കോണ്‍ഗ്രസ് സഖ്യം: വി.എസിന്‍െറ പിന്തുണ ബംഗാളില്‍ ഹിറ്റ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സി.പി.എം ബംഗാള്‍ ഘടകത്തിന്‍െറ പ്രമേയത്തെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രതികരണത്തിന് ബംഗാളില്‍ വലിയ സ്വീകരണം. പാര്‍ട്ടി നേതൃത്വം വി.എസിന്‍െറ പ്രതികരണം സ്വാഗതംചെയ്തപ്പോള്‍ വലിയ പ്രാധാന്യത്തോടെയാണ് ബംഗാളിലെ പത്രങ്ങളും ചാനലുകളും അത് റിപ്പോര്‍ട്ട് ചെയ്തത്. വി.എസ് പറഞ്ഞത് സ്വാഗതാര്‍ഹമാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ശ്യാമള്‍ ചക്രബര്‍ത്തി പറഞ്ഞു. ബംഗാളിന്‍െറ തേട്ടം വി.എസ് കേട്ടുവെന്നാണ് കൊല്‍ക്കത്തയില്‍ നിന്നിറങ്ങുന്ന ‘ടെലിഗ്രാഫ്’ പത്രം നല്‍കിയ തലക്കെട്ട്.

 തൃണമൂല്‍ കോണ്‍ഗ്രസ് ഫാഷിസ്റ്റ് പാര്‍ട്ടിയാണെന്നും അവര്‍ക്കെതിരെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്ന ജനങ്ങളുടെ വികാരമാണ് ബംഗാളിലെ സി.പി.എം പറയുന്നതെന്നും മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് അത് മനസ്സിലായേക്കില്ളെന്നുമായിരുന്നു വി.എസ് കഴിഞ്ഞ ദിവസം പറഞ്ഞത്. കോണ്‍ഗ്രസ് സഖ്യം വേണമെന്ന ബംഗാള്‍ ഘടകത്തിന്‍െറ പ്രമേയം പിണറായി വിജയനും മറ്റും  തള്ളിക്കളഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രമേയത്തെ അനുകൂലിച്ച് വി.എസ് രംഗത്തുവന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബംഗാള്‍ മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ കേരളത്തിലെ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന വി.എസ്-പിണറായി വിഭാഗീയതയും പരാമര്‍ശിക്കുന്നുണ്ട്.

ബംഗാള്‍ പ്രമേയത്തെ അനുകൂലിക്കുന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായുള്ള അടുപ്പവും വി.എസിനെ ബംഗാള്‍ ഘടകത്തിന് അനുകൂലമാക്കിയെന്നാണ് വിലയിരുത്തല്‍. അതേസമയം, ബംഗാള്‍ പ്രമേയം ചര്‍ച്ചചെയ്യാന്‍ ഈ മാസം 16 മുതല്‍ 18 വരെ പി.ബി, സി.സി യോഗങ്ങള്‍ ചേരാനിരിക്കെ, കൂടുതല്‍ പേരുടെ പിന്തുണക്കായി നീക്കംനടക്കുന്നുണ്ട്. ബംഗാളില്‍നിന്നുള്ള മുഴുവന്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളോടും യോഗത്തിനത്തൊന്‍ പാര്‍ട്ടി സംസ്ഥാന ഘടകം നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നതിനെ എതിര്‍ക്കുന്ന മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പക്ഷത്തിന് മേല്‍ക്കൈയുള്ള പി.ബിയില്‍ ബംഗാള്‍ ഘടകത്തിന്‍െറ പ്രമേയം തള്ളാനാണ് സാധ്യത. എന്നാല്‍, പ്രമേയം 91 അംഗ കേന്ദ്ര കമ്മിറ്റിയില്‍ വരുമ്പോള്‍ കേരളത്തിനും ബംഗാളിനും പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള നിലപാട് നിര്‍ണായകമാണ്.

ജനറല്‍ സെക്രട്ടറി യെച്ചൂരിയുടെ പിന്തുണക്കൊപ്പം പാര്‍ട്ടി സ്ഥാപക നേതാവുകൂടിയായ വി.എസ് കൂടി അനുകൂലമാകുന്നത്  ബംഗാള്‍ ഘടകത്തിന് കേന്ദ്രകമ്മിറ്റിയില്‍ മറ്റുള്ളവരെ സ്വാധീനിക്കാന്‍ സഹായിക്കും. കോണ്‍ഗ്രസിനെതിരെ പാര്‍ട്ടി ഇക്കാലമത്രയും പറഞ്ഞ കാര്യങ്ങള്‍ വിഴുങ്ങേണ്ടിവരുമെന്നു പറഞ്ഞ് കേരളം ഉന്നയിക്കുന്ന എതിര്‍പ്പ് മറികടക്കുക ബംഗാള്‍ ഘടകത്തിന് എളുപ്പമല്ല.    

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.