ജെ.ഡി.യു പരാജയം: സംസ്ഥാന സമിതിയില്‍ വീരേന്ദ്രകുമാറിന് രൂക്ഷവിമര്‍ശം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പേരില്‍ ജെ.ഡി.യു സംസ്ഥാന സമിതിയില്‍ സംസ്ഥാന പ്രസിഡന്‍റ് എം.പി. വീരേന്ദ്രകുമാറിന് രൂക്ഷവിമര്‍ശം. ഭൂരിപക്ഷാഭിപ്രായം മാനിക്കാതെ യു.ഡി.എഫില്‍ തുടരാന്‍ തീരുമാനിച്ചതാണ് പാര്‍ട്ടിയുടെ ദയനീയ തോല്‍വിക്ക് കാരണമെന്നായിരുന്നു പൊതുവിലയിരുത്തല്‍. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനായി വീരേന്ദ്രകുമാറിന്‍െറ വസതിയില്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്‍റുമാരുടെയും സഹസംഘടനാ ഭാരവാഹികളുടെയും യോഗത്തിലാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. വിമര്‍ശത്തത്തെുടര്‍ന്ന് ഉന്നതനേതാക്കളായ എം.പി. വീരേന്ദ്രകുമാര്‍, ഷേക്ക് പി. ഹാരിസ്, വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ രാജിസന്നദ്ധത അറിയിച്ചെങ്കിലും നേതാക്കളിടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

സംസ്ഥാനത്തെ 12 ജില്ലാ കമ്മിറ്റികള്‍ ആവശ്യപ്പെട്ടിട്ടും എല്‍.ഡി.എഫിനൊപ്പം പോകാത്തതാണ് മത്സരിച്ച ഏഴ് മണ്ഡലങ്ങളിലും കനത്ത തോല്‍വിക്കിടയാക്കിയതെന്നായിരുന്നു പ്രധാന ആക്ഷേപം. കെ.പി. മോഹനന്‍െറയും കോഴിക്കോട് ജില്ലാ പ്രസിഡന്‍റായിരുന്ന മനയത്ത് ചന്ദ്രന്‍െറയും നിര്‍ബന്ധബുദ്ധിയാണ് മുന്നണിമാറ്റത്തിന് വിലങ്ങുതടിയായതെന്നും വിമര്‍ശമുയര്‍ന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റിനെ പാലക്കാട് തോല്‍പിച്ചതും 2015ലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും യു.ഡി.എഫ് കാലുവാരി പരാജയപ്പെടുത്തുകയായിരുന്നു. യു.ഡി.എഫില്‍ തുടരാന്‍ പ്രസിഡന്‍റിന് വെച്ചുനീട്ടിയ രാജ്യസഭാ അംഗത്വത്തിന്‍െറ പേരില്‍ പാര്‍ട്ടിയെ ബലികൊടുക്കുകയായിരുന്നെന്നും  വിമര്‍ശമുയര്‍ന്നു. സംസ്ഥാന അധ്യക്ഷനുനേരെ രൂക്ഷവിമര്‍ശം ഉയര്‍ന്നതോടെയാണ് സംസ്ഥാന ഭാരവാഹികള്‍ പരാജയത്തിന്‍െറ ഉത്തരവാദിത്തമേറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ചത്.

കല്‍പറ്റയില്‍ എം.വി. ശ്രേയാംസ് കുമാറിന്‍െറ തോല്‍വിക്കുകാരണവും കോണ്‍ഗ്രസിന്‍െറയും ലീഗിന്‍െറയും നിലപാടാണെന്ന് യോഗം വിലയിരുത്തി.  പ്രവാചകനെ പരാമര്‍ശിച്ച് ‘മാതൃഭൂമി’യില്‍ വന്ന  ലേഖനവും മുസ്ലിം സമുദായത്തിന്‍െറ വോട്ടു നഷ്ടപ്പെടാനിടയാക്കി.  അമ്പലപ്പുഴയിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഷേക്ക് പി. ഹാരിസിന്‍െറ ദയനീയ തോല്‍വിക്കുകാരണം കോണ്‍ഗ്രസ് ആണെന്നായിരുന്നു വിലയിരുത്തല്‍. വീട് കയറിയുള്ള പ്രവര്‍ത്തനത്തിലും മറ്റും കോണ്‍ഗ്രസിന്‍െറ പ്രവര്‍ത്തനം ഏകോപിപ്പിക്കാനോ നയിക്കാനോ ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍ മുന്‍കൈയെടുത്തില്ല എന്നായിരുന്നു ആലപ്പുഴ ജില്ലയുടെ വിമര്‍ശം. ഒരു കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ്, ഡി.സി.സി നേതാക്കള്‍, ഡി.സി.സി പ്രസിഡന്‍റിന്‍െറ കോണ്‍ഗ്രസുകാരനായ സഹോദരന്‍ തുടങ്ങി നാനാഭാഗത്തുനിന്നും സ്ഥാനാര്‍ഥിക്കെതിരായ പ്രവര്‍ത്തനമാണുണ്ടായതെന്നും ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.