ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വിയുടെ കാരണം വിശദീകരിക്കുന്നതിനും ഭാവി നടപടി ചര്‍ച്ചചെയ്യുന്നതിനും ഹൈകമാന്‍ഡ് നേതാക്കളെ കാണുന്നതിന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ഡല്‍ഹിയില്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരെയും കേരളത്തിലെ തെരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കാളികളായിരുന്ന എ.ഐ.സി.സി ഭാരവാഹികളെയും അദ്ദേഹം കാണും.
തോല്‍വിയുടെ കാരണങ്ങള്‍, പ്രവര്‍ത്തനത്തിലെ പാളിച്ച തുടങ്ങിയവയെക്കുറിച്ച് കെ.പി.സി.സി നേതൃയോഗത്തില്‍ ഉയര്‍ന്ന ചര്‍ച്ച അദ്ദേഹം ഹൈകമാന്‍ഡിനോട് വിശദീകരിക്കും. ഭാവി പ്രവര്‍ത്തനത്തിന്‍െറ മാര്‍ഗരേഖയും മുന്നോട്ടുവെക്കും. ഇതിനിടെ, നേതൃതലത്തില്‍ അഴിച്ചുപണി ആവശ്യപ്പെട്ട് യുവനേതാക്കള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് തലമുറ മാറ്റം നടക്കണമെന്നും തല്‍സ്ഥിതി തുടരാന്‍ തീരുമാനിക്കുന്നത് അപകടം ചെയ്യുമെന്നും മാത്യു കുഴല്‍നാടന്‍െറ നേതൃത്വത്തിലുള്ള സംഘം രാഹുല്‍ ഗാന്ധിയോട് പറഞ്ഞു.
ബി.ജെ.പി ഒരു സീറ്റിലെങ്കിലും ജയിക്കാന്‍ പാകത്തില്‍ കോണ്‍ഗ്രസില്‍ പിന്നാമ്പുറ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ച് എ.ഐ.സി.സി അന്വേഷിക്കണമെന്ന ആവശ്യവും സംഘം മുന്നോട്ടുവെച്ചു. ഇത്തരത്തില്‍ തീരാക്കളങ്കം ഉണ്ടാകുന്ന വിധത്തില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍, അവരെ വെറുതെ വിടരുത്.
തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നവരുടെ പാളയമാക്കി കെ.പി.സി.സി നിര്‍വാഹക സമിതിയെ മാറ്റരുതെന്നും യുവസംഘം ആവശ്യപ്പെട്ടു. യുവാക്കളെ ഒപ്പംനിര്‍ത്തിയാണ് കോണ്‍ഗ്രസ് മുന്നോട്ടു നീങ്ങേണ്ടത്. നിലവിലെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതൃസമിതികള്‍ പിരിച്ചുവിട്ട്, ഊര്‍ജസ്വലത പകരാന്‍ പാകത്തില്‍ പുതിയ നേതാക്കളെ മുന്നോട്ടു കൊണ്ടുവരണമെന്നും യുവസംഘം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.