അന്വേഷണ ഏജൻസികൾ പക്ഷപാതരഹിതമായി പ്രവർത്തിക്കണമെന്നും ഭരണഘടനയോടുവേണം കൂറു പുലർത്താനെന്നും ഓർമപ്പെടുത്തുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ സി.ബി.ഐ സ്ഥാപക ഡയറക്ടറായിരുന്ന ഡി.പി. കൊഹ്‍ലിയുടെ അനുസ്മരണ പ്രഭാഷണത്തിൽ
അനുഭവത്തിന്റെ വെളിച്ചത്തിൽ വ്യക്തമാവുന്നൊരു കാര്യം നമ്മുടേതുപോലൊരു ബഹുസ്വര സമൂഹത്തിന് ഏറ്റവും അനുയോജ്യം ജനാധിപത്യമാണെന്നതാണ്. സ്വേച്ഛാധിപത്യ ഭരണക്രമത്തിനു കീഴിൽ നമ്മുടെ നാനാത്വം സംരക്ഷിച്ച് നിർത്താനാവില്ല. ജനാധിപത്യ വഴിയിലൂടെ മാത്രമേ നമ്മുടെ സമ്പന്നമായ സംസ്കാരം, പൈതൃകം, നാനാത്വം, ബഹുസ്വരത എന്നിവയെല്ലാം നിലനിർത്താനും ശക്തിപ്പെടുത്താനും കഴിയൂ.
നമ്മൾ ഇന്ത്യക്കാർ സ്വാതന്ത്ര്യ സ്നേഹികളാണ്. അതിനെ പിടിച്ചുപറിക്കാൻ എന്തെങ്കിലും നീക്കങ്ങളുണ്ടായാൽ ഏകാധിപതികളിൽനിന്ന് അധികാരം തിരിച്ചുപിടിക്കാൻ ജാഗരൂകമായ നമ്മുടെ പൗരാവലി മടികാണിക്കുകയുമില്ല. ആകയാൽ തന്നെ പൊലീസും അന്വേഷണ ഏജൻസികളുമുൾപ്പെടെ എല്ലാ സ്ഥാപനങ്ങളും ജനാധിപത്യമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയും ശക്തിപ്പെടുത്തുകയും വേണം. അവിടങ്ങളിൽ ഏകാധിപത്യ പ്രവണത കടന്നുകൂടാൻ അനുവദിക്കുകയേ അരുത്.
പൊലീസിനും അന്വേഷണ ഏജൻസികൾക്കും സ്വാഭാവികമായ നിയമസാധുത ഉണ്ട് പക്ഷേ, അവർ സാമൂഹികമായ നിയമസാധുക നേടിയെടുക്കേണ്ടതുണ്ട്. പക്ഷപാതരഹിതമായി വേണം പ്രവർത്തിക്കാൻ, കുറ്റകൃത്യം തടയുന്നതിലാണ് ശ്രദ്ധയൂന്നേണ്ടത്. പൊതുജനങ്ങളുമായി സഹകരിച്ച് നിയമപാലനക്രമം ഉറപ്പാക്കണം. ആദ്യഘട്ടത്തിൽ ജനങ്ങൾക്കിടയിൽ വമ്പിച്ച വിശ്വാസമാർജിക്കാൻ സി.ബി.ഐക്ക് കഴിഞ്ഞിരുന്നു. എന്നാൽ, കാലം കഴിയുംതോറും മറ്റെല്ലാ പേരുകേട്ട സംവിധാനങ്ങളെയുംപോലെ സി.ബി.ഐയും ജനങ്ങളുടെ സൂക്ഷ്മനിരീക്ഷണത്തിലായി. പല കേസുകളിലും ചെയ്ത കാര്യങ്ങളും ചെയ്യാതിരുന്ന കാര്യങ്ങളും വിശ്വാസ്യത സംബന്ധിച്ച് ചോദ്യങ്ങൾക്ക് വഴിവെച്ചു. വിഷമഘട്ടങ്ങളിൽ പൊലീസിനെ സമീപിക്കാൻ ജനം മടിക്കുന്നു. അഴിമതി, അമിതാധികാര പ്രയോഗം, നിഷ്പക്ഷതയില്ലായ്മ, രാഷ്ട്രീയ ശക്തികളുമായുള്ള അടുപ്പം എന്നിവയെല്ലാം ചേർന്ന് പൊലീസ് സംവിധാനത്തിന്റെ പ്രതിച്ഛായ ഖേദകരമാംവിധം കളങ്കിതമായിരിക്കുന്നു.
