എല്‍.ഡി.എഫ് പ്രവേശം: ജെ.ഡി.യു യോഗത്തില്‍ ഭിന്നത, വാക്കേറ്റം

കോഴിക്കോട്: മുന്നണിമാറ്റം സംബന്ധിച്ച് അഭ്യൂഹം നിലനില്‍ക്കെ ചേര്‍ന്ന ജെ.ഡി.യു കോഴിക്കോട് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ഭിന്നതയും വാക്കേറ്റവും. 13 നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളില്‍ 12ഉം മുന്നണി മാറേണ്ടെന്ന നിലപാടെടുത്തപ്പോള്‍, ഒരാള്‍ മാത്രമാണ് എല്‍.ഡി.എഫിന് അനുകൂലമായി സംസാരിച്ചത്. ആമുഖപ്രസംഗത്തില്‍ എല്‍.ഡി.എഫിന് അനുകൂലമായ നിലപാട് സ്വീകരിച്ച സംസ്ഥാന പ്രസിഡന്‍റ് എം.പി. വീരേന്ദ്രകുമാര്‍, സമാപന പ്രസംഗത്തില്‍ മയംവരുത്തി.

എല്‍.ഡി.എഫിന് അനുകൂലമായി ഒരംഗം സംസാരിക്കവെ സദസ്സില്‍നിന്ന് വാക്കേറ്റവുമുണ്ടായി. യു.ഡി.ഫില്‍നിന്നുള്ള അവഗണന ചൂണ്ടിക്കാട്ടിയാണ് വീരേന്ദ്രകുമാര്‍ സംസാരിച്ചത്. പാലക്കാട്ടെ പരാജയം സംബന്ധിച്ച്  അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസ് റെബലുകളെ നിര്‍ത്തി. 2009നുശേഷം പാര്‍ട്ടി ക്ഷീണിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മന്ത്രി കെ.പി. മോഹനന്‍ കടുത്ത ഭാഷയിലാണ് ഇതിനെ വിമര്‍ശിച്ചത്. പിണറായി വിജയന്‍െറ നിലപാട് കാപട്യമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

വഞ്ചനയില്‍ മനംമടുത്താണ് പാര്‍ട്ടി എല്‍.ഡി.എഫ് വിട്ടത്. ഈ സാഹചര്യത്തിന് മാറ്റമുണ്ടായിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, പാര്‍ട്ടി മുന്നണി മാറാന്‍ പോകുന്നുവെന്ന തരത്തില്‍ ഉണ്ടായ പ്രസ്താവനകള്‍ പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കി. പരാജയത്തിന് ഇതും കാരണമാണോ എന്ന് പരിശോധിക്കണം. എല്‍.ഡി.എഫുമായി ബന്ധം വിച്ഛേദിച്ചശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരെ പലയിടത്തും സി.പി.എം ആക്രമണമുണ്ടായി. താന്‍ മൂന്നുതവണ ആക്രമിക്കപ്പെട്ടു. 

ബിഹാറില്‍ കോണ്‍ഗ്രസിനോടൊപ്പം നിന്നാണ് പാര്‍ട്ടി വിജയംകൊയ്തത്. പാര്‍ട്ടിക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ 65 പ്രതിനിധികളുണ്ടായിരുന്നത് ഇപ്പോള്‍ 62 പേരുണ്ടെന്നും അതിനാല്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടായെന്ന വ്യാഖ്യാനം ശരിയല്ളെന്നും ജില്ലാ പ്രസിഡന്‍റ് മനയത്ത് ചന്ദ്രനും ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.