ആലുവ: നിയമസഭാ തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങള്‍ക്ക് ബി.ജെ.പി തുടക്കംകുറിച്ചു. ഇതിന്‍െറ ഭാഗമായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തി. കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ദ, പിയൂഷ് ഗോയല്‍, സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, ദേശീയ ജനറല്‍ സെക്രട്ടറി രാംലാല്‍, നേതാക്കളായ ഒ. രാജഗോപാല്‍, വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭന്‍, പി.എസ്. ശ്രീധരന്‍ പിള്ള, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, കെ. സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, സംസ്ഥാനത്തിന്‍െറ ചുമതലയുള്ള ദേശീയനേതാക്കള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സംഘടനയുടെ താഴെ തട്ടില്‍നിന്ന് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം. ഇതിന്‍െറ ഭാഗമായി ബൂത്തുതലം മുതല്‍ പ്രവര്‍ത്തനങ്ങള്‍ സുസജ്ജമാക്കും. തെരഞ്ഞെടുപ്പുകാര്യത്തിന് 15 അംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തും. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക നയരേഖ തയാറാക്കി ചര്‍ച്ചകള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. ഈ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാകും പ്രകടനപത്രിക തയാറാക്കുക.
പാര്‍ട്ടിയുടെ ആശയങ്ങളോട് യോജിപ്പുള്ള ആരെയും ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നതായി അമിത് ഷായുമായുള്ള ചര്‍ച്ചക്കുശേഷം കുമ്മനം പറഞ്ഞു. ബി.ജെ.പിയുടെ കവാടങ്ങള്‍ തുറന്നുകിടക്കുകയാണെന്നും പാര്‍ട്ടിയുടെ നയപരിപാടികളുമായി യോജിക്കുന്ന ആര്‍ക്കും കടന്നുവരാമെന്നു അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുമായി ചേരാന്‍ ആഗ്രഹിക്കുന്നവരുമായി ചര്‍ച്ച നടത്തും. ഇത്തവണ ജയിക്കാനും ഭരിക്കാനുമാണ് ബി.ജെ.പി മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി രൂപവത്കരിച്ച ബി.ഡി.ജെ.എസ് ആണ് നിലവില്‍ ഒൗദ്യോഗിക ഘടകകക്ഷി. ഇവരുമായുള്ള സീറ്റ് വിഭജനം താമസിയാതെ നടക്കും. ഈ തെരഞ്ഞെടുപ്പില്‍ ഏതുവിധേനയും അക്കൗണ്ട് തുറക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇത് മുന്നില്‍ക്കണ്ടാണ് നേരത്തേ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
സംസ്ഥാന നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം അമിത് ഷാ തമിഴ്നാട് പാര്‍ട്ടി നേതൃത്വവുമായും ചര്‍ച്ച നടത്തി. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്ദേക്കര്‍, പൊന്‍ രാധാകൃഷ്ണന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍, ഡി.എം.കെ അടക്കമുള്ളവരുമായുള്ള ധാരണകളെക്കുറിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രിമാരടക്കമുള്ള നേതാക്കള്‍ പ്രതികരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.