ബി.ജെ.പി: ഇരുപക്ഷവും പകുത്തെടുത്തു; സമവായപാതയില്‍ കേന്ദ്രവും കുമ്മനവും

തിരുവനന്തപുരം: നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ ഹി ന്ദുത്വ രാഷ്ട്രീയവഴികള്‍ തേടുന്ന ബി.ജെ.പി കേന്ദ്രനേതൃത്വം കേരളത്തിലെ സംഘടനയില്‍ തേടുന്നത് സമവായപാത.  നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ നടന്ന അഴിച്ചുപണിയില്‍ തെളിയുന്നത് വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ് പക്ഷത്തെ തൃപ്തിപ്പെടുത്തിയുള്ള കേന്ദ്ര നേതൃത്വത്തിന്‍െറയും പുതിയ പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍െറയും നീക്കമാണ്. അഴിച്ചുപണി തുടരുമെന്നാണ് ദേശീയ നേതൃത്വം നല്‍കുന്ന സൂചന. വൈസ് പ്രസിഡന്‍റ്, സെക്രട്ടറിമാരായി ചിലരെ അടുത്ത ഘട്ടത്തില്‍ നിയമിക്കാനാണ് ധാരണ. സംസ്ഥാന കമ്മിറ്റിയിലേക്ക് 45ഓളം പേരുടെ പട്ടിക കൂടി ഉടന്‍ പുറത്തിറങ്ങും.  

സംഘടനയില്‍ നിര്‍ണായക ജനറല്‍ സെക്രട്ടറിമാരില്‍ ഭൂരിഭാഗവും കൃഷ്ണദാസ് പക്ഷത്തിന് കൈയടക്കാനായി. അതേസമയം വക്താവ്, ട്രഷറര്‍ എന്നിവരെ കൂടാതെ വൈസ് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാരില്‍ ഭൂരിഭാഗവും മുരളീപക്ഷത്തിനും ലഭിച്ചു. ജില്ലാ പ്രസിഡന്‍റുമാരില്‍ ലഭിച്ച മേല്‍ക്കൈ താഴെതട്ടില്‍ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് കൃഷ്ണദാസ് വിഭാഗം. സംഘടനാതലത്തില്‍ പിടുമുറുക്കാന്‍ ആലോചിച്ച ആര്‍.എസ്.എസിന് അതില്‍നിന്ന് പിന്മാറേണ്ടിവന്നത് ശക്തമായ ഗ്രൂപ്പുകളുടെ കൂടി വിജയമാണ്.

മുരളീ-കൃഷ്ണദാസ് പക്ഷത്തിനൊപ്പം സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്വന്തമായി ചരട് വലിച്ച ശോഭാ സുരേന്ദ്രന്‍െറ നേതൃതലത്തിലേക്കുള്ള ഉയര്‍ച്ചയാണ് ശ്രദ്ധേയം. കഴിഞ്ഞ പ്രാവശ്യം നാലു ജനറല്‍ സെക്രട്ടറിമാരാണുണ്ടായിരുന്നത്. ശോഭയെ കൂടി ഉള്‍ക്കൊള്ളാനായി അഞ്ചായി അത് ഉയര്‍ത്തി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മുരളീപക്ഷത്തിന്‍െറ പ്രാതിനിധ്യം രണ്ടില്‍നിന്ന് ഒന്നായി ചുരുങ്ങി. എ.എന്‍. രാധാകൃഷ്ണനൊപ്പം എം.ടി. രമേശും കൂടി വന്നപ്പോള്‍ കൃഷ്ണദാസ് വിഭാഗത്തിന്‍െറ പ്രാതിനിധ്യം രണ്ടായി.

കൃഷ്ണദാസ് പക്ഷവും ശോഭാ സുരേന്ദ്രനും ശ്രമിച്ചിട്ടും ഉമാകാന്തന്‍ തുടരുന്നത് ഇവര്‍ക്ക് തിരിച്ചടിയാണ്. സഹ സംഘടനാ സെക്രട്ടറിയായിരുന്ന സുഭാഷിനെ കൊണ്ടുവരാന്‍ കുമ്മനത്തിനും താല്‍പര്യമുണ്ടായിരുന്നു. ഉമാകാന്തനോട് അടുപ്പമുള്ളവരെ ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്‍റ്, പാലക്കാട്, എറണാകുളം ജില്ലാ പ്രസിഡന്‍റുമാരായും മധ്യമേഖലാ സംഘടനാ സെക്രട്ടറിയായും നിയമിച്ചത് അദ്ദേഹത്തിന്‍െറ സ്വാധീനം തെളിയിക്കുന്നതായി.

ഒമ്പത് വൈസ് പ്രസിഡന്‍റുമാരില്‍ എട്ടുപേരെയും എട്ടു സെക്രട്ടറിമാരില്‍ ആറുപേരെയും ട്രഷറര്‍, വക്താവിനെയും ലഭിച്ച മുരളീവിഭാഗം യുവമോര്‍ച്ച, മഹിള, കര്‍ഷക, എസ്.സി, ഒ.ബി.സി മോര്‍ച്ച ഭാരവാഹികളെയും കരസ്ഥമാക്കി മുന്‍തൂക്കം നേടി. എന്നാല്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റുമാരെ കൃഷ്ണദാസ് വിഭാഗത്തിന് ലഭിച്ചപ്പോള്‍  കൊല്ലം, തൃശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ മുരളീപക്ഷം ഒതുങ്ങി. ജില്ലകളിലെ മേധാവിത്വം കൃഷ്ണദാസ് വിഭാഗത്തിന് മേല്‍ക്കൈ നല്‍കും. എന്നാല്‍ 18 സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ 12 പേര്‍ മുരളീ വിഭാഗത്തില്‍നിന്നാണ്. മേഖലാ ഭാരവാഹികളില്‍ ഇരുപക്ഷത്തിനും പ്രാതിനിധ്യം നല്‍കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കുമ്മനം രാജശേഖരന്‍െറ നേതൃത്വത്തില്‍ ‘വിമോചന യാത്ര’ ജനുവരി 20ന് ആരംഭിക്കുകയാണ്. തെരഞ്ഞെടുപ്പിന്‍െറ തയാറെടുപ്പും ഒപ്പം ആരംഭിക്കുകയാണ്. തങ്ങളുടെ വികാരം മാനിക്കാതെ കുമ്മനത്തെ പ്രസിഡന്‍റായി കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചത് പ്രബല ഗ്രൂപ്പുകളില്‍ അതൃപ്തി ഉയര്‍ത്തിയിരുന്നു. എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയ പാര്‍ട്ടിയുമായി അടക്കം രാഷ്ട്രീയ സഖ്യം ഉണ്ടാക്കുമ്പോള്‍ രണ്ട് വിഭാഗങ്ങളെയും അലോസരപ്പെടുത്താതെ മുന്നോട്ട് പോകണമെന്ന നിലപാടാണ് കേന്ദ്ര നേതൃത്വത്തിനും പ്രഥമ പരിഗണനയായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.