്ത 2,008 കേസുകളിൽ 43 ശതമാനം വിദ്വേഷ കൃത്യങ്ങളും യു.പിയിൽ നിന്നായിരുന്നു. ന്യൂനപക്ഷങ്ങളും ദലിതുകളും ആദിവാസികളും രാജ്യത്ത് ഏറ്റവും അരക്ഷിതമായ ദേശമാവുന്നു ഉത്തർ പ്രദേശ്.
'എതിരഭിപ്രായത്തിന് തരിമ്പ് ഇടമനുവദിക്കാൻ തയ്യാറല്ല ആദിത്യനാഥ്, വിശിഷ്യാ ദലിത് സമുദായത്തിൽ നിന്നുള്ളവയെ'- മീറത്തിലെ ജാതിവിരുദ്ധ കൂട്ടായ്മയായ ബ്യൂ പാന്തേഴ്സിന്റെ പ്രസിഡന്‍റ് സുശീൽ ഗൗതം പറയുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ 20 ശതമാനം വരുന്ന ദലിതുകൾക്ക് യു.പിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിർണായക പങ്കുവഹിക്കാനുണ്ട്. ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിനുള്ള സാമൂഹിക-സാമ്പത്തിക പാർശ്വവത്കരണം, അയിത്തം, വിവേചനം എന്നിവയെല്ലാം നേരിടുന്നു ദലിതുകൾ.
ജാതീയത പ്രകടിപ്പിച്ചതിന് ആദിത്യനാഥിനെതിരെ പലവുരു വിമർശനങ്ങളുയർന്നിട്ടുണ്ട്. 2017 മേയിൽ കിഴക്കൻ യു.പിയിലെ കുശിനഗറിൽ ദലിത് കുടുംബങ്ങൾക്കൊപ്പം ഒരു പൊതുയോഗം നടത്തിയിരുന്നു ആദിത്യനാഥ്. പരിപാടിയുടെ തലേദിവസം ആ കുടുംബങ്ങൾക്ക് കുളിച്ച് വൃത്തിയായി യോഗത്തിനെത്തണമെന്ന നിർദേശത്തോടെ സോപ്പും ഷാമ്പുവും വിതരണം ചെയ്യപ്പെട്ടു. പട്ടികജാതി-വർഗക്കാർക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലികളിലും സംവരണം നൽകാൻ വ്യവസ്ഥ ചെയ്യുന്നുണ്ട് ഇന്ത്യൻ ഭരണഘടന. എന്നാൽ, ആദിത്യനാഥ് സംവരണ നയത്തെ എതിർക്കുന്നു. അദ്ദേഹത്തിന്‍റെ ഭരണതലത്തിലെ ഉന്നത പൊലീസുദ്യോഗസ്ഥരെല്ലാം ഠാക്കൂറുകളാണ്. കൃത്യമായ മേൽജാതി മേൽക്കോയ്മയാണ് സർക്കാറിൽ- സുശീൽ പറയുന്നു.
2017ൽ അധികാരമേറ്റ് ഒരു മാസം കഴിഞ്ഞതും സഹാറൻപൂർ ജില്ലയിലെ ഷബ്ബിർപൂർ ഗ്രാമത്തിൽ ബി.ആർ. അംബേദ്കർ പ്രതിമ സ്ഥാപിക്കാൻ ദലിതുകൾക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. ഠാക്കൂർ സമുദായം എതിർപ്പ് ഉന്നയിച്ചുവെന്ന പേരിലാണ് ഇന്ത്യൻ ഭരണഘടനാ ശിൽപിയുടെ പ്രതിമക്ക് വിലക്കേർപ്പെടുത്തിയത്. എന്നാൽ ഒരാഴ്ച കഴിഞ്ഞതും അതേ ഗ്രാമത്തിൽ ഠാക്കൂർ സമുദായക്കാർക്ക് മഹാറാണാപ്രതാപിനെ വാഴ്ത്തിക്കൊണ്ട് ഘോഷയാത്ര നടത്താൻ അനുമതി നൽകപ്പെട്ടു. ഇതിനിടയിൽ സംഘർഷം പൊട്ടിപ്പുറപ്പെടുകയും അക്രമിക്കൂട്ടം 55 ദലിത് വീടുകൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റ സംഭവ ശേഷം അറസ്റ്റിലായത് 50 ദലിതുകളും രണ്ട് ഠാക്കൂർമാരും.
