ന്യൂഡൽഹി: ന്യൂനപക്ഷവുമായി അടുക്കാനെന്നപേരിൽ സി.പി.എം കേരളത്തിൽ നടത്തിയത് ന്യൂനപക്ഷപ്രീണനമാണെന്ന് ആർ.എസ്.പി ദേശീയസമ്മേളനത്തിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയറിപ്പോർട്ട്. കേരളത്തിൽ യു.ഡി.എഫിെൻറ ഭാഗമായതിനെ ന്യായീകരിക്കുകയും സി.പി.എമ്മിെൻറ കേന്ദ്ര–സംസ്ഥാനനേതൃത്വത്തെ ശക്തമായി ആക്രമിക്കുകയും ചെയ്യുന്ന റിപ്പോർട്ട് ദേശീയതലത്തിൽ കോൺഗ്രസുമായി സഖ്യം വേണമെന്ന താൽപര്യം പരോക്ഷമായി മുന്നോട്ടുവെക്കുന്നു. കോൺഗ്രസിനോട് കൈക്കൊള്ളേണ്ട നയസമീപനങ്ങളാണ് മൂന്നുദിവസത്തെ സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയം.

20ാം ദേശീയസമ്മേളനം ഡൽഹി മാവ്ലങ്കാർ ഹാളിൽ ദേശീയ പ്രസിഡൻറ് ചന്ദ്രചൂഢൻ ഉദ്ഘാടനം ചെയ്തു. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉൾപ്പെടെയുള്ളവർ സംസാരിച്ചു. വെള്ളിയാഴ്ച സമാപിക്കുന്ന സമ്മേളനത്തിൽ കേരളത്തിൽനിന്നുൾപ്പെടെ 230 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കേരളത്തിൽ പി.ഡി.പി, മുസ്ലിം ലീഗ് എന്നിവയുമായി അടുക്കാൻശ്രമിച്ചത് സി.പി.എമ്മിെൻറ വർഗീയ ശക്തികളുമായുള്ള അടുപ്പത്തിന് ഉദാഹരണമാണെന്ന് ചന്ദ്രചൂഢൻ അവതരിപ്പിച്ച റിപ്പോർട്ട് പറയുന്നു. മുസ്ലിംകളെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ സി.പി.എം കോഴിക്കോട്ട് സംഘടിപ്പിച്ച കൺവെൻഷൻ ഫലത്തിൽ ‘കൂട്ട നിസ്കാര’ കൺവെൻഷനായി മാറി. മുസ്ലിംകളെ പ്രത്യേകമായി വിളിച്ചുകൂട്ടിയതും ദലിതർക്കുവേണ്ടി പ്രത്യേക സംഘടനയുണ്ടാക്കിയതും വോട്ടുബാങ്കിനാണ്. മാത്രമല്ല, ഇത് സ്വത്വരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കലാണ്. ഇത് കമ്യൂണിസ്റ്റ്–സോഷ്യലിസ്റ്റ് നിലപാടുകൾക്ക് യോജിച്ചതല്ല. സി.പി.എമ്മിെൻറ വർഗീയപ്രീണനം വോട്ടർമാരിൽ വർഗീയധ്രുവീകരണമുണ്ടാക്കി. യു.ഡി.എഫ് സർക്കാറിനെതിരെയുള്ള സമരങ്ങൾ പാതിവഴിയിൽ അവസാനിപ്പിച്ചത് സി.പി.എമ്മും കോൺഗ്രസും തമ്മിൽ രഹസ്യധാരണയുണ്ടെന്ന സംശയം ബലപ്പെടുത്തി.

അതേസമയം, ആർ.എസ്.പി യു.ഡി.എഫിൽ ചേർന്നതിനെ റിപ്പോർട്ട് ശക്തമായി ന്യായീകരിക്കുന്നു. സി.പി.എമ്മിെൻറ ഏകാധിപത്യസ്വഭാവം അസഹ്യമായ ഘട്ടത്തിൽ പാർട്ടിയുടെ നിലനിൽപിന് യു.ഡി.എഫ് പ്രവേശം അനിവാര്യമായിരുന്നുവെന്നാണ് 71 പേജ് വരുന്ന റിപ്പോർട്ടിൽ പറയുന്നത്. ഇടതുപാർട്ടികളുടെ ഐക്യമില്ലായ്മക്ക് കാരണം സി.പി.എമ്മിെൻറ ധാർഷ്ട്യമാണ്. ഇടതുപക്ഷത്തെ വലിയ പാർട്ടിയെന്ന നിലക്ക് മറ്റ് ഇടതുപാർട്ടികളെ ഒപ്പംനിർത്താനല്ല ഒതുക്കാനാണ് സി.പി.എം ശ്രമിച്ചത്.  

1999ൽ ആർ.എസ്.പിയിലുണ്ടായ പിളർപ്പിൽ സി.പി.എം നിർണായക പങ്കുവഹിച്ചു. എങ്കിലും, ദേശീയതലത്തിൽ സി.പി.എം ഉൾപ്പെടെ ഇടതൈക്യം ശക്തിപ്പെടുത്തണം. മതേതരപാർട്ടികളുമായി സഖ്യമാകാമെന്നും റിപ്പോർട്ടിലുണ്ട്. കോൺഗ്രസ് സഖ്യത്തിെൻറ പേരിൽ ആർ.എസ്.പിയെ കുറ്റപ്പെടുത്തുന്ന സി.പി.എമ്മാണ് 1999ലും 2004ലും ഏകപക്ഷീയമായി ദേശീയരാഷ്ട്രീയത്തിൽ കോൺഗ്രസിനൊപ്പം ചേർന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.