ഭരണമാറ്റത്തെ തുടർന്ന് ദ്രോഹിക്കപ്പെടുന്നു എന്ന പരാതിയുമായി ഇടക്ക് പൊലീസ് ഓഫിസർമാർ സമീപിക്കാറുണ്ട്. സാമൂഹിക സാധുതയും പൊതുജനവിശ്വാസവും വീണ്ടെടുക്കൽ കാലത്തിന്റെ ആവശ്യമായി വന്നിരിക്കുന്നു. രാഷ്ട്രീയ കൂട്ടുകെട്ടിൽനിന്ന് പുറത്തുവരുകയാണ് അതിനുള്ള ആദ്യപടി.
അംഗീകാരങ്ങളും സ്വീകാര്യതയും ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് ഏറ്റവും മികച്ച പ്രതിഭകൾ ഈ സംവിധാനങ്ങളിലേക്ക് എത്തുന്നത്. എന്നാൽ, ധർമനിഷ്ഠരായ ഉദ്യോഗസ്ഥർക്ക് പലപ്പോഴും പ്രതിജ്ഞപാലിച്ച് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. മറ്റു സ്ഥാപനങ്ങൾ എത്ര ന്യൂനതയുള്ളവയായിക്കോട്ടെ, നിങ്ങൾ ധാർമികതയിൽ അടിയുറച്ച് ഒരുമിച്ചുനിന്നാൽ നിങ്ങളുടെ കർത്തവ്യനിർവഹണത്തെ തടസ്സപ്പെടുത്താൻ ഒരാൾക്കും കഴിയില്ല. ഏതു സ്ഥാപനത്തിന്റെ കാര്യമെടുത്താലും ഇതുതന്നെയാണ് ശരി. അവിടെയാണ് നേതൃത്വത്തിെൻറ പ്രസക്തി. ഒരു സ്ഥാപനം അതിന്റെ നേതൃത്വത്തിനനുസരിച്ച് നല്ലതോ കെട്ടതോ ആയിത്തീരും. കുറച്ച് ധർമനിഷ്ഠരായ ഉദ്യോഗസ്ഥർ തീരുമാനിച്ചാൽ ഈ സംവിധാനത്തിൽ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ തന്നെ സാധിക്കും.
ഈ സംവിധാനത്തെ ബാധിക്കുന്ന ഏതാനും കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു. പശ്ചാത്തല സൗകര്യങ്ങളുടെ പോരായ്മ, ആവശ്യത്തിന് മാനുഷിക വിഭവമില്ലാത്തത്, മനുഷ്യത്വ രഹിതമായ അവസ്ഥ-വിശിഷ്യ, കീഴ്ജീവനക്കാരോട്, ആധുനിക ഉപകരണങ്ങളുടെ കുറവ്, തെളിവുശേഖരണത്തിലെ പഴുതുകൾ, നിയമപുസ്തകത്തെ വിലമതിക്കുന്നതിൽ ഓഫിസർമാർ വരുത്തുന്ന വീഴ്ചയും വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെക്കൊണ്ട് കണക്കുപറയിക്കാത്തതും വിചാരണകൾ വൈകുന്നതിലേക്ക് നയിക്കുന്ന ചില കാരണങ്ങളുണ്ട്. പബ്ലിക് പ്രോസിക്യൂട്ടർമാരുടെയും സ്റ്റാൻഡിങ് കൗൺസൽമാരുടെയും കുറവ്, കേസ് മാറ്റിവെക്കാനുള്ള അപേക്ഷകൾ, നൂറുകണക്കിന് സാക്ഷികളെ നിരത്തുന്നതും എണ്ണമറ്റ രേഖകൾ നിരത്തുന്നതും വിചാരണ തടവുകാരെ അനാവശ്യമായി തടവിലിടുന്നത്, രാഷ്ട്രീയ മാറ്റങ്ങൾക്കനുസരിച്ച് മുൻഗണനയിൽ വരുന്ന മാറ്റങ്ങൾ, ഓരോരുത്തർക്കും ബോധിച്ചരീതിയിലുള്ള തെളിവുശേഖരണം, അന്വേഷണത്തിന്റെ ഗതിമാറ്റുംവിധത്തിൽ അടിക്കടിയായി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നത് എന്നിങ്ങനെ അത് നീളുന്നു. കുറ്റവാളികൾ കുറ്റമുക്തരാക്കപ്പെടുന്നതിലേക്കും നിരപരാധികൾ ശിക്ഷിക്കപ്പെടുന്നതിലേക്കുമാണ് ഇത്തരം വിഷയങ്ങൾ പലപ്പോഴും വഴിവെക്കുന്നത്. പൊതുജന വിശ്വാസത്തിൽ സാരമായ തകർച്ച വരുത്തുമിത്. ഓരോ ചുവടും നോക്കിയിരുന്ന് നിർദേശം നൽകുക എന്നത് കോടതികളെ സംബന്ധിച്ച് സുസാധ്യമല്ല.