അതേ പോലെ 2018 ആഗസ്റ്റിൽ ഉൽദേപൂർ ഗ്രാമത്തിൽ ഠാക്കൂറുകളുടെ അക്രമത്തിൽ ദലിത് ബാലൻ കൊല്ലപ്പെട്ടതിനെതിരെ ദലിതുകൾ മീറത്ത് നഗരമധ്യത്തിലെ ചൗധരി ചരൺസിങ് പാർക്കിൽ നടത്താനിരുന്ന പ്രതിഷേധത്തിന് അനുമതി നിഷേധിക്കപ്പെട്ടു. ഇതേ സ്ഥലത്താണ് കുറ്റാരോപിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഠാക്കൂറുമാർ ഒരുമിച്ചു ചേർന്നത് എന്നു കൂടി അറിയുക. ദലിതുകൾ പ്രതിഷേധം നടത്താനൊരുമ്പെട്ടാലുടൻ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെടും. മീറത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കഴിഞ്ഞ നാലര വർഷമായി 144ലാണെന്നും സുശീൽ ചൂണ്ടിക്കാട്ടുന്നു. വിഭവലഭ്യതയുടെ പരിമിതി മൂലം രാജ്യത്തെ അഞ്ച് ദലിത് വിദ്യാർഥികളിലൊരാൾ പഠിപ്പ് ഉപേക്ഷിക്കുന്നു എന്നാണ് ഈയിടെ പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത്. അതിനിടയിൽ യോഗി സർക്കാർ ദലിത് വിദ്യാർഥികളുടെ സ്കോളർഷിപ്പിനുള്ള മാനദണ്ഡം സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ എന്നത് മാറ്റി മാർക്ക് ആക്കി മാറ്റി. 60 ശതമാനം മാർക്ക് ലഭിച്ചവർക്ക് മാത്രം സ്കോളർഷിപ്പ് എന്ന വ്യവസ്ഥ വെച്ചതോടെ അതു ലഭിക്കുന്നത് വളരെ ചുരുക്കം വിദ്യാർഥികൾക്ക് മാത്രമായി.
അവസാനം നടത്തിയ മന്ത്രിസഭാ വികസനത്തിൽ പോലും ദലിതുകളെ അകറ്റി നിർത്തിയ ആദിത്യനാഥും കുറച്ച് ബി.ജെ.പി നേതാക്കളും തെരഞ്ഞെടുപ്പ് അടുത്തതിന്റെ ഭാഗമായി ഈ വർഷം ജനുവരി 22ന് ഗോരഖ്പൂരിലെ ദലിത് ഭവനത്തിൽ ഭക്ഷണം കഴിക്കാൻ വന്നു. ദലിതുകൾക്ക് മിനറൽ വാട്ടർ വാങ്ങാനോ ഉപയോഗിക്കാനോ ഉള്ള അവസ്ഥയില്ല എന്ന് എല്ലാവർക്കുമറിയാം, എന്നാൽ ആദിത്യനാഥിനടുത്ത് ബിസ്ലേരി കുപ്പിയാണ് ഉണ്ടായിരുന്നത്. അതൊന്നും മിശ്രഭോജനമായിരുന്നില്ല, ഫോട്ടോ എടുത്ത് മാധ്യമങ്ങളെ അറിയിക്കാനുള്ള ഒരു സന്ദർഭം മാത്രം. ഞങ്ങളെ സമജനങ്ങളായി കാണുന്നുവെങ്കിൽ ഞങ്ങൾ പരമ്പരാഗതമായി ശുചീകരണ ജോലി ചെയ്യാൻ നിർബന്ധിതരാക്കപ്പെടുന്ന അഴുക്കുകാനയിൽ ഞങ്ങളോടൊപ്പം ഇറങ്ങാൻ തയ്യാറാകുമോ- സുശീൽ ചോദിക്കുന്നു. നൂറ്റാണ്ടുകളായി ദലിത് സമൂഹത്തിലെ വലിയ ഒരു വിഭാഗം ചെയ്യാൻ നിർബന്ധിതരാക്കപ്പെടുന്ന തോട്ടിപ്പണിക്ക് 1993 രാജ്യം നിരോധമേർപ്പെടുത്തിയിട്ടും ഇപ്പോഴുമത് നിർബാധം തുടരുന്നു.
സംസ്ഥാന ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ആദിവാസികളുടെ എണ്ണം. എന്നാൽ 80 ശതമാനം പേരും ഭൂരഹിതരാണ്. 2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ പട്ടികവർഗക്കാരിൽ പകുതിപേരും പാർക്കുന്നത് വാസയോഗ്യമല്ലാത്ത വീടുകളിലാണ്. പട്ടിക വർഗ വിഭാഗത്തിൽ പെടുത്തിയിരിക്കുന്ന സംസ്ഥാനത്തെ നിരവധി ആദിവാസി ഗോത്രങ്ങൾ കുടിയിറക്ക് ഭീഷണിയും നേരിടുന്നു.
2019 ജൂലൈ 17ന് സോൻഭദ്ര ജില്ലയിൽ നടന്ന കൂട്ടക്കൊലയിൽ പത്തുപേർക്ക് ജീവൻ നഷ്ടപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രബലരായ ഗുജ്ജർ സമുദായക്കാരനായ ഗ്രാമമുഖ്യൻ യഗ്യാദത്ത് അവകാശവാദമുന്നയിച്ച ഭൂമിയിൽ നിന്ന് കുടിയൊഴിഞ്ഞു പോകാൻ ഗോണ്ട് ഗോത്രസമുദായത്തിലെ ആദിവാസികൾ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു കൊല.
