വികസനത്തിന്‍െറ ജനകീയ മാതൃക

ബ്രിട്ടീഷ് ഭരണകാലത്ത് തെന്നിന്ത്യയിലെ തന്നെ പ്രധാന വാണിജ്യകേന്ദ്രമായിരുന്ന തലശ്ശേരി നഗരത്തില്‍നിന്ന് വെറും നാലു കിലോമീറ്റര്‍ പോയാല്‍ കോടിയേരി ഗ്രാമമായി. തലശ്ശേരി നഗരസഭയിലേക്ക് പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്ത ഈ ഗ്രാമം ഇന്നറിയപ്പെടുന്നത് ഇവിടത്തെ മൊട്ടമ്മല്‍ വീട്ടില്‍ കുഞ്ഞുണ്ണിക്കുറുപ്പിന്‍െറയും നാരായണി അമ്മയുടെയും മകന്‍ ബാലകൃഷ്ണന്‍െറ പേരിലാണ്. എന്നാല്‍, തലശ്ശേരിയുടെ ചരിത്രം പറയുമ്പോള്‍ കറകളഞ്ഞ കമ്യൂണിസ്റ്റുകാരനായ കോടിയേരി ബാലകൃഷ്ണന്‍െറ നിഘണ്ടുവില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, ഒ. ചന്തു മേനോന്‍, സര്‍ദാര്‍ ചന്ത്രോത്ത്, സി.കെ. ഗോവിന്ദന്‍ നായര്‍ തുടങ്ങി ഈ പ്രദേശവുമായി ബന്ധപ്പെട്ട ചരിത്രപുരുഷന്മാരോ രാജ്യത്തിനകത്തും പുറത്തും പുകള്‍പെറ്റ വര്‍ത്തകപ്രമുഖരായിരുന്ന ചൊവ്വക്കാരന്‍ കേയിമാരോ കടന്നുവരാറില്ല. കാരണം,  കോടിയേരി ബാലകൃഷ്ണന്‍ തലശ്ശേരിയുടെ വീരപുത്രനായി കരുതുന്നത് നിര്‍ഭയത്വത്തിന്‍െറ പ്രതീകവും കോണ്‍ഗ്രസും പിന്നീട് സോഷ്യലിസ്റ്റും ഒടുവില്‍ കമ്യൂണിസ്റ്റുമായിരുന്ന മൊയ്യാരത്ത് ശങ്കരന്‍ എന്ന വിപ്ളവകാരിയെയാണ്. നഗരത്തിലെ പഴയ പ്രതാപം വിളിച്ചോതുന്ന ഓടിട്ട കെട്ടിടങ്ങളെക്കാള്‍ അദ്ദേഹത്തിന് ഇഷ്ടം തലശ്ശേരിക്ക് ചുറ്റുമുള്ള സി.പി.എമ്മിന്‍െറ ഈറ്റില്ലങ്ങളായ പാര്‍ട്ടി ഗ്രാമങ്ങളുമാണ്. അതുകൊണ്ടുതന്നെയാണ് വി.ആര്‍. കൃഷ്ണയ്യരും കെ.പി.ആര്‍. ഗോപാലനും ഇ.കെ. നായനാരും എന്‍.ഇ. ബലറാമും പാട്യം ഗോപാലനും ഉള്‍പ്പെടെ ജയിച്ചുകയറിയ തലശ്ശേരി നിയമസഭാ സീറ്റില്‍നിന്ന് കോടിയേരി ബാലകൃഷ്ണന്‍ 2011ല്‍ ഉള്‍പ്പെടെ അഞ്ചു തവണ തെരഞ്ഞെടുക്കപ്പെട്ടതും.

