യു.ഡി.എഫ് മോഹങ്ങള്‍ക്ക് തിരിച്ചടിയായി തുടര്‍ രാജികള്‍

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണവും അതിന്‍െറ പേരില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മന്ത്രിമാരുടെ രാജികളും ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനും ഭരണമുന്നണിക്കും തിരിച്ചടിയാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ, ഇത് യു.ഡി.എഫിന് ശക്തമായ പ്രഹരം നല്‍കുന്നതോടൊപ്പം ഭരണത്തുടര്‍ച്ചയെന്ന മോഹത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതുമാണ്. സി.പി.എമ്മിനെ അഴിമതിക്കേസിലടക്കം കുരുക്കി തെരഞ്ഞെടുപ്പ് നേരിടാനുള്ള നീക്കത്തിനും ബാബുവിന്‍െറ രാജി തിരിച്ചടിയായി.

തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ഭരണത്തുടര്‍ച്ചയെന്ന അതിമോഹത്തിലേക്കുവരെ യു.ഡി.എഫിനെ എത്തിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടത് മുന്നേറ്റമാണ് ഇതിന് അല്‍പമെങ്കിലും കടിഞ്ഞാണിട്ടത്. എങ്കിലും അതിനെ മറികടക്കാമെന്ന പ്രതീക്ഷയിലായിരുന്നു യു.ഡി.എഫ് കേന്ദ്രങ്ങള്‍. ലാവലിന്‍ കേസിലെ കോടതിവിധിയും പി. ജയരാജനെ പ്രതിയാക്കിയ സി.ബി.ഐ നടപടിയും  പ്രതീക്ഷകള്‍ക്ക് വീണ്ടും നിറംപകരുകയും ചെയ്തു. അതിനിടെയാണ് ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി ഇടപെടലുണ്ടായത്. ഹൈകോടതി പരാമര്‍ശംമൂലം കെ.എം. മാണി രാജിവെക്കേണ്ടിവന്നതിന്‍െറ ആഘാതത്തില്‍നിന്ന് കരകയറിവരുന്നതിനിടെയാണ് വിജിലന്‍സ് കോടതിയുടെ ഇന്നലത്തെ ഉത്തരവും തൊട്ടുപിന്നാലെയുള്ള ബാബുവിന്‍െറ രാജിയും. ഭരണം അഴിമതിയില്‍ കുളിച്ചെന്ന പ്രതിപക്ഷ ആരോപണത്തിന് ശക്തിപകരുന്നതാണ് ഇതെല്ലാം. തെരഞ്ഞെടുപ്പുവരെ ഈ രാഷ്ട്രീയസാഹചര്യം നിലനിര്‍ത്താന്‍  പ്രതിപക്ഷം ആവുന്നത്ര ശ്രമിക്കും. അത് തിരിച്ചറിഞ്ഞാണ് രാജിപ്രഖ്യാപനവേളയില്‍ ഗൂഢാലോചന ഉള്‍പ്പെടെ കടുത്ത ആരോപണം സി.പി.എമ്മിനെതിരെ ബാബു ഉന്നയിച്ചത്. എന്നാല്‍, അതൊക്കെ അഴിമതിയുടെ നിഴലില്‍നിന്ന്  രക്ഷപ്പെടാന്‍ സര്‍ക്കാറിനെ സഹായിക്കുമോയെന്ന് കണ്ടറിയണം.

അഴിമതി അന്വേഷണത്തില്‍ വിജിലന്‍സിനെതിരെയും കോടതി കടുത്ത വിമര്‍ശമാണ് ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാറിന്‍െറ ചട്ടുകമായി വിജിലന്‍സ് പ്രവര്‍ത്തിക്കുന്നെന്ന ആക്ഷേപത്തിന് ശക്തിപകരുന്നതാണ് ഇതും. ഇവയെല്ലാം പൊതുജനാഭിപ്രായ രൂപവത്കരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായതിനാല്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ ഭരണമുന്നണിക്ക് ദോഷമുണ്ടാക്കും. തെരഞ്ഞെടുപ്പിനുമുമ്പ് അതില്‍നിന്ന് കരകയറാനാവശ്യമായ സമയവും സര്‍ക്കാറിന് മുന്നിലില്ല. ഭരണനേട്ടങ്ങളും മറ്റും ചൂണ്ടിക്കാട്ടി ഇത് മറികടക്കുക എളുപ്പമല്ല. മാത്രമല്ല, സുപ്രീംകോടതി വിധിയോടെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട ബാറുടമകള്‍ നിലപാട് കടുപ്പിച്ച് മുന്നോട്ടുപോകാനുള്ള തീരുമാനത്തിലുമാണ്. അവര്‍ നടത്തുന്ന ഓരോ വെളിപ്പെടുത്തലും പ്രതിസന്ധി കൂട്ടുകയും ചെയ്യും. പ്രതിപക്ഷത്തിനാവട്ടെ, ഇതെല്ലാം അധിക  ആയുധങ്ങളുമാണ്.

കെ. ബാബു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വലംകൈയായാണ് അറിയപ്പെടുന്നത്. അതിനാല്‍തന്നെ അദ്ദേഹത്തിന്‍െറ രാജി മുഖ്യമന്ത്രിക്ക് കനത്ത ആഘാതവുമാണ്. ഉടനെ ഉണ്ടായില്ളെങ്കില്‍ പോലും കോണ്‍ഗ്രസിനകത്ത് ഉമ്മന്‍ ചാണ്ടിക്കെതിരെ നടന്നേക്കാവുന്ന നീക്കത്തിന് ബാബുവിന്‍െറ രാജിയും പാര്‍ട്ടിയിലെ എതിര്‍ചേരി ആയുധമാക്കും. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ തുടര്‍ച്ചയായി ഉയര്‍ന്ന ആരോപണങ്ങളെല്ലാം ഒരുപരിധിവരെ നേരിടാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചിരുന്നു. ലോക്സഭക്ക് പിന്നാലെ അരുവിക്കരയിലും നേടിയ മിന്നുന്ന വിജയത്തിലൂടെ ആരോപണങ്ങളുടെ പാപക്കറയില്‍നിന്ന് സര്‍ക്കാര്‍ മോചിതമായെന്നാണ് കരുതപ്പെട്ടിരുന്നത്.

അതോടെ മുന്നണിയിലും കോണ്‍ഗ്രസിലും മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി അനിഷേധ്യശക്തിയുമായി. എന്നാല്‍, പുതിയ  സംഭവവികാസങ്ങള്‍ അതിനെല്ലാം മാറ്റംവരുത്തുന്നതാണ്. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ മന്ത്രിക്കാണ് അഴിമതി ആരോപണത്തിന്‍െറ പേരില്‍ രാജിവെക്കേണ്ടിവന്നിരിക്കുന്നത്. ഇത് മുതലെടുക്കാനുള്ള നീക്കം പാര്‍ട്ടിയില്‍ നിന്നുതന്നെ ഉയരുകയും ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.