ആദിവാസികൾ ഈ ഭൂമിയിൽ ഏഴ് പതിറ്റാണ്ടായി അധ്വാനിച്ച് കൃഷി നടത്തി വരികയായിരുന്നു. ആദിത്യനാഥ് അധികാരമേറ്റതിൽ പിന്നെ പ്രാദേശിക ഭൂമാഫിയ അവരോട് നിലം ഉഴുവുന്നത് നിർത്തി ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് മുൻ ഐ.പി.എസ് ഓഫീസറും ആൾ ഇന്ത്യ പീപ്പിൾസ് ഫ്രണ്ട് പ്രസിഡൻറുമായ എസ്.ആർ. ദാരാപൂരി ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ആദിവാസി സമൂഹങ്ങളെ ഹൈന്ദവവത്കരിക്കാനുള്ള പദ്ധതിയുമായി ഹിന്ദുത്വർ മുന്നോട്ടുപോകവെ പരമ്പരാഗത ആചാരവും മതവും തനവ് വിശ്വാസവും പുലർത്തി വരുന്ന ആദിവാസികൾ അവരുടെ സ്വത്വത്തിൽ ഉറച്ചുനിൽക്കുന്നത് ആദിത്യനാഥ് സർക്കാറിന് ഇഷ്ടമുള്ള കാര്യമല്ലെന്നും അതിനുള്ള ശിക്ഷയാണ് കുടിയിറക്കിലൂടെ നടപ്പാക്കുന്നതെന്നും ദാരാപുരി കൂട്ടിച്ചേർത്തു.
''നമ്മുടെ ശാസ്ത്രങ്ങളിൽ സ്ത്രീകളുടെ മഹത്വം വാഴ്ത്തിപ്പറയുന്നുണ്ട്, അതേ സമയം അവരുടെ പ്രാധാന്യവും മാന്യതയും കുലീനതയുമെല്ലാം പരിഗണിച്ച് അവർക്ക് നൽകേണ്ട സംരക്ഷണത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ഊർജത്തെ നിയന്ത്രണമില്ലാതെ സ്വതന്ത്രമായി വിട്ടയച്ചാൽ അത് പ്രയോജനരഹിതവും നാശകാരിയുമാവുന്നതു പോയെ ശക്തിശക്തി സ്വരൂപ സ്ത്രീ- ശക്തിയുടെ ആൾരൂപമായ സ്ത്രീക്ക് സ്വാതന്ത്ര്യമല്ല, മറിച്ച് സംരക്ഷണവും മാർഗവും നൽകി അർഥസമ്പൂഷ്ടമായ ഒരു കർതവ്യമാണ് നൽകേണ്ടത്.
അത്തരത്തിൽ നിയന്ത്രിതവും സംരക്ഷിതവുമായ സ്ത്രീശക്തിക്ക് മാത്രമേ മഹാന്മാരായ മനുഷ്യർക്ക് ജന്മം നൽകാനും അവശ്യഘട്ടത്തിൽ പടക്കളത്തിലിറങ്ങി ദുഷ്ടശക്തികളെ നിഗ്രഹിക്കാനും കഴിയൂ. അതേ സമയം, ബോധമില്ലാത്ത പടിഞ്ഞാറൻ സ്ത്രീസ്വാതന്ത്ര്യവാദം അവരെ കൂടുതൽ വിനാശകരമായ അവസ്ഥകളിലേക്ക് തള്ളിവിടുകയും സൃഷ്ടിയേയും വീടിന്റെയും കുടുംബത്തിന്റെയും സുസ്ഥിരതയെ തകിടംമറിക്കുയും ചെയ്യും, അതു വഴി രാഷ്ട്രത്തിന്റെയും മാതൃഭൂമിയുടെയും തിളക്കമാർന്ന പുനനിർമാണവും തടസ്സപ്പെടും- യോഗി ആദിത്യനാഥ് എഴുതി ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച മാതൃശക്തി- ഭാരതീയ ശക്തി കേ സന്ദർഭ് മേ എന്ന ലേഖനത്തിലെ വരികളാണിത്. പുരുഷന്മാർ സ്ത്രീകളെ സംരക്ഷിക്കുകയും നിയന്ത്രിക്കുകയും സാമൂഹിക വ്യവസ്ഥക്ക് ഭീഷണിയാവുന്ന പടിഞ്ഞാറൻ സ്ത്രീവാദ ചിന്തകളിൽ നിന്ന് അവരെ കാത്തുരക്ഷിക്കുകയും വേണമെന്ന വിശ്വാസക്കാരനാണ്.
