കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭരണം പിടിച്ചു; സി.പി.എം ലോക്കല്‍ കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ സാധ്യത

പന്തളം: കുളനട ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭരണം പിടിച്ച സംഭവത്തില്‍ സി.പി.എം കുളനട, ഉളനാട് ലോക്കല്‍ കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ സാധ്യത. കുളനട പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സി.പി.എം ഏരിയ കമ്മിറ്റി തീരുമാനം മറികടന്ന് കുളനട, ഉളനാട് ലോക്കല്‍ കമ്മിറ്റികളിലെ ചിലര്‍ ബി.ജെ.പി ഭരണത്തിലത്തെുന്നത് ഒഴിവാക്കാന്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയതാണ് സംഘടനാ നടപടിയിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ കാരണമായത്.
കുളനട പഞ്ചായത്തില്‍നിന്നുള്ള സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.കെ. വാസുപിള്ള, എം. ജീവരാജ്, എം.ടി. കുട്ടപ്പന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രാദേശിക, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്താണ് ഉപരികമ്മിറ്റി തീരുമാനം അട്ടിമറിച്ചത്. പഞ്ചായത്തിലെ ഏരിയ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ കുളനടയില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് സമവായം ഉണ്ടാകണമെന്ന് ഏരിയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഏരിയ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ലോക്കല്‍ കമ്മിറ്റിയുടെ ആവശ്യം തള്ളി. കൂടാതെ പാര്‍ട്ടി സ്ഥാനാര്‍ഥികളായി മത്സരിക്കേണ്ടവരെ തീരുമാനിച്ച് നല്‍കി.
പ്രസിഡന്‍റ്, വൈസ്പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ദിവസം കെ. ശിവദാസന്‍ നായര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അണിയറ നീക്കത്തിലാണ് സി.പി.എം പ്രാദേശിക നേതൃത്വവുമായി അവസാന നിമിഷം ധാരണയിലത്തെിയതെന്ന് പറയുന്നു. അഞ്ചു വര്‍ഷം ഈ സംവിധാനം തുടരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പുനല്‍കിയതായാണ് വിവരം. ബി.ജെ.പി കുളനടയില്‍ അധികാരത്തിലത്തെുന്നതില്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല. ഇതാണ് അവസാനനിമിഷം കോണ്‍ഗ്രസ് കൂട്ടുകെട്ടിന് സമ്മതിച്ചത്. സി.പി.എം ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചവരെ പിന്താങ്ങാന്‍ കഴിയില്ളെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് പ്രസിഡന്‍റായി സ്വതന്ത്രയെയും വൈസ് പ്രസിഡന്‍റായി എല്‍.ഡി.എഫ് സ്വതന്ത്രയെയും സ്ഥാനാര്‍ഥികളായി സി.പി.എം തീരുമാനിച്ചു.
യു.ഡി.എഫ് -നാല്, എല്‍.ഡി.എഫ് -നാല്, എല്‍.ഡി.എഫ് വിമത -ഒന്ന്, ബി.ജെ.പി -ഏഴ് എന്നിങ്ങനെയായിരുന്നു കക്ഷിനില. പ്രസിഡന്‍റ് സ്ഥാനത്തേക്ക് എല്‍.ഡി.എഫ് വിമത സൂസന്‍ തോമസിനെയാണ് എല്‍.ഡി.എഫും യു.ഡി.എഫും പിന്തുണച്ചത്. സി.പി.എം പ്രാദേശിക നേതൃത്വത്തിന്‍െറ നിലപാടില്‍ അണികള്‍ ഒരു വിഭാഗം അതൃപ്തിയിലാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധത്തിലാണ്. പഞ്ചായത്ത് വൈസ്പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട എല്‍സി ജോസഫ് ലോക്കല്‍ കമ്മിറ്റി അംഗമായതിനാല്‍ സ്ഥാനം രാജിവെക്കാന്‍ പാര്‍ട്ടി അവശ്യപ്പെടാനാണ് സാധ്യത.

വിപ്പ് ലംഘിച്ച പ്രസിഡന്‍റ് ഉള്‍പ്പെടെ മൂന്ന് നേതാക്കളെ സി.പി.എം പുറത്താക്കി
ആലപ്പുഴ: ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സി.പി.എം നേതൃത്വത്തിന്‍െറ വിപ്പ് ലംഘിച്ചവരെയും അതിന് നേതൃത്വം നല്‍കിയവരെയും സി.പി.എം പുറത്താക്കി. ഇതുസംബന്ധിച്ച് മാന്നാര്‍ ഏരിയ കമ്മിറ്റിയുടെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചു.
ജില്ലാ കമ്മിറ്റിയുടെ വിപ്പ് ലംഘിച്ച് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അട്ടിമറിക്ക് നേതൃത്വം നല്‍കിയ ഏരിയ കമ്മിറ്റിയംഗം കെ. സദാശിവന്‍പിള്ള, പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുത്ത ഇ.എന്‍. നാരായണന്‍, അട്ടിമറിക്ക് കൂട്ടുനിന്നെന്ന് ആരോപിക്കപ്പെടുന്ന പഞ്ചായത്തംഗം ഡി. ഗോപാലകൃഷ്ണന്‍ എന്നിവരെയാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നുകണ്ട് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയത്.
പഞ്ചായത്തില്‍ പ്രസിഡന്‍റ് സ്ഥാനം സി.പി.ഐക്കാണ് ധാരണപ്രകാരം നല്‍കിയിരുന്നത്. സി.പി.ഐയുടെ വിജയകുമാരിയെയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സി.പി.ഐ നിര്‍ദേശിച്ചത്. എന്നാല്‍, സി.പി.എമ്മിന്‍െറ പ്രാദേശിക നേതൃത്വത്തിന്‍െറ നിര്‍ദേശപ്രകാരം ഇ.എന്‍. നാരായണന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചു. സി.പി.ഐ സ്ഥാനാര്‍ഥി അതിനാല്‍ നിര്‍ദേശിക്കാന്‍ ആളില്ലാതെ പിന്മാറി. നാരായണന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ലോക്കല്‍ കമ്മിറ്റികളുടെ തീരുമാനത്തിന് വിരുദ്ധമായാണ് പാര്‍ട്ടി ജില്ലാ നേതൃത്വം തീരുമാനം തെരഞ്ഞെടുപ്പിന് തലേന്ന് അടിച്ചേല്‍പ്പിച്ചതെന്നും ആക്ഷേപമുണ്ടായി. ഇതോടെ ജില്ലാ നേതൃത്വം കര്‍ശന നിലപാടിലേക്ക് നീങ്ങി. ജില്ലാ നേതൃത്വത്തിന്‍െറ മനോഗതം അറിഞ്ഞുകൊണ്ടുള്ള തീരുമാനമാണ് ഏരിയ കമ്മിറ്റി എടുത്തത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.