മുന്നണി ഏതായാലും തൊടുപുഴക്ക് പീജേ തന്നെ

ഇടതിനും വലതിനുമൊപ്പം തൊടുപുഴ ഒഴുകിയപ്പോഴൊക്കെ എം.എല്‍.എയായും മന്ത്രിയായും പി.ജെ. ജോസഫ് ഉണ്ടായിരുന്നു. സംസ്ഥാനത്ത് വേഗത്തില്‍ വികസിക്കുന്ന നഗരമാക്കി തൊടുപുഴയെ മാറ്റാന്‍ കഴിഞ്ഞുവെന്ന ലേബലിലും തൊടുപുഴയുടെ വികസനനായകന്‍ എന്ന ബാനറിലും പി.ജെ ഗോദയിലിറങ്ങിയപ്പോഴൊക്കെ തൊടുപുഴക്കാര്‍ ഒപ്പംനിന്നു. 1957 മുതലുള്ള തൊടുപുഴ മണ്ഡലത്തിന്‍െറ ചരിത്രം പരിശോധിച്ചാല്‍ ജോസഫ് ഒഴികെ ഒരാള്‍മാത്രമാണ് ഇടതുമുന്നണിയുടെ പ്രതിനിധിയായി മണ്ഡലത്തില്‍നിന്ന് നിയമസഭയിലത്തെിയത്. 1967ല്‍ കെ.സി. സക്കറിയ ആയിരുന്നു ഇത്. 1970, 1977, 1980, 1982, 1987, 1996, 2006, 2011 എന്നീ കാലഘട്ടങ്ങളിലെല്ലാം മണ്ഡലത്തെ പ്രതിനിധാനംചെയ്തത് പി.ജെ. ജോസഫായിരുന്നു.  

തൊടുപുഴയില്‍നിന്ന് ഏഴു കിലോമീറ്റര്‍ അകലെ പുറപ്പുഴ ഗ്രാമത്തിലെ പി.ജെ. ജോസഫിന്‍െറ രാഷ്ട്രീയവളര്‍ച്ച മിന്നല്‍വേഗത്തിലായിരുന്നു. നാട്ടിലെ ജന്മി കര്‍ഷക കുടുംബമായ പാലത്തിനാല്‍ വീട്ടിലെ ജോസഫിന്‍െറ (കുഞ്ഞേട്ടന്‍) മകനായ പി.ജെ.ജോസഫ് പൊതുരംഗത്തത്തെുന്നത് തികച്ചും യാദൃശ്ചികമായിരുന്നു. കേരളാ കോണ്‍ഗ്രസ് സ്ഥാപകനേതാവായ അന്തരിച്ച കെ.എം. ജോര്‍ജാണ് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും കൃഷിയും സംഗീതവുമായി നടന്ന ജോസഫിനെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. 1970ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴയില്‍നിന്ന് കന്നിജയം നേടി. മുതിര്‍ന്ന സി.പി.എം നേതാവും കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന യു.കെ. ചാക്കോയെ തോല്‍പിച്ചാണ് 29ാം വയസ്സില്‍ രംഗപ്രവേശം. അടിയന്തരാവസ്ഥക്കുശേഷം 77ല്‍ നടന്ന തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു. കെ.എം. മാണിയുടെ നിയമസഭാംഗത്വം ഹൈകോടതി റദ്ദാക്കിയപ്പോള്‍ 78ലെ ആന്‍റണി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി.

സുപ്രീംകോടതി വിധി മാണിക്ക് അനുകൂലമായപ്പോള്‍ എട്ടു മാസത്തിനുശേഷം മന്ത്രിസ്ഥാനം ഒഴിഞ്ഞു. 79ല്‍ ജോസഫിന്‍െറ നേതൃത്വത്തിലുളള കേരളാ കോണ്‍ഗ്രസ് നിലവില്‍വന്നു. 81ല്‍ കരുണാകരന്‍െറ മന്ത്രിസഭയില്‍ റവന്യൂ-വിദ്യാഭ്യാസമന്ത്രിയായി. 1989ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിസീറ്റ് നിഷേധിച്ചതോടെ യു.ഡി.എഫുമായി അകന്നു. മുന്നണിവിട്ട് മൂവാറ്റുപുഴയില്‍ ഒറ്റക്ക് മത്സരിച്ചു. 89 ഒക്ടോബറില്‍ ഇടതുപക്ഷത്തത്തെി. 2001ല്‍ തൊടുപുഴയില്‍ പി.ടി. തോമസിനോട് പരാജയപ്പെട്ടു. മന്ത്രിപദത്തിന്‍െറ അഞ്ചാം ഊഴത്തില്‍ 13,781 വോട്ടിന്‍െറ ഭൂരിപക്ഷത്തോടെ പകരംവീട്ടി. ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസ്-എമ്മില്‍ ലയിച്ച് യു.ഡി.എഫില്‍ എത്തിയതോടെ ഒഴുക്ക് പൂര്‍ണമായും വലത്തോട്ടായി. യു.ഡി.എഫ് കോട്ടയായ മണ്ഡലത്തിന് അഞ്ചുവര്‍ഷത്തിനിടെ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. അതേസമയം, പി.ജെ. ജോസഫ് യു.ഡി.എഫിന്‍െറ  ശബ്ദമായിമാറിയത് ഇക്കാലത്താണ്.