സ്ത്രീകളെക്കുറിച്ചുള്ള ആദിത്യനാഥിന്‍റെ ലോക വീക്ഷണം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ രൂഢമൂലമായതാണ്. വീടിനു പുറത്ത് അവർക്ക് ചെയ്യാനൊന്നുമില്ലെന്ന നാസി കാല ജർമനിയിലെ സങ്കൽപത്തിന് സമാനമാണീ ചിന്തകൾ. സ്ത്രീയുടെ പരമപ്രധാനമായ ദൗത്യം നല്ല ഭാര്യയായി, ആര്യൻ വംശവർധനക്ക് മുതൽക്കൂട്ടേകി പിതൃഭൂമിക്ക് വേണ്ടി പൊരുതാൻ കരുത്തുള്ള ആൺമക്കളെ വളർത്തിയെടുക്കലാണെന്നായിരുന്നല്ലോ അവർ പറഞ്ഞിരുന്നത്. പാർലമന്‍റെിൽ സ്ത്രീകൾക്ക് 33ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ബില്ലിനെയും ആദിത്യനാഥ് എതിർത്തു. കുടുംബ വ്യവസ്ഥയിൽ സ്ത്രീകളുടെ പങ്കിനെ ഇത് ബാധിക്കും എന്നായിരുന്നു യോഗിയുടെ പക്ഷം. സജീവ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും പുരുഷന്മാരെപ്പോലെ ഇറങ്ങി പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് അമ്മ, മകൾ, സഹോദരി തുടങ്ങിയ സുപ്രധാന റോളുകൾ വേണ്ടവിധം നിറവേറ്റാൻ കഴിയുന്നുണ്ടോ എന്ന് വിശകലനം ചെയ്ത് തീരുമാനിക്കണമെന്നും അദ്ദേഹം എഴുതിയിരുന്നു. എന്നാൽ, വിവിധ തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾ സുപ്രധാനമായ ഭാഗദേയം നിർണയിക്കുന്നുവെന്നതിനാൽ പിന്നീട് ഈ ലേഖനം വെബ്സൈറ്റിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
നാഷനൽ ക്രൈം റെകോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്തെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ മുന്നിൽ നിന്നിരുന്ന യു.പി ആദിത്യനാഥിന്‍റെ ഭരണകാലത്ത് ഇക്കാര്യത്തിൽ വൻവർധന രേഖപ്പെടുത്തി. ജാതി-മത ഭേദമന്യേ സ്ത്രീകൾ ഹീനമായ കുറ്റകൃത്യങ്ങളെ നേരിടേണ്ടി വന്നു. അധികാരമേറ്റ് മൂന്ന് മാസംതികയുമ്ഴേക്ക് ബി.ജെ.പി എം.എൽ.എ കുൽദീപ് സെൻഗറും കൂട്ടാളികളും ചേർന്ന് 17 വയസുള്ള ഒരു പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പെൺകുട്ടിയുടെ കുടുംബം നിരന്തര ഭീഷണികളിൽ കഴിയവെ ആരോപിതനായ എം.എൽ.എയെ രണ്ടു വർഷക്കാലം മുഖ്യമന്ത്രി സംരക്ഷിച്ചു നിർത്തി.
പീഡനത്തെ അതിജീവിച്ച പെൺകുട്ടി നീതിക്കായുള്ള പോരാട്ടത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ സ്വയം തീകൊളുത്തിയിട്ടും യോഗി ഗൗനിച്ചതേയില്ല. പകരം അവളുടെ അച്ഛനെ അറസ്റ്റു ചെയ്തു കൊണ്ടുപോയി, കസ്റ്റഡിയിൽ അദ്ദേഹത്തിന്‍റെ ജീവനും അവസാനിച്ചു. കുടുംബത്തെ വേട്ടയാടിക്കൊണ്ടേയിരുന്നു. അവളുടെ ചെറിയച്ഛനെ അറസ്റ്റു ചെയ്തു, ദുരൂഹ സാഹചര്യത്തിൽ വാഹനങ്ങൾ വന്നിടിച്ച് രണ്ട് അമ്മായിമാർ മരണപ്പെട്ടു. പീഡനമേറ്റ പെൺകുട്ടിക്കും വക്കീലിനും ഈ അപകടത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. ഒടുവിൽ സുപ്രിം കോടതി ഇടപെടുകയും പ്രതിപക്ഷ പാർട്ടികൾ പാർലമന്‍റെിൽ വിഷയം ഉന്നയിക്കുകയും ചെയ്ത ശേഷമാണ് എം.എൽ.എയെ അറസ്റ്റ് ചെയ്യുകയും 2019 ഡിസംബറിൽ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തത്.
