ജനതാദള്‍ മുന്നണി മാറ്റം: ചര്‍ച്ചകള്‍ക്ക് താല്‍ക്കാലിക വിരാമം

കോഴിക്കോട്: ജനതാദള്‍ മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് താല്‍ക്കാലിക വിരാമം. മുന്നണിമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതിന്‍െറ ഭാഗമായി ശനിയാഴ്ച തിരുവനന്തപുരത്ത് ചേരാനിരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം മാറ്റിയിരിക്കയാണ്. എന്നാല്‍ പാര്‍ട്ടിയുടെ 12 ജില്ലാ കമ്മിറ്റികളും എല്‍.ഡി.എഫിലേക്ക് പോകണമെന്ന നിര്‍ദേശത്തില്‍ ഉറച്ചുനില്‍ക്കയാണ്. പക്ഷേ, പാര്‍ട്ടിയുടെ പ്രധാന കേന്ദ്രങ്ങളായ കോഴിക്കോട്, കണ്ണൂര്‍ ജില്ലാ കമ്മിറ്റികള്‍ക്ക് മുന്നണി മാറ്റത്തില്‍ താല്‍പര്യമില്ല.

യു.ഡി.എഫ് വിടാനുള്ള നീക്കത്തില്‍നിന്ന് ജനതാദള്‍-യു പിന്മാറാന്‍ തയാറായില്ളെങ്കില്‍ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുമെന്ന ഘട്ടത്തിലാണ് വീരേന്ദ്രകുമാറും മറ്റു നേതാക്കളും നിലപാട് മാറ്റിയത്. ജനതാദള്‍-യു മുന്നണിവിടുമെന്ന ആശങ്ക ശക്തമാകുന്നതിനിടെ ഏപ്രില്‍ മാസം ഒഴിവുവരുന്ന മൂന്നു രാജ്യസഭാ സീറ്റില്‍ ഒന്ന് ജനതാദളിന് നല്‍കാന്‍ യു.ഡി.എഫില്‍ ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരനും ഈ വാഗ്ദാനം വീരേന്ദ്രകുമാറിന് കഴിഞ്ഞദിവസം നല്‍കിയിരുന്നു.  

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് എം.പി. വീരേന്ദ്രകുമാറിന്‍െറ പരാജയവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ ഭിന്നത തദ്ദേശ തെരഞ്ഞെടുപ്പോടെ രൂക്ഷമാവുകയായിരുന്നു. പല സ്ഥലങ്ങളിലും കോണ്‍ഗ്രസ് കാലുവാരിയെന്ന ആരോപണവുമായി ജനതാദള്‍-യു പ്രവര്‍ത്തകര്‍ രംഗത്തുവന്നതോടെ മുന്നണിമാറ്റ ചര്‍ച്ചക്ക് ചൂടുപിടിച്ചു. പഴയ ജെ.പി കള്‍ചറല്‍ സെന്‍ററിന്‍െറ നേതൃത്വത്തില്‍ പല ജില്ലകളിലും പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.