കെ.പി.സി.സി കമീഷൻ സിറ്റിങ്ങിൽ മന്ത്രി കെ. ബാബുവിനെതിരെ രൂക്ഷവിമർശം

കൊച്ചി: ജില്ലയിൽ മന്ത്രി കെ. ബാബു ഉൾപ്പെടെ നേതാക്കൾക്കെതിരെ കോൺഗ്രസ് പ്രവർത്തകരുടെ  രൂക്ഷവിമർശം. ഡി.സി.സി ഓഫിസിൽ സിറ്റിങ് നടത്തിയ പി.എം. സുരേഷ് ബാബു കമീഷന് കോൺഗ്രസ് പ്രവർത്തകർ നൽകിയത് ഇരുനൂറിലേറെ പരാതികളാണ്. പ്രധാനമായും മന്ത്രി ബാബുവിനെതിരെയാണ് പ്രവർത്തകർ രൂക്ഷവിമർശമുയർത്തി പരാതി നൽകിയത്.

ബാർ കോഴക്കേസിൽ മന്ത്രി ബാബു സംശയത്തിെൻറ നിഴലിലായതാണ് യു.ഡി.എഫിന് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി നഷ്ടപ്പെടാനുള്ള ഒരു കാരണമെന്ന് കോൺഗ്രസ് പ്രവർത്തകർ കെ.പി.സി.സി കമീഷന് മൊഴിനൽകി. തൃപ്പൂണിത്തുറയിൽനിന്നെത്തിയ പ്രവർത്തകർ നൽകിയ പരാതിയിലാണ് തോറ്റതിെൻറ ഉത്തരവാദിത്തം മന്ത്രിക്ക് ചാർത്തിയത്. മാണിക്കെതിരായ വിധി തൃപ്പൂണിത്തുറയിലെ ജനങ്ങൾക്ക് അദ്ദേഹത്തിലുണ്ടായിരുന്ന വിശ്വാസ്യതയും നഷ്ടപ്പെടുത്തി. കൂടാതെ, തൃപ്പൂണിത്തുറയിലെയും മരടിലെയും സ്ഥാനാർഥി നിർണയത്തിൽ മന്ത്രി പാർശ്വവർത്തികളെ തിരുകിക്കയറ്റാൻ ഇടപെട്ടെന്നും പരാതിയിലുണ്ട്.
സ്ഥാനാർഥി നിർണയം സംബന്ധിച്ച് കെ.പി.സി.സി നൽകിയ മാനദണ്ഡങ്ങൾ  മന്ത്രിയുടെ നേതൃത്വത്തിൽ പാടെ ലംഘിച്ചു.

ജനറൽ വാർഡുകളിൽ സ്ത്രീകളെ മത്സരിപ്പിക്കേണ്ടതില്ലെന്ന നിർദേശം ലംഘിച്ച് രണ്ട് വാർഡുകളിൽ വനിതകളെ സ്ഥാനാർഥികളാക്കി.  ഇവിടെ വാർഡ് കമ്മിറ്റി നിർദേശിച്ചവരെ പരിഗണിച്ചതേയില്ല. അടിച്ചേൽപിച്ച സ്ഥാനാർഥികൾക്കെതിരെ പല വാർഡുകളിലും കോൺഗ്രസ് പ്രവർത്തകർ റെബൽ സ്ഥാനാർഥികളായി.  ഇതിന് ഉത്തരവാദി കെ. ബാബുവാണെന്നാണ് പരാതി. മരടിൽ  കെ.പി.സി.സിയുടെ നിർദേശം മറികടന്ന് മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ സ്ഥാനം റെബലായി ജയിച്ചവർക്ക് നൽകി. ഇതേതുടർന്നാണ് വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽനിന്ന് കോൺഗ്രസ് പ്രവർത്തകർക്ക് വിട്ടുനിൽക്കേണ്ടിവന്നതെന്നും  പരാതിയിൽ പറയുന്നു.

50 ശതമാനം വനിതാ സംവരണമുണ്ടായിട്ടും തെരഞ്ഞെടുപ്പ് സമിതിയിൽ ഒരു വനിതപോലും ഉണ്ടായിരുന്നില്ലെന്നാണ് ദീപ്തി മേരി വർഗീസിെൻറ പരാതി. കെ.പി.സി.സി വൈസ് പ്രസിഡൻറ് ലാലി വിൻസെൻറിനെ പോലും സമിതി അംഗമാക്കിയില്ല. തെരഞ്ഞെടുപ്പ് സമിതിയിലുള്ള എം.എൽ.എമാർ അവരുടെ താൽപര്യം മാത്രമാണ് നോക്കിയത്. അതാണ് ഷൈനി മാത്യുവിനെ മേയറാക്കാനുള്ള നീക്കം തെളിയിക്കുന്നത്. കെ.പി.സി.സി പ്രസിഡൻറ് ഇടപെട്ടില്ലായിരുന്നെങ്കിൽ അവർ മേയറാകുമായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.