യു.ഡി.എഫിലെ പ്രശ്നങ്ങള്‍: കോണ്‍ഗ്രസ് ദേശീയനേതൃത്വം ഇടപെടണം –മുസ്ലിം ലീഗ്

തിരുവനന്തപുരം: യു.ഡി.എഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ദേശീയനേതൃത്വം ഇടപെടണമെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. യു.ഡി.എഫിന്‍െറ ഭാവി ഒട്ടും നേരെ ആവുന്നില്ളെന്ന് വന്നാല്‍ ലീഗിനും ആശങ്കയുണ്ടാവുമെന്നും അദ്ദേഹം ‘മനോരമ’ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ബാര്‍ കോഴ വിഷയത്തില്‍ കെ.എം. മാണിക്ക് ചില മാനസിക വിഷമങ്ങള്‍ ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യു.ഡി.എഫ് രാഷ്ട്രീയം എങ്ങോട്ട് പോകുന്നെന്ന് തങ്ങളും നോക്കും. യു.ഡി.എഫിന്‍െറ ഭാവി ഭദ്രമാവണമെന്നേ തങ്ങള്‍ ചിന്തിക്കുന്നുള്ളൂ.ആശങ്ക വരാതെ നോക്കല്‍ എല്ലാവരുടെയും കടമയല്ളേ. അവനവന്‍െറ നിലനില്‍പ് എല്ലാവര്‍ക്കും പ്രശ്നമാവില്ളേ. കോണ്‍ഗ്രസ് ഹൈകമാന്‍ഡ് കാര്യങ്ങളില്‍ ഇടപെട്ട് നേരെചൊവ്വേ കൊണ്ടുപോവുക എന്ന രീതി പണ്ട് ഉണ്ടായിരുന്നു. അതു വീണ്ടും വന്നാല്‍ തരക്കേടൊന്നുമില്ല.
യു.ഡി.എഫിലെ കക്ഷികളോട് കൂടി കോണ്‍ഗ്രസ് നേതൃത്വം സംസാരിക്കണം. അങ്ങനെ സംസാരിച്ചാലേ  കുറച്ചുകൂടി ഈ സംസ്ഥാനത്ത് നിലവിലുള്ള കാര്യങ്ങള്‍ അവര്‍ക്ക് മനസ്സിലാവൂ.
ബാര്‍ കോഴയില്‍ രമേശ് ചെന്നിത്തല ഗൂഢാലോചന നടത്തിയെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പക്ഷേ, ആ വിഷയത്തില്‍ കെ.എം. മാണിക്ക് ചില മാനസിക വിഷമതകള്‍ ഉണ്ട്. പ്രതിപക്ഷ നേതാവ് എന്നനിലയില്‍ രമേശിനെ അംഗീകരിക്കുന്നതില്‍ കെ.എം. മാണിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തിപരമായി താന്‍ മറുപടി പറയുന്നത് ശരിയല്ളെന്നായിരുന്നു മറുപടി.
മാണിക്ക് ബുദ്ധിമുട്ടില്ളെന്നോ ബുദ്ധിമുട്ടുണ്ടെന്നോ താന്‍ പറഞ്ഞാല്‍ എങ്ങനെയിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.