2020 സെപ്റ്റംബറിൽ ലഖ്നൗവിൽ നിന്ന് 380 കിലോമീറ്റർ അകലെയുള്ള ഹാഥ്റസിൽ 19 വയസുള്ള ഒരു ദലിത് യുവതി നാല് മേൽജാതി യുവാക്കളാൽ ബലാത്സംഗത്തിനിരയായി. സംഭവം നടന്ന് 10 ദിവസത്തേക്ക് അറസ്റ്റുകളൊന്നുമുണ്ടായില്ല. അതിക്രമത്തിൽ അവളുടെ സ്പൈനൽകോഡ് തകർന്ന് ഇടതുഭാഗം തളർന്നു പോയിരുന്നു, നാവ് മുറിച്ചെടുക്കപ്പെട്ടിരുന്നു. രണ്ടാഴ്ച ഈ മുറിവുകളോടും വേദനകളോടും മല്ലിട്ട് ഡൽഹിയിലെ ആശുപത്രിയിൽ അവൾ ജീവൻ വെടിഞ്ഞു. കുടുംബത്തിന്റെ സമ്മതം പോലും തേടാതെ രായ്ക്ക് രാമാനം മൃതദേഹം സംസ്ഥാന സർക്കാർ ബലാൽക്കാരമായി ദഹിപ്പിച്ചു കളഞ്ഞു. സംഭവം വ്യാപക മാധ്യമ ശ്രദ്ധ നേടുകയും രാജ്യമൊട്ടുക്ക് പ്രതിഷേധങ്ങളുയരുകയും ചെയ്തു.
തന്‍റെ സർക്കാർ കൈവരിച്ച നേട്ടങ്ങളിൽ അസ്വസ്ഥത പൂണ്ടയാളുകൾ ഹാഥ്റസ് സംഭവം ചൂഷണം ചെയ്യുകയാണെന്നും ജാതീക്കലാപം സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ആദിത്യനാഥ് പ്രതികരിച്ചു. സംഭവത്തിലേക്ക് ശ്രദ്ധക്ഷണിച്ചവർക്കെതിരെ സമാധാനത്തിന് ഭംഗം വരുത്തൽ, രാജ്യദ്രോഹം, ഗൂഢാലോചന, മത വിഭാഗങ്ങൾക്കിടയിൽ വൈരം പടർത്തൽ തുടങ്ങിയ വകുപ്പുകളിൽ 19 കേസുകളാണ് ഒരാഴ്ചക്കുള്ളിൽ ചുമത്തിയത്. സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്ത് കഠോര നിയമമായ യു.എ.പി.എ ചുമത്തി ഒന്നര വർഷത്തോളമായി ജയിലിലടച്ചിട്ടിരിക്കുന്നു. ഹാഥ്റസ് പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ല എന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനായി മുംബൈയിൽ നിന്നുള്ള പി.ആർ കമ്പനിയെ ചുമതലയേൽപ്പിക്കുകയും ചെയ്തു.
''ആദിത്യനാഥിന് സ്ത്രീകളുടെ വളർച്ചയിലോ ശാക്തീകരണത്തിലോ താൽപര്യമില്ല, ഹിന്ദു സ്ത്രീകൾ മുസ്ലിംപുരുഷന്മാർക്കൊപ്പം നിൽക്കുന്നുണ്ടോ എന്നതിൽ മാത്രമാണ് ശ്രദ്ധ''- സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ പാർലമന്‍റെംഗവുമായ സുഭാഷിണി അലി പറയുന്നു. 2009ലെ പൊതുതെരഞ്ഞെടുപ്പു കാലത്ത് ആദിത്യനാഥ് നടത്തിയ പ്രസംഗത്തിൽ പറഞ്ഞത് 'അവർ ഒരു ഹിന്ദു പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയാൽ, നമ്മൾ നൂറ് മുസ്ലിം പെൺകുട്ടികളെ പിടിച്ചുകൊണ്ടു വരണമെന്നാണ്. ഹിന്ദു സ്ത്രീകളും മുസ്ലിം പുരുഷന്മാരും തമ്മിലെ ബന്ധത്തെ ലൗജിഹാദ് എന്ന് വിളിച്ച് ശക്തമായി എതിർക്കുന്നു യോഗി.
ലൗജിഹാദ് എന്ന ആരോപണത്തിൻമേൽ നിരവധി ഭരണകൂട ഏജൻസികൾ അന്വേഷണം നടത്തിയെങ്കിലും സംഘടിതമായി അത്തരമെന്തെങ്കിലും നടക്കുന്നതു സംബന്ധിച്ച് യാതൊരു തെളിവും കിട്ടിയിട്ടില്ല. വർഗീയമായ പ്രചാരണമാണിതെന്നതിന് പുറമെ ഹിന്ദു സ്ത്രീകളുടെ ബുദ്ധിയേയും ചിന്താശേഷിയേയും സ്വയംനിർണയ അവകാശത്തെയും സമ്മതത്തെയും തീരുമാനങ്ങളെയുമെല്ലാം വിലകുറച്ച് കാണുക കൂടി ചെയ്യുന്നുണ്ട് ഈ സിദ്ധാന്തക്കാർ.
