ബി.ജെ.പി സംസ്ഥാന ഇലക്ഷന്‍ കമ്മിറ്റിക്ക് രൂപംനല്‍കി

നെടുമ്പാശ്ശേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ബി.ജെ.പി സംസ്ഥാന ഇലക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. മുന്‍ സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരനാണ് കണ്‍വീനര്‍. സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍, പി.കെ. കൃഷ്ണദാസ്, പി.എസ്. ശ്രീധരന്‍പിള്ള, സി.കെ. പത്മനാഭന്‍, കെ. സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, എം.ടി. രമേഷ്, ശോഭാസുരേന്ദ്രന്‍, കെ.ആര്‍. ഉമാകാന്തന്‍, കെ. സുഭാഷ്, പി.എം. വേലായുധന്‍, കെ.പി. ശ്രീശന്‍, ജോര്‍ജ് കുര്യന്‍, രേണുസുരേഷ് എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.
നെടുമ്പാശ്ശേരിയില്‍ ചേര്‍ന്ന ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സംസ്ഥാന കോര്‍ കമ്മിറ്റിയിലെ ഒരംഗം, ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയുടെ ചുമതലയുള്ളയാള്‍ എന്നിവര്‍ അതത് മണ്ഡലങ്ങളില്‍ പ്രവര്‍ത്തകരുമായി കൂടിയാലോചിച്ചാകും ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ഥി പട്ടിക തയാറാക്കി സംസ്ഥാന ഇലക്ഷന്‍ കമ്മിറ്റിക്ക് സമര്‍പ്പിക്കുക. ഇലക്ഷന്‍ കമ്മിറ്റി ഇത് പരിശോധിച്ച് കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടത്താന്‍ സംസ്ഥാനതലം മുതല്‍ ബൂത്തുതലം വരെ മാനേജ്മെന്‍റ് കമ്മിറ്റികളും പ്രവര്‍ത്തിക്കും. സംസ്ഥാനതല കമ്മിറ്റിയുടെ ഉദ്ഘാടനം തിരുവനന്തപുരം പി.എം.ജി ജങ്ഷനടുത്തുള്ള കെട്ടിടത്തില്‍ ഈ മാസം 18 ന് നിര്‍വഹിക്കും. 28 ന് മുമ്പ് പ്രാദേശിക തലങ്ങളില്‍ വരെ ഇലക്ഷന്‍ ഓഫിസുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങും.
മാര്‍ച്ച് ആറ് മുതല്‍ 16 വരെ തീയതികളില്‍ ബൂത്ത് തലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശന പരിപാടികള്‍ സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായുള്ള പ്രവര്‍ത്തകര്‍ക്കായി തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍വെച്ച് പ്രത്യേക ശില്‍പശാലകള്‍ സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് തയാറെടുപ്പിന്‍െറ ഭാഗമായി ബി.ജെ.പി ആദ്യം ഒരു നയരേഖ തയാറാക്കും. ഇത് ചര്‍ച്ച ചെയ്തശേഷം മാനിഫെസ്റ്റോ തയാറാക്കാനും യോഗം തീരുമാനിച്ചു.
കേന്ദ്രമന്ത്രി ഡി.പി. നദ്ദ, ദേശീയ സെക്രട്ടറി എച്ച്. രാജ എന്നിവരും കോര്‍ കമ്മിറ്റിയില്‍ പങ്കെടുത്തു. ദേശീയ തലത്തിലെന്ന പോലെ സംസ്ഥാനത്തും എന്‍.ഡി.എ എന്ന മൂന്നാം ബദലായിട്ടാകും മത്സരരംഗത്തിറങ്ങുക. ഏതൊക്കെ ഘടകകക്ഷികളെ സ്വീകരിക്കണമെന്നതുള്‍പ്പെടെ കാര്യങ്ങളും സീറ്റ് വിഭജന ചര്‍ച്ചകളും എത്രയും വേഗംതന്നെ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.