കെ.എസ്.എഫിലൂടെ വന്ന് എസ്.എഫ്.ഐയിലൂടെയും ഡി.വൈ.എഫ്.ഐയിലൂടെയും വളര്‍ന്ന 63കാരനായ കോടിയേരിക്ക് മുന്‍ ആഭ്യന്തരമന്ത്രിയില്‍നിന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദവിയിലേക്കാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളിലുണ്ടായ മാറ്റം. ഇതോടെ മത്സരരംഗത്തില്ല എന്നുകൂടി  സി.പി.എമ്മിന്‍െറ പോളിറ്റ് ബ്യൂറോ അംഗംകൂടിയായ അദ്ദേഹം ഉറപ്പിച്ചുപറയുന്നു. പുതിയ സ്ഥാനാര്‍ഥിയെ പാര്‍ട്ടി തീരുമാനിക്കുന്നതുവരെ ആരാവും തലശ്ശേരിയെ പ്രതിനിധാനം ചെയ്യുകയെന്ന ഊഹാപോഹങ്ങള്‍ അന്തരീക്ഷത്തില്‍ തുടരും.

നേട്ടങ്ങളുടെ പട്ടികയില്‍ പ്രഥമസ്ഥാനം ജനകീയ കമ്മിറ്റികള്‍ വഴി പണം സ്വരൂപിച്ച് ആരംഭിച്ച തലശ്ശേരി ഗവ. കോളജും ആരംഭിക്കാനിരിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിയുമാണെന്ന് കോടിയേരി പറയുന്നു. ജനപങ്കാളിത്തത്തോടെയുള്ള വികസനമാണ് ഇത്തരം നേട്ടങ്ങള്‍ക്കു പിന്നില്‍. ജനങ്ങളെ അണിനിരത്തി കോടിക്കണക്കിന് രൂപ ജനങ്ങളില്‍നിന്ന് സ്വരൂപിച്ചാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ചൊക്ളിയില്‍ കോളജിനായി സ്ഥലം കണ്ടത്തെിയപ്പോള്‍ ജനങ്ങളില്‍നിന്നാണ് സ്ഥലം വാങ്ങുന്നതിന് പണം സ്വരൂപിച്ചത്. ഇപ്പോള്‍ താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളജിന് കെട്ടിടവും മറ്റു സൗകര്യങ്ങളും ഒരുക്കും. ഇതിന്‍െറ ചുവടുപിടിച്ചാണ് 2015 ജനുവരി നാലിന് അമ്മയും കുഞ്ഞും ആശുപത്രി സ്ഥലമെടുപ്പിനായി ജനകീയ ധനസമാഹരണ യജ്ഞം സംഘടിപ്പിച്ചത്. നിയോജകമണ്ഡലത്തിലെ വീടുകള്‍ ഒറ്റദിവസം കയറിയിറങ്ങിയാണ് സ്ഥലം വാങ്ങുന്നതിനായി കോടികള്‍ സ്വരൂപിച്ചത്. അഭ്യുദയകാംക്ഷികള്‍ അക്കൗണ്ടിലേക്കും പണമയച്ചു. ഫെബ്രുവരി 27നുള്ളില്‍ തറക്കല്ലിടാനുള്ള ഒരുക്കത്തിലാണ്.

തലശ്ശേരി-മാഹി ബൈപാസില്‍ സ്ഥലമേറ്റെടുത്ത മുഴപ്പിലങ്ങാട് മുതല്‍ പാറാല്‍ വരെയുള്ള ഭാഗത്ത് പ്രവൃത്തി തുടങ്ങാന്‍ കഴിഞ്ഞ വര്‍ഷം ശ്രമിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഒന്നിച്ചുചെയ്താല്‍ മതിയെന്നായിരുന്നു കേന്ദ്രത്തിന്‍െറ നിലപാട്.
മണ്ഡലത്തിന്‍െറ ഭൗതിക പശ്ചാത്തലംവെച്ച് സാധ്യമായ വികസനപ്രവൃത്തികള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് ഇടതുപക്ഷം പറയുന്നത്. പ്രതിപക്ഷത്തിരുന്നാണ് ഇവയൊക്കെ ചെയ്യാനായത്. പല കോടതികളും മാറ്റാന്‍ ശ്രമിക്കുന്നുവെന്ന്  പറയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ വിജിലന്‍സ് കോടതി ആരംഭിച്ചത്. ഭരണത്തിലിരുന്ന കഴിഞ്ഞ സീസണില്‍ ആരംഭിച്ച ഹെറിറ്റേജ് ടൂറിസം പദ്ധതി യു.ഡി.എഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചു. സര്‍ക്കാറിന്‍െറ അവഗണനയുണ്ടെങ്കിലും പ്രതിപക്ഷത്തിന്‍െറ ഇടയില്‍നിന്ന് പരമാവധി വികസനപ്രവര്‍ത്തനം നടത്താനായെന്നും ഇടതുപക്ഷം അവകാശപ്പെടുന്നു.