രാജ്യത്ത് പൊലീസ് സംവിധാനം പരിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കേന്ദ്ര അഭ്യന്തര മന്ത്രാലയം തന്നെ ഇതിന്റെ ആവശ്യകത തിരിച്ചറിഞ്ഞിട്ടുണ്ട്. നിർഭാഗ്യവശാൽ, സമഗ്രമായ ഒരു നിയമത്താൽ നയിക്കപ്പെടുന്നതിന്റെ പ്രയോജനം നമ്മുടെ അന്വേഷണ ഏജൻസികൾക്ക് ഇപ്പോഴും ലഭിച്ചിട്ടില്ല. സ്വതന്ത്രവും സ്വയംഭരണാധികാരമുള്ളതുമായ അന്വേഷണ ഏജൻസി രൂപവത്കരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഉദാഹരണത്തിന്, ഇന്ത്യൻ ജുഡീഷ്യറിയെ ബാധിക്കുന്ന വിവിധ പ്രശ്‌നങ്ങൾക്കിടയിലും, പൊതുജനങ്ങൾ ഇപ്പോഴും ഈ സംവിധാനത്തിൽ വിശ്വാസമർപ്പിക്കുന്നു. ഭരണഘടനയിലും നിയമങ്ങളിലും അന്തർലീനമായി നടക്കുന്ന ജുഡീഷ്യറിയുടെ സ്വയംഭരണവും പ്രതിബദ്ധതയുമാണ് ഈ വിശ്വാസത്തിന് പ്രധാന കാരണം.
സി.ബി.ഐ, ഗുരുതര തട്ടിപ്പ് കുറ്റങ്ങൾ അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികളെ ഒരുമിപ്പിച്ച് ഒരു സ്വതന്ത്ര കുടക്കീഴിലുള്ള സംവിധാനം സൃഷ്ടിക്കൽ അത്യാവശ്യമായിരിക്കുന്നു. ഈ സംവിധാനം അതിന്റെ അധികാരങ്ങളും പ്രവർത്തനങ്ങളും അധികാരപരിധികളും വ്യക്തമായി നിർവചിക്കുന്ന ഒരു ചട്ടത്തിന് കീഴിലായിരിക്കണം. സി.ബി.ഐ ഡയറക്ടറെ നിയമിക്കുന്ന മട്ടിലുള്ള സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു അതോറിറ്റിയുടെ നേതൃത്വവും ഇതിന് ആവശ്യമാണ്. വിവിധ മേഖലകളിൽ വൈശിഷ്ട്യമുള്ള പ്രതിനിധികൾക്ക് ഇതിന്റെ മേധാവിയെ സഹായിക്കാനാവും. ഇത്തരമൊരു സംവിധാനം നടപടിക്രമങ്ങളുടെ ബാഹുല്യം ഇല്ലാതാക്കും. അന്വേഷണ സംവിധാനങ്ങൾ പീഡനങ്ങൾക്കുള്ള ചട്ടുകമായി മാറുന്നു എന്ന ആക്ഷേപത്തിൽനിന്ന് മുക്തമാവാനും ഇതു സഹായിക്കും. ഇപ്പോൾ ഒരേ സംഭവം ഒന്നിലധികം ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. ഇതു പലപ്പോഴും തെളിവുകൾ നേർപ്പിക്കപ്പെടുന്നതിനും മൊഴികളിലെ പൊരുത്തക്കേടിനും നിരപരാധികളുടെ ദീർഘകാല തടവിനുമെല്ലാം ഇടയാക്കുന്നു. ഒരു സംഭവം റിേപ്പാർട്ട് ചെയ്യപ്പെട്ടാൽ ഏതു പ്രത്യേക വിഭാഗമാണ് അന്വേഷണം ഏറ്റെടുക്കേണ്ടത് എന്ന് ഈ സംവിധാനം വേണം തീരുമാനിക്കാൻ.
