മലമ്പുഴയില്‍ ഇടതിന് നേരിടാന്‍ പുത്തന്‍ ശത്രുമുഖങ്ങള്‍

പാലക്കാട്: തുടര്‍ച്ചയായി നാലാം വിജയം ഉറപ്പിച്ച് മലമ്പുഴ മണ്ഡലത്തില്‍ കളം നിറഞ്ഞ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നേരിടുന്നത് ഇതുവരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത പ്രതിബന്ധങ്ങളെയും ശത്രുമുഖങ്ങളെയും. വെള്ളാപ്പള്ളിയുടെ നിര്‍ദേശപ്രകാരം മുന കൂര്‍പ്പിച്ചുള്ള ബി.ഡി.ജെ.എസ് നീക്കം, പാര്‍ട്ടി സ്വാധീനമേഖലകളില്‍ അപ്രതീക്ഷിതമായി പെയ്യുന്ന എ.ഐ.എ.ഡി.എം.കെ വാഗ്ദാന പെരുമഴ, രണ്ടാംസ്ഥാനം ഉറപ്പിച്ച് ഉള്ളറകളില്‍ സജീവമായ ബി.ജെ.പിയുടെ തകര്‍പ്പന്‍ പ്രചാരണം എന്നീ മൂന്ന് ഘടകങ്ങള്‍ മലമ്പുഴയിലെ സി.പി.എം കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നു.

കേവലം അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷം ലഭിച്ച 2001ലെ തെരഞ്ഞെടുപ്പില്‍ ഈ മൂന്ന് ഘടകങ്ങള്‍ വി.എസിന് മറികടക്കേണ്ടി വന്നിരുന്നില്ല. അന്ന് ലഭിച്ചതിനേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തോടെയാണ് 1977ല്‍ സി.പി.എം സ്ഥാനാര്‍ഥി ഇവിടെ വിജയിച്ചതെങ്കിലും മലമ്പുഴ ഒരിക്കല്‍ പോലും സി.പി.എം പ്രതിനിധിയെ അല്ലാതെ തെരഞ്ഞെടുത്തിട്ടില്ല. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഭരണം, ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായി തുടരുന്ന ഗ്രാമീണമേഖലകള്‍, വി.എസ് പങ്കെടുക്കുന്ന കുടുംബയോഗങ്ങളിലും മറ്റും ദൃശ്യമാവുന്ന ആള്‍ക്കൂട്ടം തുടങ്ങിയവ സി.പി.എം കേന്ദ്രങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. എന്നാല്‍, ഈ മേല്‍പ്പാട നീക്കിയാല്‍ തെളിയുന്ന രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ കടുത്ത ജാഗ്രതയിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതമാക്കി എന്നതാണ് വസ്തുത. കഴിഞ്ഞദിവസം കേന്ദ്രകമ്മിറ്റി അംഗം എ. വിജയരാഘവന്‍െറ സാന്നിധ്യത്തില്‍ കൈക്കൊണ്ട പുതിയ തീരുമാനങ്ങള്‍ ഇതിന് തെളിവാണ്.
മത്സരരംഗത്ത് തികച്ചും പുതുമുഖമായ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് വി.എസ്. ജോയ് പര്യടനം തുടരുകയാണെങ്കിലും യു.ഡി.എഫിന്‍െറ പ്രചാരണ സംവിധാനം ഇനിയും സജീവമായിട്ടില്ല. യു.ഡി.എഫിനെ അപേക്ഷിച്ച് ബി.ജെ.പി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ ഒരുപടി മുന്നിലാകുന്നതാണ് പത്രികാ സമര്‍പ്പണത്തിന് മുമ്പുള്ള കാഴ്ച.

മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനവേളയില്‍ വി.എസ് നടത്തിയ പ്രസംഗത്തില്‍ എസ്.എന്‍.ഡി.പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നിശിതമായി വിമര്‍ശിച്ചത് ഈഴവ സമുദായത്തിന് മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ അണിയറ പ്രതിഫലനം ഇപ്പോഴേ ഉണ്ടാക്കിയിട്ടുണ്ട്. മൈക്രോ ഫിനാന്‍സ് വിഷയത്തില്‍ തെക്കന്‍ ജില്ലകളില്‍ ഒട്ടേറെപേര്‍ കുടുങ്ങുകയും ജപ്തി നേരിടുകയും ചെയ്തിട്ടുണ്ടെങ്കിലും പാലക്കാട് ജില്ലയുടെ അനുഭവം അതല്ല. വി.എസിനെ വ്യക്തിപരമായി അധിക്ഷേപിച്ചുള്ള പോസ്റ്ററുകള്‍ കഴിഞ്ഞദിവസങ്ങളില്‍ ഇവിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് ഇടതുമുന്നണി പരാതി നല്‍കിയിട്ടുണ്ടെങ്കിലും വി.എസിന്‍െറ വെള്ളാപ്പള്ളി വിമര്‍ശം മലമ്പുഴയില്‍ എതിര്‍വികാരം ഉണ്ടാക്കുമെന്ന ഭയം പാര്‍ട്ടിക്കുണ്ട്. എലപ്പുള്ളി പോലുള്ള പഞ്ചായത്തുകളില്‍ എസ്.എന്‍.ഡി.പിയിലെ നല്ളൊരു വിഭാഗവും സി.പി.എം വോട്ടുബാങ്കാണ്. ആകെ 156 ബൂത്തുകളുള്ള മണ്ഡലത്തില്‍ പുതുശ്ശേരി പഞ്ചായത്തിലെ വാളയാര്‍ ഉള്‍പ്പെടുന്ന നാലും എലപ്പുള്ളിയിലെ രണ്ടും ബൂത്തുകളില്‍ എ.ഐ.എ.ഡി.എം.കെ സാന്നിധ്യം സി.പി.എമ്മിനെ പ്രതികൂലമായി ബാധിക്കുമെന്ന അവസ്ഥയാണ്. സ്ഥിരമായി സി.പി.എമ്മിന് വോട്ട് ചെയ്യുന്നവര്‍ കൂടുതലുള്ള ഈ ബൂത്തുകളില്‍ തമിഴക സംസ്കൃതിയില്‍പെട്ടവരാണേറെ.

സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് ഇതിനകം പ്രഖ്യാപിച്ച എ.ഐ.എ.ഡി.എം.കെ സ്വാധീന മേഖലകളില്‍ വാഗ്ദാന പെരുമഴയാണ് ചൊരിയുന്നത്. സംസ്ഥാനത്ത് ഇടതുമുന്നണി എവിടെ ജയിച്ചാലും മലമ്പുഴയില്‍ വി.എസിന്‍െറ തോല്‍വി ആഗ്രഹിക്കുന്ന ചില വ്യവസായ പ്രമുഖരും അണ്ണാ ഡി.എം.കെക്ക് പ്രോത്സാഹനമായി നീങ്ങുന്നെന്ന സൂചനയുമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലം 2772 വോട്ട് മാത്രം നേടിയ ബി.ജെ.പി മുന്നണി ലോക്സഭാ തെരഞ്ഞെടുപ്പില്‍ 23,433 വോട്ട് മലമ്പുഴയില്‍ തടുത്തുകൂട്ടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും മികച്ച പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞു. അകത്തത്തേറ, മലമ്പുഴ, പുതുശ്ശേരി പഞ്ചായത്തുകളില്‍ അവര്‍ക്ക് നിര്‍ണായക പ്രാതിനിധ്യമുണ്ട്. മേഖലയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ രണ്ടാം സ്ഥാനത്തത്തൊനും കഴിഞ്ഞു.

പുതിയ ശത്രുമുഖങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും വി.എസിന്‍െറ വിജയത്തെ ഒരുതരത്തിലും ബാധിക്കില്ളെന്ന് ഉറപ്പാണ് നേതൃത്വത്തിന്. ചിഹ്നം നോക്കി വോട്ട് ചെയ്യുന്നത് സ്വഭാവമാക്കിയവര്‍ ഏറെയുള്ള ഇളകാത്ത ചുവപ്പുകോട്ടയാണ് മലമ്പുഴയെന്ന് അവര്‍ പറയുന്നു. സംസ്ഥാനകമ്മിറ്റി നേരിട്ടാണ് പ്രചാരണ ഘട്ടങ്ങളോരോന്നും വിലയിരുത്തുന്നത്. ഓരോ ബൂത്തിലും അഞ്ചുവീതം കുടുംബയോഗങ്ങള്‍ നടത്താന്‍ കഴിഞ്ഞദിവസം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവന്‍െറ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഈ യോഗങ്ങളില്‍ പ്രസംഗിക്കുന്നവര്‍ക്ക് പ്രത്യേക ക്ളാസുകളും നല്‍കി. പ്രചാരണം നേരിട്ട് വിലയിരുത്താന്‍ ഏപ്രില്‍ 29ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എത്തുന്നുണ്ട്. സീതാറാം യെച്ചൂരി മേയ് ദിനത്തില്‍ വാളയാര്‍ ഉള്‍പ്പെടുന്ന പുതുശ്ശേരി പഞ്ചായത്തിലെ പൊതുയോഗത്തില്‍ സംസാരിക്കും. മേയ് നാല് മുതല്‍ വി.എസിന്‍െറ പ്രചാരണ പരിപാടികളും ആരംഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.