അതേസമയം, ഇടതുപക്ഷം നിരന്തരം പ്രതിനിധാനം ചെയ്തത് തലശ്ശേരിയെ വികസന മുരടിപ്പിലേക്കാണ് എത്തിച്ചതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. കോളജുകള്‍ സ്ഥാപിക്കാനായത് ഓരോ മണ്ഡലത്തിലും സര്‍ക്കാര്‍ കോളജുകളെന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ നയംമൂലമാണ്. ബ്രണ്ണന്‍ കോളജ് ധര്‍മടം മണ്ഡലത്തിലേക്ക് പോയതാണ് തലശ്ശേരിയില്‍ സര്‍ക്കാര്‍ കോളജ് വരാന്‍ കാരണം. ഇരിക്കൂര്‍, പേരാവൂര്‍, അഴീക്കോട് തുടങ്ങിയ മണ്ഡലങ്ങളിലുണ്ടായ വികസനം തലശ്ശേരിക്കുണ്ടായിട്ടില്ളെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ. നാരായണന്‍ ആരോപിച്ചു. റോഡുകള്‍ ഇപ്പോഴും യാത്രചെയ്യാനാകാത്ത അവസ്ഥയിലാണ്. ട്രാഫിക് തടസ്സം തീരാശാപമാണ്. കൊടുവള്ളി മേല്‍പാലം യാഥാര്‍ഥ്യമായത് മുല്ലപ്പള്ളി രാമചന്ദ്രന്‍െറ പരിശ്രമംമൂലമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മണ്ഡലത്തെ പ്രതിനിധാനംചെയ്തിട്ടും വേണ്ടത്ര ഫലമുണ്ടായിട്ടില്ളെന്നും യു.ഡി.എഫ് ആരോപിക്കുന്നു. കാന്‍സര്‍ സെന്‍ററിന് 100 കോടി ഉള്‍പ്പെടെ നിരവധി സഹായങ്ങള്‍ മണ്ഡലത്തിന് നല്‍കി. കഴിഞ്ഞയാഴ്ച തലശ്ശേരിയില്‍ നടന്ന വികസന സെമിനാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ തട്ടിപ്പാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ കോണ്‍ഗ്രസിലെ റിജില്‍ മാക്കുറ്റിയെ 26,509 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് കോടിയേരി പരാജയപ്പെടുത്തിയത്. ഒരിക്കലും എല്‍.ഡി.എഫിനെ കൈവിടാത്ത ഈ ചുവപ്പുകോട്ടയില്‍  2016ലും സി.പി.എമ്മിന് വന്‍ പ്രതീക്ഷതന്നെ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും തലശ്ശേരി മുനിസിപ്പാലിറ്റിയും മണ്ഡലത്തിലെ പഞ്ചായത്തുകളായ ചൊക്ളി, എരഞ്ഞോളി, കതിരൂര്‍, ന്യൂമാഹി, പന്ന്യന്നൂര്‍ എന്നീ പഞ്ചായത്തുകളും ഇടതിന്‍െറ കൈയില്‍ത്തന്നെയാണ്. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ തന്നെ തലശ്ശേരിയില്‍ അങ്കത്തിനിറങ്ങുമെന്നും അണിയറയില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. അതേസമയം, തലശ്ശേരി തങ്ങള്‍ക്ക് ബാലികേറാമലയൊന്നുമല്ളെന്നാണ് യു.ഡി.എഫ് പറയുന്നത്. കഴിഞ്ഞ തവണ കോടിയേരിക്ക് 56.78 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചതെന്നും ഒത്തുപിടിച്ചാല്‍ സി.പി.എം വീഴുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.