പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് വീരന് കോണ്‍ഗ്രസിന്‍െറ ഉറപ്പ്

കോഴിക്കോട്: മുന്നണി മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെ, പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന്ജെ.ഡി.യു സംസ്ഥാന പ്രസിഡന്‍റ് വീരേന്ദ്രകുമാറിന്  കോണ്‍ഗ്രസിന്‍െറ ഉറപ്പ്. ഞായറാഴ്ച രാവിലെ എം.കെ. രാഘവന്‍ എം.പി ചാലപ്പുറത്തെ വീട്ടില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ഇരുപാര്‍ട്ടികളും ആശയങ്ങള്‍ കൈമാറിയത്. ഇതിന്‍െറ അനുകൂല പ്രതികരണമായായിരുന്നു തിങ്കളാഴ്ച വി.എം. സുധീരന്‍െറ ജനരക്ഷാ യാത്രയിലെ വീരേന്ദ്രകുമാറിന്‍െറ ആദ്യാവസാന സാന്നിധ്യം.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വി.എം. സുധീരന്‍ എന്നിവരുടെ ദൂതനായായിരുന്നു എം.കെ. രാഘവന്‍ വീരനെ കണ്ടത്. പാലക്കാട്ടെ തോല്‍വിയില്‍ അന്വേഷണകമീഷനെ നിയോഗിച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ല, തദ്ദേശതെരഞ്ഞെടുപ്പില്‍ റെബലുകളെ നിര്‍ത്തി കാലുവാരി, നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യം എന്നിവയാണ് ചര്‍ച്ചയായതെന്ന് എം.കെ. രാഘവന്‍ എം.പി ‘മാധ്യമ’ത്തോട് പറഞ്ഞു. പരിപാടിയില്‍ വീരേന്ദ്രകുമാര്‍ പങ്കെടുത്തതോടെ അത് രാഷ്ട്രീയ ലോകത്തിന് പുതിയ ഒരു സന്ദേശമാണ് നല്‍കിയത്.

സി.പി.എമ്മിനെയും ജെ.ഡി.യുവിലെ ഒരു പക്ഷത്തെയും ഇത് ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ജെ.ഡി.യു ജില്ലാ കൗണ്‍സില്‍ യോഗത്തില്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വീരേന്ദ്രകുമാര്‍ പ്രതികരിച്ചിരുന്നത്. ഉമ്മന്‍ ചാണ്ടിയോട് നൂറു കാര്യങ്ങള്‍ താന്‍ പറഞ്ഞു.

ഒരു കാര്യത്തിനെങ്കിലും അദ്ദേഹം മറുപടി പറയേണ്ടേ എന്നായിരുന്നു വീരന്‍ പ്രസംഗിച്ചത്. തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇടപെട്ട് അടിയന്തര ചര്‍ച്ചക്ക് വഴിയൊരുക്കിയത്. ചര്‍ച്ചയുടെ വിവരങ്ങള്‍ ചോരുമെന്നതിനാല്‍ മറ്റാരെയും കൂടെ കൂട്ടാതെയാണ് എം.കെ. രാഘവന്‍ ചര്‍ച്ചക്ക് പോയിരുന്നത്. മുതലക്കുളത്തെ യോഗത്തില്‍, സോഷ്യലിസ്റ്റുകളുടെ മതേതര രാഷ്ട്രീയ പാരമ്പര്യവും സി.പി.എമ്മിന്‍െറ കാപട്യവും വിവരിച്ചാണ് യു.ഡി.എഫ് നേതാക്കള്‍ സംസാരിച്ചത്.

സമ്മേളനത്തിലെ വീരേന്ദ്രകുമാറിന്‍െറ വരവോടെ എല്‍.ഡി.എഫുമായുള്ള ചര്‍ച്ചകളുടെ ഗതിമാറുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.