ഗുവാഹത്തി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയവും വോട്ടുപങ്കാളിത്തവുമാണ് ബി.ജെ.പിയെ ഹരംകൊള്ളിക്കുന്നത്. അന്ന് ആകെയുള്ള 14 സീറ്റില്‍ പകുതിയും കാവിപ്പാര്‍ട്ടിക്കായിരുന്നു. സര്‍ബാനന്ദ സോനോവാളിന്‍െറ സംഘാടന മികവാണ് വിജയത്തിന് പിന്നിലെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്‍െറ കണ്ടത്തെല്‍.

വന്‍വിജയത്തിലേക്ക് തേരുതെളിച്ച സോനോവാളിന് കായിക-യുവജനക്ഷേമ വകുപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിന് ഒരു കേന്ദ്ര മന്ത്രിയെ സമ്മാനിച്ചു. അടുത്ത മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട സോനോവാള്‍ പലവട്ടം മോദിയെ അസമിലത്തെിച്ച് വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തിച്ചു. എന്നാല്‍, എല്ലാം ജലരേഖയായി. ഒരു കാലത്ത് അസമിലെ വിപ്ളവനായകനായിരുന്ന സോനോവാളിന് പ്രായോഗിക രാഷ്ട്രീയത്തിന്‍െറ കടമ്പകള്‍ മനസ്സിലായത് കേന്ദ്രമന്ത്രിയായ ശേഷമാണ്. ബി.ജെ.പിയുടെ വാഗ്ദാനങ്ങളില്‍ വയര്‍ നിറയില്ളെന്ന് കഴിഞ്ഞ 20 മാസമായി കേന്ദ്രത്തിലെ ബി.ജെ.പി ഭരണത്തില്‍നിന്ന് ജനങ്ങള്‍ക്ക് മനസ്സിലായി.
2014നു ശേഷം ബ്രഹ്മപുത്രയിലൂടെ വെള്ളം ഏറെ ഒഴുകിപ്പോയി.  കുടിയേറ്റ പ്രശ്നം എളുപ്പം പരിഹരിക്കാനാവില്ളെന്നും മോദിക്കടക്കം അറിയാം. ബംഗ്ളാദേശിന് ഏക്കര്‍കണക്കിന് ഭൂമി കഴിഞ്ഞ വര്‍ഷം കൈമാറിയതും മോദിയുടെ സര്‍ക്കാറാണെന്നതും വിരോധാഭാസമാണ്.

 ഒ.ബി.സി പട്ടികയിലുള്ള ആറു വിഭാഗങ്ങള്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കുമെന്ന മോദിയുടെ വാഗ്ദാനം പാലിച്ചിട്ടില്ല. ഈ ആവശ്യത്തിനായി തെരുവിലിറങ്ങിയ പ്രക്ഷോഭകര്‍ അക്രമാസക്തമായ സമരം തുടരുകയാണ്. കേന്ദ്രം ഇക്കാര്യത്തില്‍ കനിവ് കാട്ടിയാല്‍ ബി.ജെ.പിയുടെ പെട്ടിയില്‍ വോട്ട് കൂടും. തീവ്രവാദ സംഘടനയായിരുന്ന ഉള്‍ഫയുടെ പ്രധാന ആവശ്യമായിരുന്നു ആറു വിഭാഗങ്ങളുടെ പട്ടികവര്‍ഗ പദവി. എന്നാല്‍, വിവിധ ഗോത്ര സംഘടനകളുടെ എതിര്‍പ്പില്‍ ഈ ആവശ്യം പണ്ട് കെട്ടടങ്ങുകയായിരുന്നു.

ബംഗ്ളാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റത്തെ എതിര്‍ക്കുന്ന ബി.ജെ.പിയും മോദി സര്‍ക്കാറും 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ വ്യക്തമായ രേഖകളില്ലാതെ എത്തിയവര്‍ക്ക് താമസിക്കാന്‍ അനുമതി നല്‍കിയതില്‍ ഒരു കൂട്ടര്‍ക്ക് എതിര്‍പ്പുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണച്ചവര്‍ മാറ്റിച്ചിന്തിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നതിനും കാരണമിതാണ്.

ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതിരിക്കുകയും ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്ത ബി.ജെ.പിക്ക് തോല്‍വിയായിരുന്നു ഫലം. അസമില്‍ പാര്‍ട്ടി തന്ത്രം മാറ്റുകയാണ്. കഴിഞ്ഞ ജനുവരി 28നാണ് സോനോവാളാകും അടുത്ത മുഖ്യമന്ത്രിയെന്ന് ദേശീയ നേതൃത്വം തീരുമാനിച്ചത്.

ഒരു കാലത്ത് ക്ഷുഭിത വിദ്യാര്‍ഥി പ്രസ്ഥാനമായിരുന്ന ഓള്‍ അസംസ്റ്റുഡന്‍റ്സ് യൂനിയന്‍െറ (അസു) തീപ്പൊരി നേതാവായിരുന്ന സോനോവാളിനെ എ.ജി.പിയില്‍നിന്നാണ് ബി.ജെ.പി റാഞ്ചിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സോനോവാളിന്‍െറ നേതൃത്വത്തില്‍ പാര്‍ട്ടി ഏഴ് സീറ്റ് നേടിയതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ദേശീയ പ്രസിഡന്‍റ് അമിത് ഷാക്ക് മറ്റാരെയും തേടേണ്ടിവന്നില്ല. ജനം മടുത്ത ഈ ഭരണം തൂത്തെറിയുമെന്നും പുതിയൊരു യുഗം പിറക്കുമെന്നും ദക്ഷിണേഷ്യന്‍ ഗെയിംസിന്‍െറ വേദിയില്‍ വെച്ച് കണ്ടപ്പോള്‍ സോനോവാള്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

എല്ലാ കാര്യത്തിലേക്കും മൂന്നാംകണ്ണ് തുറക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ചുറ്റും നോക്കിയാല്‍തന്നെ അസമിലെ ‘വികസനം’ മനസ്സിലാകുമെന്ന് അദ്ദേഹം കോണ്‍ഗ്രസ് സര്‍ക്കാറിനെ കളിയാക്കുന്നു.  മൂന്നില്‍ രണ്ട് ഭൂരിപക്ഷമായ 84 സീറ്റിനായി ‘മിഷന്‍ 84’ എന്ന പദ്ധതിയുമായാണ് ബി.ജെ.പി മുന്നോട്ടുപോകുന്നത്. എ.ജി.പിയുമായുള്ള സഖ്യനീക്കം പൊളിഞ്ഞത് ബി.ജെ.പിക്ക് തിരിച്ചടിയാകും. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയില്‍ ചേക്കേറിയ ഹിമാന്ത ബിശ്വ ശര്‍മ അള്ള് വെക്കുമോയെന്ന പേടിയും ബി.ജെ.പിക്കുണ്ട്. സംസ്ഥാന രാഷ്ട്രീയം കലക്കിക്കുടിച്ച നേതാവായ ഹിമാന്തക്കൊപ്പം ഒമ്പത് എം.എല്‍.എമാരും കോണ്‍ഗ്രസ് വിട്ടിരുന്നു. (അവസാനിച്ചു)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.