സമത്വ മുന്നേറ്റ യാത്രയെച്ചൊല്ലി സമുദായ സംഘടനകളിൽ പൊട്ടലും ചീറ്റലും

തൃശൂർ: ഹിന്ദു ഐക്യത്തിനെന്ന പേരിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന സമത്വ മുന്നേറ്റ യാത്ര രണ്ട് നാൾ പിന്നിടുമ്പോൾ സമുദായ സംഘടനകളിൽ പൊട്ടലും ചീറ്റലും. യാത്രയുമായി സഹകരിക്കുന്നതിനെച്ചൊല്ലി നമ്പൂതിരി സമുദായ സംഘടനയായ യോഗക്ഷേമ സഭയിൽ നീറിനിന്ന അഭിപ്രായ വ്യത്യാസം മറനീക്കി. പുലയർ മഹാസഭ, വിശ്വകർമ സഭ എന്നിവയിലും തർക്കമുണ്ട്. യാത്ര പുരോഗമിക്കുമ്പോൾ ഈ മുറുമുറുപ്പ് പൊട്ടിത്തെറിയിൽ എത്തുമെന്നാണ് സൂചന.

യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡൻറ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് യാത്രയിൽ പങ്കെടുക്കുന്നതായി പ്രഖ്യാപിച്ചപ്പോൾ ജനറൽ സെക്രട്ടറി മധു അരീക്കരയുടെ നേതൃത്വത്തിൽ നിർവാഹക സമിതിയംഗങ്ങളും 12 ജില്ലാ കമ്മിറ്റികളും യാത്രയുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ചു. സഭയുടെ യുവജന വിഭാഗത്തിലെ ചില ബി.ജെ.പി പ്രവർത്തകർ യാത്രയുമായി സഹകരിക്കണമെന്ന പക്ഷക്കാരാണ്. എന്നാൽ, സഭാ നിർവാഹക സമിതിയിൽ യുവജന, വനിതാ പ്രാതിനിധ്യമില്ല. പ്രസിഡൻറിെൻറ നടപടി സഭക്ക് കളങ്കമുണ്ടാക്കുന്നതാണെന്നാണ് ആക്ഷേപം.

ഒക്ടോബറിൽ ചേർന്ന നിർവാഹക സമിതി യോഗം യാത്രയുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ പങ്കെടുത്ത അക്കീരമണ്ണിനോട് വിശദീകരണം തേടി. എന്നാൽ, യാത്രയിൽ പങ്കെടുത്തതോടെ കഴിഞ്ഞ ദിവസം ചേർന്ന അടിയന്തര നിർവാഹക സമിതി യോഗം പ്രസിഡൻറിൽ നിന്ന് രാജി എഴുതി വാങ്ങുകയായിരുന്നെന്ന് അറിയുന്നു.

പല രാഷ്ട്രീയമുള്ളവർ സഭയിൽ അംഗങ്ങളാണെങ്കിലും ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയോട് ആഭിമുഖ്യം പുലർത്താറില്ല. വെള്ളാപ്പള്ളി നടേശൻ ഉന്നയിക്കുന്ന ചില മുദ്രാവാക്യങ്ങളോട് യോജിപ്പുണ്ടെന്ന് സഭാ നേതാക്കൾ പറയുന്നു. എന്നാൽ, ഇക്കാര്യങ്ങളിൽ ജനറൽ കൗൺസിൽ തീരുമാനമെടുക്കണം. യാത്രയെ ആർ.എസ്.എസാണ് നിയന്ത്രിക്കുന്നതെന്ന് സഭാ ജനറൽ സെക്രട്ടറി പറയുന്നു.

കെ.പി.എം.എസിെൻറ ഒരുവിഭാഗം ചേറ്റുവ, നാട്ടിക, മണപ്പുറം ശാഖകളിൽ  യോഗം ചേർന്ന് വെള്ളാപ്പള്ളിയുടെ യാത്രക്കെതിരായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. വിശ്വകർമസഭ അടക്കം മറ്റു സംഘടനകളിലെ അംഗങ്ങളും അതൃപ്തി അറിയിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.