സമ്പൂർണ സ്വതന്ത്രത ഉറപ്പുവരുത്തുന്നതിന് പ്രോസിക്യൂഷനും അന്വേഷണത്തിനും വ്യത്യസ്തമായ സ്വയംഭരണ സംവിധാനങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടതുണ്ട്. ഈ സംവിധാനത്തിന്റെ പ്രവർത്തനം അതിന്റെ അപ്പോയിൻമെന്റ് കമ്മിറ്റി വാർഷിക ഓഡിറ്റിന് വിധേയമാക്കുക കൂടി ചെയ്താൽ കാര്യങ്ങൾ കൂടുതൽ നീതിയുക്തമാവും. അറിവിന്റെ നിരന്തരമായ നവീകരണം, അത്യാധുനിക സംവിധാനങ്ങളുടെ വിന്യാസം, ഏറ്റവും മികച്ച രീതികൾ പഠിക്കുന്നതിന് അന്താരാഷ്ട്ര വിനിമയ പരിപാടികൾ എന്നിവയും വേണം.
പൊലീസും ക്രമസമാധാനവും സംസ്ഥാനങ്ങളുടെ അധികാര പരിധിയിലാണെന്നിരിക്കെ അന്വേഷണത്തിന്റെ ഭാരം മുഖ്യമായും സംസ്ഥാന പൊലീസിനു മേലാണ്. ഒട്ടുമിക്ക അന്വേഷണങ്ങളും കൈകാര്യം ചെയ്യുന്ന സംസ്ഥാന ഏജൻസികൾക്ക് എന്തുകൊണ്ട് ദേശീയ ഏജൻസികളുടെ വിശ്വാസ്യത ലഭിക്കാതെപോകുന്നു? സംയുക്ത അന്വേഷണ സംവിധാനത്തിനായുള്ള നിർദിഷ്ട കേന്ദ്ര നിയമം വേണ്ടവിധത്തിൽ സംസ്ഥാനങ്ങളിലും പകർത്താവുന്നതാണ്. ഈ വേളയിൽ നാം സംബോധന ചെയ്യേണ്ട ഒരു പ്രധാന വിഷയം ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ സ്ത്രീ പ്രാതിനിധ്യമാണ്. പലപ്പോഴും ഈ പ്രാതിനിധ്യക്കുറവ് ചില കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് സ്ത്രീകളെ പിന്നോട്ടടിപ്പിക്കുന്നു. പൊലീസ് സംവിധാനത്തിലെ അവരുടെ വർധിത സാന്നിധ്യം ഇങ്ങനെ സങ്കോചിച്ചുനിൽക്കുന്ന ഇരകളെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ സമീപിക്കാനും കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനും കൂടുതൽ പ്രേരിപ്പിക്കും. ജനസമൂഹവും പൊലീസും തമ്മിലെ ബന്ധവും ഉറപ്പിക്കേണ്ടതുണ്ട്. പൊതുജനവിശ്വാസം വർധിപ്പിക്കുന്നതിനുള്ള ഇടപെടലുകളും ബോധവത്കരണ ശിൽപശാലകളും പൊലീസ് പരിശീലനത്തിൽ ഉൾപ്പെടുത്തി മാത്രമേ ഇത് സാധ്യമാക്കാനാകൂ. സുരക്ഷിത സമൂഹം സൃഷ്ടിക്കാൻ പൊലീസും പൊതുജനങ്ങളും ഒരുമിച്ചു പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. ആത്യന്തികമായി നിങ്ങൾ ഓർമിക്കേണ്ട കാര്യം, നിങ്ങളുടെ കൂറ് ഭരണഘടനയോടും നിയമവാഴ്ചയോടും ആയിരിക്കണമെന്നതാണ്, അല്ലാതെ ഏതെങ്കിലുമൊരു വ്യക്തിയോടല്ല. നിങ്ങൾ നേരിൻപാതയിൽ ഉറച്ചുനിൽക്കുമ്പോൾ, നിങ്ങളുടെ ധൈര്യത്തിന്റെയും നിലപാടുകളുടെയും വീര്യത്തിന്റെയും പേരിൽ നിങ്ങൾ ഓർമിക്കപ്പെടും. രാഷ്ട്രീയ എക്സിക്യൂട്ടിവ് കാലത്തിനനുസരിച്ച് മാറും, ഒരു സ്ഥാപനമെന്ന നിലയിൽ നിങ്ങൾ സ്ഥിരമായിരിക്കും. സ്വതന്ത്രരായിരിക്കുക, സേവനവീഥിയിൽ അടിയുറച്ചുനിൽക്കുമെന്ന് പ്രതിജ്ഞ ചെയ്യുക. നിങ്ങളുടെ സാഹോദര്യമാണ് നിങ്ങളുടെ ശക്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.