മന്ത്രിസഭയുടെ ആയുസ്സ് പൂര്‍ത്തിയാക്കാന്‍ തള്ളിക്കളയലും തിരിച്ചുവിളിക്കലും

തിരുവനന്തപുരം: മന്ത്രിസഭ തകരാതിരിക്കാന്‍ രാജി തള്ളിയും മുന്നണി നിലനിര്‍ത്താന്‍ കക്ഷി നേതാവിനെ മടക്കിവിളിച്ചും സംസ്ഥാന ചരിത്രത്തില്‍ അപൂര്‍വ രാഷ്ട്രീയനീക്കം. കെ. ബാബുവിന്‍െറ രാജി തള്ളാനും രണ്ടര മാസംമുമ്പ് രാജിവെച്ച കെ.എം. മാണിയെ തിരിച്ചുവിളിക്കാനുമാണ് യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെയടക്കം രാജിയില്‍ മന്ത്രിസഭ തകരാതിരിക്കാനാണ് ബാബുവിന്‍െറ രാജി നിരാകരിക്കുന്നതെങ്കില്‍ ഇരട്ട നീതിയെന്ന ആക്ഷേപത്തില്‍ മുന്നണി തകരാതിരിക്കാനാണ് മാണിയെ മടക്കിവിളിക്കുന്നത്. യു.ഡി.എഫിന്‍െറയും മുഖ്യമന്ത്രിയുടെയും തീരുമാനം ശിരസാവഹിച്ച്  രാജി പിന്‍വലിക്കുകയാണെന്ന് ബാബു പ്രഖ്യാപിച്ചു. എന്നാല്‍, തിരികെവരാന്‍ ധിറുതിയും ആഗ്രഹവുമില്ളെന്നും എല്ലാം പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും പറഞ്ഞ് ‘സസ്പെന്‍സ്’ നിലനിര്‍ത്തുകയാണ് മാണി.
ബാര്‍ കോഴക്കേസില്‍ ഹൈ േകാടതി പരാമര്‍ശത്തെതുടര്‍ന്നാണ് കെ.എം. മാണി നവംബര്‍ 10ന് രാജിവെച്ചത്. അന്നുതന്നെ ഇരട്ടനീതിയെന്ന ആക്ഷേപം അദ്ദേഹവും കേരളാ കോണ്‍ഗ്രസും ഉയര്‍ത്തിയിരുന്നു. അതിനിടെയാണ് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ബാബുവിനെതിരെ ഉണ്ടാവുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ അദ്ദേഹം രാജി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, 28ന് സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കും  ആര്യാടന്‍ മുഹമ്മദിനും എതിരെ തൃശൂര്‍ വിജിലന്‍സ് കോടതി തന്നെ ഉത്തരവിട്ടു. അന്നുതന്നെ ബാബുവിനെതിരായ ഉത്തരവ് സ്റ്റേ ചെയ്തു പിറ്റേന്ന് മുഖ്യമന്ത്രിക്കെതിരായ ഉത്തരവും സ്റ്റേ ചെയ്തു. സോളാര്‍ കമീഷന് മുന്നിലെ വെളിപ്പെടുത്തലുകളുടെയും തുടര്‍ന്നുള്ള കോടതി ഉത്തരവിന്‍െറയും പേരില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ അദ്ദേഹം പ്രതിരോധിച്ചത് ഹൈകോടതി സ്റ്റേ ഉയര്‍ത്തിക്കാട്ടിയാണ്. ഈ സാഹചര്യത്തില്‍ ബാബുവിന്‍െറ രാജി സ്വീകരിച്ചാല്‍ സ്വഭാവികമായും അത് മുഖ്യമന്ത്രിയുടെ രാജിയെന്ന ആവശ്യത്തിലാവും ചെന്നത്തെുക. ഇതുവരെ മാണിക്കും ബാബുവിനും ഇരട്ട നീതിയെന്ന ആക്ഷേപമേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ അത് ഉമ്മന്‍ ചാണ്ടിക്കും ബാബുവിനും രണ്ടു നീതിയെന്നതിലും എത്തും. അതിനാല്‍ ബാബുവിന്‍െറ രാജി തള്ളാനും  മന്ത്രി സഭ പൂര്‍ത്തിയാക്കാനും തീരുമാനിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.