2017ൽ അധികാരമേറ്റതിന് പിന്നാലെ ആൻറി റോമിയോ സ്ക്വാഡ് എന്ന പേരിൽ ഒരു സദാചാര പൊലീസിങ് ഏർപ്പാടിനും ഇദ്ദേഹം തുടക്കമിട്ടിരുന്നു. സ്ത്രീകളെ പീഡനങ്ങളിൽ നിന്ന് സംരക്ഷിക്കാൻ എന്ന പേരിൽ പൊതുസ്ഥലങ്ങളിൽ ഒരുമിച്ചിരിക്കുന്ന യുവതിയുവാക്കളിൽ നിന്ന് ബലമായി തിരിച്ചറിയൽ രേഖകൾ വാങ്ങിയെടുക്കും. ഹിന്ദു യുവതികൾ മുസ്ലിം ചെറുപ്പക്കാർക്കൊപ്പം ഒരുമിച്ചിരിക്കുകയാണോ എന്ന് പരിശോധിക്കാനാണിത്. 2017 മാർച്ച് 22നും 2020 നവംബർ 30നുമിടയിൽ 14,454 പേരെയാണ് ആൻറി റോമിയോ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
2020 നവംബറിൽ ഉത്തർ പ്രദേശ് നിയമവിരുദ്ധ മതംമാറ്റം നിരോധന ഓഡിനൻസ് (The Uttar Pradesh Prohibition of Unlawful Religious Conversion Ordinance) നടപ്പാക്കി. തെറ്റിദ്ധരിപ്പിച്ചോ, പ്രലോഭിപ്പിച്ചോ നടത്തുന്ന മതംമാറ്റത്തെ പത്തു വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന, ജാമ്യം ലഭിക്കാത്ത കുറ്റമാക്കി പ്രഖ്യാപിച്ച നിയമം അറിയപ്പെടുന്നത് ലൗജിഹാദ് നിയമം എന്ന പേരിലാണ്. വിവാഹ ആവശ്യത്തിന് മതം മാറുന്നതിന് ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി വേണമെന്നും യു.പിയിൽ വ്യവസ്ഥയുണ്ടിപ്പോൾ. ഡിസംബർ 2021ൽ കാൺപൂരിൽ നിന്നുള്ള മുസ്ലിം യുവാവിന് ഈ നിയമ പ്രകാരം പത്തുവർഷ തടവും 30000 രൂപ പിഴയും വിധിച്ചു. ഈ നിയമം മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്യാനും ഹിന്ദു സ്ത്രീകളെ തങ്ങളുടെ വരുതിയിൽ നിർത്തുവാനും ലക്ഷ്യമിട്ടുള്ളതാണ്. സമുദായത്തിന്റെ സ്വത്താണ് സത്രീകളെന്നും അവർക്ക് പങ്കാളിയെ സ്വയം തീരുമാനിക്കാൻ അവകാശമില്ല എന്നുമാണ് അവർ പറഞ്ഞുവെക്കുന്നത്- സുഭാഷിണി അലി ചൂണ്ടിക്കാട്ടുന്നു.
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗ വേളയിൽ നിരവധി മനുഷ്യർക്കാണ് യു.പിയിൽ ജീവനറ്റുപോയത്. സർക്കാർ പറഞ്ഞതിലും എത്രയോ അധികമായിരുന്നു മരണസംഖ്യ. ഗംഗാ നദീ തീരത്ത് കാണപ്പെട്ട എണ്ണമറ്റ കോവിഡ് ജഡങ്ങളെക്കുറിച്ച് 2021 മേയ് മാസം ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്കർ റിപ്പോർട്ട് ചെയ്തു. രണ്ടു മാസങ്ങൾക്ക് ശേഷം ഈ പത്രത്തിന്റെ രാജ്യമൊട്ടുക്കുമുള്ള ബ്യൂറോകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. മാധ്യമങ്ങളെ ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു.
വളർന്നു വരുന്ന ഒരു ഏകാധിപതിയെപ്പോലെ വിവരങ്ങളുടെ ഒഴുക്കിനെ അയാൾ നിയന്ത്രിക്കുന്നു, അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കിക്കൊണ്ട് വിമർശനം കടന്നുവരാൻ സാധ്യതയുള്ള ജാലകങ്ങൾ അടച്ചിടുന്നു. സമൂഹമാധ്യമങ്ങളിൽ യോഗിയേയോ സർക്കാറിനേയോ വിമർശിച്ചതിന് 200 ലേറെ പേരാണ് അറസ്റ്റിലായിരിക്കുന്നത്.
ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കൽ കോളജിൽ ശിശുചികിത്സാ വിഭാഗം ലക്ചറർ ആയിരുന്നു ഡോ. കഫീൽ ഖാൻ. ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം മൂലം 63 കുഞ്ഞുങ്ങൾ മരണപ്പെട്ട സംഭവം ദേശീയ ശ്രദ്ധയിലെത്തിയിരുന്നു. സ്വന്തം കൈയിൽ നിന്ന് പണം ചെലവിട്ട് ഓക്സിജൻ വാങ്ങി പ്രശ്ന പരിഹാരത്തിന് ശ്രമിച്ച ഡോ. ഖാനെ മാധ്യമങ്ങൾ ധീരനായകനായി വിശേഷിപ്പിച്ചു. എന്നാൽ, ഓക്സിജൻ ഇല്ലാത്തതു മൂലം മരണമൊന്നുമുണ്ടായിട്ടില്ല എന്ന് വാദിച്ച സർക്കാർ ദേശീയ സുരക്ഷാ നിയമം ഉൾപ്പെടെ വിവിധ വകുപ്പുകളും കുറ്റങ്ങളും ചുമത്തി കഫീൽ ഖാനെ അറസ്റ്റ് ചെയ്ത് 500 ദിവസത്തിലേറെ ജയിലിലിട്ടു, ജോലിയും കളഞ്ഞു.
