കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രചാരണം ആര്‍.എസ്.എസ് പ്രചാരകുമാര്‍ നയിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആര്‍.എസ്്.എസ് പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം നിര്‍ണായകമാവുകയും ചെയ്യും. ശാഖകളുടെ ഗുഡ് ബുക്കിലില്ലാത്തവര്‍ക്ക് മത്സരിക്കാനും കഴിയില്ല. ‘ജയിക്കാനുറച്ച്’ എന്ന വെല്ലുവിളിയുമായി ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരുങ്ങുന്നത് ഇങ്ങനെ.

വ്യാഴാഴ്ച ആലുവ ഗെസ്റ്റ് ഹൗസില്‍ സംസ്ഥാന നേതാക്കളെ വിളിച്ചുവരുത്തിയ ദേശീയ അധ്യക്ഷന്‍ അമിത് ഷാ നല്‍കിയതും ഈ സന്ദേശം. 15 മണ്ഡലങ്ങളില്‍ കനത്ത പോരാട്ടം കാഴ്ചവെക്കാനാണ് ബി.ജെ.പി ഒരുങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ്, ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവയിലെ പ്രകടനങ്ങള്‍ വിലയിരുത്തി ദേശീയ നേതൃത്വം നടത്തിയ കൃത്യമായ പഠനങ്ങളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് സാധ്യതയുള്ള മണ്ഡലങ്ങള്‍ നിശ്ചയിച്ചിരിക്കുന്നതും. ഈ മണ്ഡലത്തില്‍ പ്രചാരണത്തിന് പണമോ ആള്‍ബലമോ പ്രശ്നമാകില്ല. കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍  പ്രമുഖ പ്രചാരകുമാര്‍ തന്നെ രംഗത്തുണ്ടാകും.

തിരുവനന്തപുരം സെന്‍ട്രല്‍, നേമം, കാട്ടാക്കട, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, കോവളം, ആറന്മുള, ചെങ്ങന്നൂര്‍, തൃപ്പൂണിത്തുറ, പാലക്കാട്, പുതുക്കാട്, കോഴിക്കോട് നോര്‍ത്, തലശേരി, മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാനാകുമെന്ന വിലയിരുത്തലിലാണ് നേതൃത്വം.

ഈ മണ്ഡലങ്ങളിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ ഇനി സംവിധാനമേര്‍പ്പെടുത്തും. ആര്‍.എസ്.എസ് നിര്‍ദേശപ്രകാരം കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തതോടെ അണികള്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പില്‍ ഇതും അനുകൂല ഘടകമായിമാറുമെന്നും ദേശീയ നേതൃത്വം വിലയിരുത്തുന്നു.

നേമത്താണ് ബി.ജെ.പിക്ക് കൂടുതല്‍ പ്രതീക്ഷ. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഴയ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ മത്സരിച്ചതാണ് കുമ്മനത്തിന്‍െറ പേര് ഇവിടേക്ക് പരിഗണിക്കാന്‍ കാരണം. രാജഗോപാലാണെങ്കില്‍ നേമത്ത് വിജയം ഉറപ്പാണെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ട്. വി. മുരളീധരന്‍-കഴക്കൂട്ടം, പി.കെ. കൃഷ്ണദാസ്-കാട്ടാക്കട, കെ. സുരേന്ദ്രന്‍- കാസര്‍കോട്/ മഞ്ചേശ്വരം/വട്ടിയൂര്‍ക്കാവ്, ശോഭാ സുരേന്ദ്രന്‍-പാലക്കാട്/തൃശൂര്‍, പി.എം. വേലായുധന്‍-തൃക്കാക്കര/മാവേലിക്കര, എം.ടി. രമേശ്-ആറന്‍മുള/മാവേലിക്കര, എ.എന്‍. രാധാകൃഷ്ണന്‍-എറണാകുളം എന്നിങ്ങനെ മത്സരിക്കുന്നതിനാണ് സാധ്യത. അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും.

മുന്‍ പ്രസിഡന്‍റുകൂടിയായ പി.എസ്. ശ്രീധരന്‍ പിള്ള ഇക്കുറി മത്സരിക്കാതെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ആര്‍.എസ്.എസ് നേതൃത്വം കര്‍ശനമായി ആവശ്യപ്പെട്ടാല്‍ ഇദ്ദേഹവും മത്സരരംഗത്തുണ്ടാകും. അങ്ങനെവന്നാല്‍ ചെങ്ങന്നൂരാകും പരിഗണിക്കുക. നടന്‍ സുരേഷ് ഗോപിക്കും തിരുവനന്തപുരം ജില്ലയില്‍ സീറ്റ് നല്‍കണമെന്ന നിര്‍ദേശമുണ്ട്.

തിരുവനന്തപുരം ലോക്സഭാ മണ്ഡലം, ദേശീയ ഫിലിം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ എന്നീ സ്ഥാനങ്ങളിലേക്കെല്ലാം ഇദ്ദേഹത്തിന്‍െറ പേര് നിര്‍ദേശിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. എന്നിട്ടും കുമ്മനം രാജശേഖരന്‍െറ കേരളയാത്രയില്‍ ആദ്യവസാനക്കാരനായും വിവിധ സമരവേദികളില്‍ മുന്‍പന്തിയിലും നില്‍ക്കുന്ന സുരേഷ് ഗോപിയെ ഇനിയും തഴയുന്നത് ശരിയല്ളെന്ന വികാരവും ശക്തമാണ്. തെരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന ഗ്രൂപ്പുപ്രവണതകള്‍ ഇക്കുറി പാടില്ളെന്നും ദേശീയ നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാലുടന്‍ കേരളത്തിന്‍െറ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി. നദ്ദ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച് രംഗത്തുണ്ടാകും. ബി.ജെ.പി സംസ്ഥാന നേതാക്കള്‍ മത്സരിക്കുന്ന സീറ്റുകള്‍ ഒഴിച്ചുള്ളവയില്‍ വെള്ളാപ്പള്ളി നടേശന്‍െറ പാര്‍ട്ടിയായ ബി.ഡി.ജെ.എസ്, സമുദായ പാര്‍ട്ടികളായ വി.എസ്.ഡി.പി, കെ.പി.എം.എസ് തുടങ്ങിയവയുമായും സീറ്റ് ധാരണയുണ്ടാക്കും. എന്‍.എസ്.എസിനെ അനുനയിപ്പിക്കാനും ശ്രമം നടത്തും.  ബി.ജെ.പിയില്‍നിന്ന് വിവിധ കാരണങ്ങളാല്‍ വിട്ടുപോയ ജില്ല-സംസ്ഥാന നേതാക്കളെയും അണികളെയുമെല്ലാം തിരികെ കൊണ്ടുവരാനുള്ള ചര്‍ച്ചകളും ഉടന്‍ തുടങ്ങും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.