നായകവേഷങ്ങള്‍ക്കുമേല്‍ തൂങ്ങി സോളാറും ലാവലിനും

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലെ രണ്ടു നായകവേഷങ്ങള്‍ക്കുമേല്‍, എപ്പോഴും വീഴാവുന്ന വാളായി ലാവലിനും സോളാറും. സോളാര്‍ അഴിമതിയില്‍ ജസ്റ്റിസ് ശിവരാജന്‍ കമീഷന്‍ റിപ്പോര്‍ട്ടാവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വേവലാതി സൃഷ്ടിക്കുന്നതെങ്കില്‍, ലാവലിന്‍ അഴിമതിക്കേസിലെ ഹൈകോടതി നിലപാടാവും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ഭീഷണിയാവുക. 
രണ്ടുപേരുടെയും രാഷ്ട്രീയഭാവി തന്നെ തീരുമാനിക്കുന്ന വിഷയങ്ങളായി മാറുകയാണിവ. കമീഷന്‍െറയും കോടതിയുടെയും തീര്‍പ്പ് അനുകൂലമായി വന്നാല്‍ ഇരുവരും തങ്ങളുടെ പാര്‍ട്ടികളിലടക്കം ചോദ്യം ചെയ്യപ്പെടാനാവാത്തവരായി മാറും. മറിച്ചായാല്‍ തുടര്‍ രാഷ്ട്രീയം തന്നെ സംശയത്തിലുമാവും. അതേ സമയം ഒന്ന് മറ്റേയാള്‍ക്ക് ഗുണമോ ദോഷമോ ആയി മാറുകയുമാവാം. സോളാര്‍ കമീഷന്‍െറ കാലാവധി അവസാനിക്കുന്നത് ഏപ്രിലില്‍ ആണ്. ലാവലിനില്‍ ഹൈകോടതിയില്‍ വാദം ആരംഭിക്കുന്നത് ഫെബ്രുവരി അവസാനവും. 
അതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തുടക്കത്തിലോ നടുവിലോ ആയിരിക്കും രണ്ടിലും തീരുമാനമുണ്ടാവുക. ഇതോടെ സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് വിഷയമായി സോളാറും ലാവലിനും അതിലൂടെ അഴിമതിയും മാറും.
കഴിഞ്ഞ ദിവസം വരെ സോളാറിലും ബാറിലും കറങ്ങുകയായിരുന്നു കേരള രാഷ്ട്രീയം. ഇവ രണ്ടും യു.ഡി.എഫിന് എതിരായതിനാല്‍, അവര്‍ക്കെതിരെ ഏകപക്ഷീയ ആക്രമണമാണ് നടന്നിരുന്നത്. ഒടുവില്‍ സോളാര്‍ കമീഷന്‍ ഈമാസം 25ന് മുഖ്യമന്ത്രിയോട് ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിന്‍െറ പിറ്റേന്നാണ് സി.പി.എമ്മിന്‍െറ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് കരുതപ്പെടുന്ന പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവലിന്‍ കേസില്‍ സര്‍ക്കാര്‍ ഹൈകോടതിയിലത്തെിയത്. ഇതോടെ ഇരുമുന്നണികളുടെയും നായകര്‍ അഴിമതി ആരോപണ വിധേയരായി മാറി. 
സര്‍ക്കാര്‍ ഹരജിയില്‍ ഇന്നലെ ഹൈകോടതി അനുകൂല സമീപനമെടുക്കുക കൂടി ചെയ്തതോടെ പിണറായിയുടെയും അദ്ദേഹത്തിന്‍െറ നവകേരള മാര്‍ച്ചിന്‍െറയും ഗതിതന്നെ മാറുകയാണ്. തനിക്കെതിരായ സോളാറിനെ ചെറുക്കാന്‍ പിണറായിയെ ലാവലിന്‍െറ ഷോക്കടിപ്പിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. 
എന്നാല്‍ പിണറായിയെ കോടതിവഴി കുരുക്കിയ ദിവസം തന്നെ സോളാര്‍ കമീഷനിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉമ്മന്‍ ചാണ്ടിക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. 
സരിത ജയിലിലായിരിക്കെ, ആയുധങ്ങളുമായി അവരെ കാണാന്‍ ആളുകളത്തെി എന്നതടക്കമുള്ള കാര്യങ്ങളാണ് മുന്‍ ജയില്‍ ഡി.ജി.പി ഡോ.അലക്സാണ്ടര്‍ ജേക്കബ് കമീഷനെ അറിയിച്ചത്. ഇത്തരത്തില്‍ നേരിട്ടല്ളെങ്കിലും കൊണ്ടും കൊടുത്തുമാണ് സോളാറും ലാവലിനും മുന്നോട്ടു പോകുന്നത്. ലാവലിന്‍ സി.പി.എമ്മില്‍ പിണറായി-വി.എസ് പൊട്ടിത്തെറിയുണ്ടാക്കിയ വിഷയമായതിനാല്‍ അതിന്‍െറ ആനുകൂല്യവും യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നു. 
എന്നാല്‍ വെള്ളിയാഴ്ച ഉപ്പളയില്‍ നവകേരള മാര്‍ച്ച് ഉദ്ഘാടന ച്ചടങ്ങില്‍ പങ്കെടുത്ത വി.എസ് ലാവലിന്‍ പരാമര്‍ശിച്ചില്ളെങ്കിലും പൊതുവെ, നല്‍കിയത് ഐക്യസന്ദേശമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.