കോവിഡ് രണ്ടാം തരംഗകാലത്ത് ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് പറഞ്ഞ ആശുപത്രികൾക്കെതിരെയെല്ലാം ദേശസുരക്ഷാ നിയമം ചുമത്താനും വസ്തുവകകൾ കണ്ടുകെട്ടാനും ഉത്തരവുമിട്ടു. 2020മേയിൽ സംസ്ഥാനത്തെ തൊഴിൽ സംബന്ധിയായ നിയമങ്ങൾ മൂന്നു വർഷത്തേക്ക് മരവിപ്പിച്ചതായി പ്രഖ്യാപിച്ചു. നിയമനവും പിരിച്ചുവിടലും അതോടെ ഉദ്യോഗദാതാക്കൾക്ക് അവരുടെ ഇഷ്ടത്തിന് ചെയ്യാമെന്നായി. സംഘടിക്കുകയും മെച്ചപ്പെട്ട തൊഴിൽ സൗകര്യങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്നതു പോലും അസാധ്യമായി.
യു.പിയിലെ നഗരങ്ങളുടെ പേരു മാറ്റം തുടർന്നു കൊണ്ടേയിരിക്കുന്നു. മുഗൾ സരായി പണ്ഡിത് ദീൻ ദയാൽ ഉപാധ്യായ നഗർ ആക്കി മാറ്റി, അലാഹാബാദിെന പ്രയാഗ് രാജും ഫൈസാബാദിനെ അയോധ്യയുമാക്കി. പ്രതിശീർഷ വരുമാന കാര്യത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പ്രതിശീർഷ വരുമാന പട്ടികയിൽ 36 ൽ 32-ാം സ്ഥാനമാണ് ആദിത്യനാഥ് മുഖ്യമന്ത്രിയായിരിക്കെ യു.പിയുടേത്. മുൻസർക്കാറിന്റെ കാലത്ത് 6.92 ശതമാനമായിരുന്നു അഭ്യന്തര ഉൽപാദനത്തിന്റെ വാർഷിക വളർച്ചാ നിരക്കെങ്കിൽ ഇപ്പോഴത് 1.95 ശതമാനമായി. സംസ്ഥാനത്തെ തൊഴിലില്ലായ്മ രണ്ടര ഇരട്ടി വർധിച്ചു. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ 2012നെ അപേക്ഷിച്ച് അഞ്ചിരട്ടിയായി ഉയർന്നു.
2020 മാർച്ചിൽ പൗരത്വ സമരക്കാരെ അപമാനിക്കാൻ അവരുടെ വ്യക്തിസുരക്ഷ അപകടത്തിലാക്കും വിധം ചിത്രങ്ങളും പേരും വിലാസവും സഹിതം ലഖ്നൗ നഗരത്തിലെമ്പാടും ബോർഡുകൾ സ്ഥാപിച്ചു. അന്ന് അറസ്റ്റിലായവർക്ക് ഭക്ഷണവും മരുന്നും കണ്ണട പോലും നിഷേധിച്ചിരുന്നുവെന്ന് മൂന്നാഴ്ച ജയിലിൽ കഴിയേണ്ടി വന്ന എസ്.ആർ ദാരാപുരി പറയുന്നു. പൗരത്വ സമരക്കാരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള യു.പി സർക്കാർ നടപടിക്കെതിരെ കഴിഞ്ഞ ദിവസം സുപ്രിംകോടതി തന്നെ രംഗത്തുവരേണ്ടിവന്നു.
യു.പിയിലെ ക്രമസമാധാന തകർച്ചയെ ജംഗിൾ രാജ്, ബുള്ളറ്റ് രാജ് എന്നൊക്കെ വിളിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അക്രമവും കൈയേറ്റവുമെല്ലാം കൈമുതലാക്കി നടക്കുന്ന ഭരണമാണ്. മുഖ്യമന്ത്രിക്ക് ബുൾഡോസർ നാഥ് എന്ന വിളിപ്പേര് പോലും ലഭിച്ചിരിക്കുന്നു. അടിച്ചമർത്തലുകൾ നിറഞ്ഞ കഠിനകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇവിടെ നിയമവാഴ്ചയല്ല, വാഴുന്നവന്റെ നിയമമാണ് പ്രാബല്യത്തിൽ- ദാരാപുരി വ്യക്തമാക്കുന്നു.