ഇന്നത്തെ തൊടുപുഴ നഗരത്തിനുപിന്നില്‍ ജോസഫല്ലാതെ മറ്റാരുമില്ളെന്ന് വിമര്‍ശകര്‍പോലും സമ്മതിക്കും. റോഡുകളില്‍ കേരളത്തിന് മാതൃകയാണ് തൊടുപുഴ. നഗരാതിര്‍ത്തിയില്‍ ആറോളം ബൈപാസുകളുണ്ട്. എറണാകുളത്തേക്ക് സബര്‍ബന്‍ ഹൈവേ സാധ്യതാപഠനം തുടങ്ങിക്കഴിഞ്ഞു. അതിവേഗം തൊടുപുഴയില്‍നിന്ന് എറണാകുളത്തത്തെുന്ന ഈ ആശയത്തിനുപിന്നില്‍ ജോസഫാണ്. 119 കോടി ചെലവില്‍ കുരുതിക്കളം-വെള്ളിയാമറ്റം-തൊടുപുഴ-ഞറുക്കുറ്റി-വണ്ണപ്പുറം-ചെറുതോണി റോഡ് ആധുനികനിലവാരത്തിലേക്ക് ഉയരുകയാണ്. മലങ്കരയില്‍ 24 കോടിയുടെ ടൂറിസം പദ്ധതിക്ക് അനുമതിലഭിച്ചത നേട്ടമാണ്. ജലവിഭവവകുപ്പിന്‍െറ ഉടമസ്ഥതയില്‍ മലങ്കരയില്‍ ഹില്ലി അക്വാ കുപ്പിവെള്ളവും തൊടുപുഴ നഗരസഭയില്‍ പൊതുശ്മശാനവും പ്രാവര്‍ത്തികമായത് പി.ജെ. ജോസഫിന്‍െറ ഇടപെടലിലൂടെയാണ്.

താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി, 15 കോടി ചെലവില്‍ കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ഡിപ്പോ, വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ ഒറ്റ കുടക്കീഴിലാക്കി 23 കോടി ചെലവില്‍ സിവില്‍ സ്റ്റേഷന്‍ അനക്സ്, നാലു കോടി ചെലവില്‍ ഫയര്‍സ്റ്റേഷന്‍, മൂന്നുകോടി ചെലവില്‍ മുട്ടത്ത് വിജിലന്‍സ് ഓഫിസ്, മുട്ടത്ത് ജില്ലാ ജയില്‍ എന്നിങ്ങനെ പോകുന്നു പൂര്‍ത്തിയായ പദ്ധതികള്‍. മുതലക്കുടത്ത് 220 കെ.വി സബ്സ്റ്റേഷനും പുരോഗമിക്കുകയാണ്. സമഗ്ര കുടിവെള്ളപദ്ധതികള്‍ക്ക് തുടക്കംകുറിക്കാനായി. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ 17 കോടി ചെലവില്‍ പഴയ പൈപ്പുകള്‍ മാറ്റിസ്ഥാപിച്ചു. മുട്ടത്ത് ഇറിഗേഷന്‍ മ്യൂസിയത്തിന് അനുമതിയായി.  
  ഹൈടെക് ബസ് സ്റ്റോപ്പുകളും ബൈപാസുകളുമുണ്ടെങ്കിലും അടിസ്ഥാന പ്രശ്നപരിഹാരത്തിന് വേണ്ടത്ര കരുതലുണ്ടായില്ല എന്ന വിമര്‍ശം നിലനില്‍ക്കുന്നുണ്ട്.  ആയിരക്കണക്കിന് ആളുകളുടെ ആശ്രയമായ തൊടുപുഴ താലൂക്കാശുപത്രി ഇന്നും പരിമിതികളുടെ തടവറയിലാണ്.

കുടിവെള്ളപദ്ധതികളുടെ നിര്‍മാണോദ്ഘാടനം മുറപോലെ നടക്കുന്നുണ്ടെങ്കിലും ഇതെല്ലാം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നും പ്രതിപക്ഷവിമര്‍ശനം ഉയരുന്നു. മന്ത്രി വകുപ്പ് കൈകാര്യം ചെയ്യുമ്പോഴും മണ്ഡലത്തില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്. കാര്‍ഷികമേഖലയിലെ വിലയിടിവ് പ്രധാന വെല്ലുവിളിയായിട്ടും വേണ്ടത്ര ഇടപെടല്‍ നടത്താത്തതും വിമര്‍ശത്തിനിടയാക്കുന്നുണ്ട്. തൊടുപുഴയുടെ വികസനത്തിന് മലങ്കര ടൂറിസംപദ്ധതി പാതിവഴിയിലാണ്. മറ്റു പ്രഖ്യാപനങ്ങളായ തൊടുപുഴ സ്പൈസസ് പാര്‍ക്ക്, സ്റ്റേഡിയം എന്നിവയില്‍ തുടര്‍നടപടികളായില്ല. ഇത്തവണയും മണ്ഡലത്തില്‍ പി.ജെ. ജോസഫ് മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ബാര്‍കോഴ വിവാദം അലയൊലികള്‍ സൃഷ്ടിച്ച കേരളാ കോണ്‍ഗ്രസില്‍ ജോസഫിന്‍െറ നിലപാടുകള്‍ മാറ്റംവരുത്തുമോയെന്ന് ഉറ്റുനോക്കുന്നവരുണ്ട്. മണ്ഡലത്തില്‍ നിര്‍ണായകശക്തിയായ ജോസഫ് അതിന് മുതിരില്ളെന്നാണ് കരുതുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.