കാരായിമാരുടെ നിയമക്കുരുക്ക്: സി.പി.എമ്മില്‍ പ്രതിസന്ധി

കണ്ണൂര്‍: ഫസല്‍ വധക്കേസിലെ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും യഥാക്രമം കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്‍െറയും തലശ്ശേരി നഗരസഭയുടെയും അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് സി.പി.എമ്മില്‍ പ്രതിസന്ധിയായി. ജില്ലാ പഞ്ചായത്തിലും തലശ്ശേരി മുനിസിപ്പാലിറ്റിയിലും തെരഞ്ഞെടുക്കപ്പെട്ട മറ്റ് പാര്‍ട്ടി അംഗങ്ങളുടെകൂടി കടുത്ത വിമര്‍ശത്തിന് വിധേയമായ ഈ നിലപാടില്‍ വ്യക്തതയുള്ള തീരുമാനമെടുക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍െറ സഹായം തേടി.

പാര്‍ട്ടി വൃത്തങ്ങളില്‍ ‘നിരപരാധി’ എന്ന നിലയിലാണ് കൊലക്കേസില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ക്കും വീരപരിവേഷം നല്‍കാന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയത്. ജനങ്ങളുടെ കോടതിയില്‍ അവര്‍ വിജയിച്ചെന്ന് വരുത്താനും പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് കഴിഞ്ഞു. ഈ തീരുമാനം ജില്ലാ നേതൃത്വത്തില്‍ ചിലരുടെ ശക്തമായ സമര്‍ദ ഫലമായിരുന്നു. എന്നാല്‍, ഭരണ നേതൃത്വത്തില്‍ രണ്ടുപേരെയും ചുമതല ഏല്‍പ്പിക്കാനുള്ള ആലോചന വന്നപ്പോള്‍തന്നെ പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടായി. ഇപ്പോള്‍ ജില്ലയില്‍ പ്രവേശാനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ അതൊരു പ്രതിസന്ധിയാവുകയാണ്.

ജില്ലാ പഞ്ചായത്തില്‍ വൈസ് പ്രസിഡന്‍റ് ദിവ്യയാണ് കാരായിയുടെ അഭാവത്തില്‍ ഭരണചുമതല നിര്‍വഹിക്കുന്നത്. എന്നാല്‍, പ്രസിഡന്‍റാവാന്‍ കഴിവുള്ളവര്‍ വേറെയും ഉണ്ടായിരിക്കെ വെറുമൊരു വൈകാരിക നിലപാടിന്‍െറ പേരില്‍ തദ്ദേശ സ്ഥാപനത്തില്‍ ഭരണനിര്‍വഹണം അനിശ്ചിതത്വത്തില്‍ കൊണ്ടുപോകുന്നതെന്തിന് എന്ന ചോദ്യമാണ് പാര്‍ട്ടി നേതൃത്വത്തില്‍ ഉയര്‍ന്നത്. ഫെബ്രുവരി ആറിന് ജില്ലാ കമ്മിറ്റി യോഗവും  സെക്രട്ടേറിയറ്റും കോടിയേരിയുടെ സാന്നിധ്യത്തില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ജില്ലാ പഞ്ചായത്ത് ഭരണം സ്തംഭനത്തിലാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാന്‍ യു.ഡി.എഫ് തന്ത്രങ്ങള്‍ ആവിഷ്കരിച്ചുവരുകയാണ്. വ്യാഴാഴ്ച നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ ബഹളം സൃഷ്ടിച്ചത് ഇതിന്‍െറ അടിസ്ഥാനത്തിലാണ്. രണ്ട് ദിവസം മുമ്പ് നടന്ന യു.ഡി.എഫ് ജില്ലാ നേതൃയോഗത്തിലും വിഷയം ഉയര്‍ന്നുവന്നിരുന്നു. ജില്ലാ പഞ്ചായത്തിന് നാഥനില്ലാത്ത അവസ്ഥയാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നുമാണ് യോഗം ആവശ്യപ്പെട്ടത്.

കാരായിമാര്‍ സ്ഥാനങ്ങള്‍ ഒഴിയാത്തപക്ഷം വിഷയം നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കാനും അവര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രസിഡന്‍റിന്‍െറ അഭാവത്തില്‍ വൈസ് പ്രസിഡന്‍റ് അമിതാധികാരം പ്രയോഗിക്കുകയാണെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.
 ജില്ലാ പഞ്ചായത്തിന് പുതിയ പ്ളാന്‍ഫണ്ട് വരുന്നതോടെ പദ്ധതികളുടെ ആസൂത്രണവും നിര്‍വഹണവും പ്രസിഡന്‍റിന്‍െറ അഭാവത്തില്‍ സുഖകരമായി മുന്നോട്ടുപോകില്ല എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ നിരീക്ഷിക്കുന്നത്. കാരായിമാര്‍ സ്ഥാനാര്‍ഥികളാവുന്നതിനെ സി.പി.എമ്മിലെ ഒരുവിഭാഗം നേരത്തെ തന്നെ എതിര്‍ത്തിരുന്നു. ജില്ലാ പഞ്ചായത്ത് മയ്യില്‍ ഡിവിഷനില്‍ ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ സ്ഥാനാര്‍ഥിയാകണമെന്നും അദ്ദേഹത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആക്കണമെന്നും നിര്‍ദേശമുയര്‍ന്നിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.