എം.പി എന്ന നിലയിൽ ഗോരഖ്പൂരിന്റെ വികസനത്തിന് ഒന്നും ചെയ്തിട്ടില്ല യോഗി. മുഖ്യമന്ത്രിയായ ശേഷം വാഗ്ദാനങ്ങളും പാലിച്ചില്ല, ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ തോൽവിക്ക് പോലും ഇത് കാരണമായി- ഒമർ പറയുന്നു. എന്നിരിക്കിലും ബി.ജെ.പിയുടെ താരപ്രചാരകൻ തന്നെയാണ് യോഗി. 2016ൽ ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട വേള യോഗി ആഘോഷഭരിതമാക്കിയിരുന്നു- തനിക്ക് ഇവിടെ മാത്രമല്ല, ആഗോള രാഷ്ട്രീയത്തിലുമുണ്ട് സ്വരവും സ്വാധീനവും എന്ന് കാണിക്കാൻ നടത്തിയ ശ്രമമായാണ് അത് വിലയിരുത്തപ്പെട്ടത്. യോഗിയുടെ ആഗോള വീക്ഷണം അഖണ്ഡഭാരത സങ്കൽപമാണ്. അത് യു.പി അസംബ്ലിയിലും ഉദ്ഘോഷിക്കപ്പെട്ടിരുന്നു. നിലവിലെ ഇന്ത്യക്ക് പുറമെ പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, ടിബറ്റ്, ശ്രീലങ്ക, ബർമ എന്നിവ ചേർന്ന ഒരു ബ്രഹ്മാണ്ഡ ഹിന്ദുരാഷ്ട്രം സാധ്യമാക്കാൻ യത്നിക്കണമെന്നാണ് സംഘ്പരിവാറുകാർ അണികളോട് ആഹ്വാനം ചെയ്യുന്നതും.
മോദിയുടെ പിൻഗാമിയാവും ആദിത്യനാഥ് എന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാൽ അതിലേറെ പേർ കരുതുന്നത് ഗുജറാത്തിലെ കുപ്രസിദ്ധമായ മുസ്ലിം വിരുദ്ധ വംശഹത്യയിലൂടെ ഹിന്ദുത്വത്തിന്റെ മുഖമായി മാറിയ മോദിയേക്കാൾ മിടുക്കനും കണിശക്കാരനും സമർപ്പിതനുമാണ് യോഗി എന്നാണ്. അതു സംഭവിച്ചാൽ നമ്മുടെ ഭരണഘടന തന്നെ ഇല്ലാതാക്കി ഹിന്ദു മേൽകോയ്മ അടിച്ചേൽപ്പിക്കപെടും. പിന്നീട് ജനാധിപത്യം എന്നൊന്ന് അവശേഷിക്കില്ല, സ്വേച്ഛാധിപത്യം മാത്രമാകും ബാക്കിയെന്ന് ദാരാപൂരി പറയുന്നു.
മനുഷ്യാവകാശ ലംഘനങ്ങളെച്ചൊല്ലി യോഗി സർക്കാറിന് തെല്ലും സങ്കോചമില്ല, പുതിയ നയങ്ങളും നിയമങ്ങളും ശിക്ഷാരീതികളും ശക്തിയുമുപയോഗിച്ച് ശിക്ഷിച്ചു നാട് നന്നാക്കാമെന്നാണ് അവർ കരുതുന്നത്. മൂല്യങ്ങളെക്കുറിച്ചോ ജനങ്ങളെക്കുറിച്ചോ ചിന്തയില്ലാത്ത, അധികാരം മാത്രം മനസ്സിൽ കൊണ്ടുനടക്കുന്ന രാഷ്ട്രീയമോഹികൾക്ക് ആദിത്യനാഥിന്‍റെ രാഷ്ട്രീയ സഞ്ചാരപഥം ഒരു മാതൃകാപുസ്തകമാണ്- തരിമ്പ് വികസനം നൽകാതെ വർഗീയ വിഷം മാത്രം വിളമ്പി അനുയായികളെയും ജനക്കൂട്ടത്തെയും ഒപ്പം നിർത്താനാകുമെന്ന് അയാൾ തെളിയിച്ചിരിക്കുന്നു- സുഭാഷിണി അലി ചൂണ്ടിക്കാട്ടുന്നു.
ഭരണഘടനാപരമായ ഒരു നിയന്ത്രണങ്ങളും ഗൗനിക്കാതെ വർചസ്വ- സമ്പൂർണ പരമാധികാരം ആസ്വദിക്കുകയാണിദ്ദേഹം. സാമൂഹിക സാമ്പത്തിക അടിയന്തരാവസ്ഥയിലാണ് യു.പി. അതിന് കാരണഭൂതനായയാൾ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യപദത്തിലെത്തിയാൽ പിന്നീടുള്ള കാര്യങ്ങൾ അചിന്ത്യമാണ്- ഒരു മതം, ഒരു രാഷ്ട്രീയം, ഒരു ഭാഷ ഇതൊക്കെയാവും വന്നു ഭവിച്ചേക്കുക- സുശിൽ മുന്നറിയിപ്പ് നൽകുന്നു.
Courtesy: The Juggernaut (www.jgnt.co)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.