കോഴിക്കോട്: വി.എസ്. അച്യുതാനന്ദന് പദവി നല്‍കുന്ന കാര്യത്തില്‍ സി.പി. എമ്മില്‍ അനിശ്ചിതത്വം തുടരുന്നു. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ വി.എസിനു ഉചിതമായ പദവി നല്‍കണമെന്ന പി.ബി നിര്‍ദേശം പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍, എന്തു പദവി നല്‍കണമെന്ന് പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിനുമുമ്പോ ശേഷമോ വി.എസിനു ഇതുസംബന്ധിച്ചു ഒരുറപ്പും കൊടുത്തിട്ടില്ളെന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പി.ബിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, വി.എസ് പാര്‍ട്ടിക്ക് നല്‍കിയ സേവനം പരിഗണിച്ചും അദ്ദേഹത്തിന്‍െറ ആഗ്രഹം മാനിച്ചും മാന്യമായ പദവി നല്‍കണമെന്നാണ് യെച്ചൂരി അഭിപ്രായപ്പെട്ടത്. ഇതിനുള്ള പൂര്‍ണാധികാരം കേരളാ ഘടകത്തിനാണെന്നും പി.ബി വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റിയില്‍ ഇതുവരെ ഈ വിഷയം ചര്‍ച്ചക്കുവന്നിട്ടില്ല. അവിടെ ചര്‍ച്ച ചെയ്യേണ്ട കാര്യവുമില്ല.

പി.ബി നിര്‍ദേശം പരിഗണിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് വി.എസുമായി കൂടിയാലോചന നടത്തി ഉചിതമായ പദവി നിര്‍ദേശിക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ചുമതലപ്പെടുത്തി. കോടിയേരി, വി.എസിനെ കണ്ടെങ്കിലും ഇതുവരെ തീരുമാനത്തിലത്തൊന്‍ കഴിഞ്ഞില്ല.
എല്‍.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗത്വവും. ഇതു രണ്ടും നല്‍കാന്‍ പാര്‍ട്ടി ഒരുക്കമല്ല. എല്‍.ഡി.എഫ് ചെയര്‍മാന്‍ ആക്കിയാല്‍ അതുപയോഗിച്ചു സര്‍ക്കാറിന്‍െറ ദൈനംദിന പ്രവര്‍ത്തനത്തില്‍ ഇടപെടുമെന്നാണ് സി.പി.എമ്മിന്‍െറ ആശങ്ക. സെക്രട്ടേറിയറ്റില്‍ അംഗമാക്കിയാല്‍ പാര്‍ട്ടി രഹസ്യങ്ങള്‍ പുറത്തുപോകാന്‍ ഇടവരുമെന്നും  സംശയിക്കുന്നു.

വി.എസിനെയല്ല, അദ്ദേഹത്തിന്‍െറ കൂടെയുള്ളവരെയാണ് പാര്‍ട്ടിക്കു വിശ്വാസമില്ലാത്തത്. സി.പി.എമ്മിനെതിരായ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നത് വി. എസിന്‍െറ പ്രഖ്യാപിത വിശ്വസ്തന്മാര്‍ മുഖാന്തരമാണെന്ന് പാര്‍ട്ടി നേരത്തെ നടത്തിയ രഹസ്യാന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. സെക്രട്ടേറിയറ്റ് യോഗത്തില്‍ വിതരണംചെയ്യുന്ന രേഖകള്‍ യോഗംകഴിഞ്ഞു തിരിച്ചുപോകുമ്പോള്‍ വാതില്‍ക്കല്‍വെച്ചുതന്നെ തന്‍െറ സഹായിയെ വി.എസ് ഏല്‍പിക്കാറുണ്ട്. ഇങ്ങനെ ഏല്‍പിക്കുന്ന രേഖകളിലെ വിവരങ്ങള്‍ അടുത്തദിവസം പത്രങ്ങളിലും ചാനലുകളിലും പ്രത്യക്ഷപ്പെടുന്നതായി  സി.പി.എം കണ്ടത്തെിയിരുന്നു.

വി.എസിന്‍െറ അറിവോ അനുവാദമോ ഇല്ലാതെ അദ്ദേഹത്തെക്കൂടി കബളിപ്പിച്ചാണ് പാര്‍ട്ടി രഹസ്യങ്ങളും രേഖകളും മാധ്യമങ്ങള്‍ക്ക് എത്തിച്ചിരുന്നതെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഭരണപരിഷ്കാര സമിതി ചെയര്‍മാന്‍ പോലെയോ തത്തുല്യമായ മറ്റേതെങ്കിലും സ്ഥാനമോ വി.എസിനു നല്‍കാമെന്ന് അദ്ദേഹത്തെ അറിയിച്ചെങ്കിലും അനുകൂല മറുപടി പാര്‍ട്ടിക്ക് കിട്ടിയിട്ടില്ല.

സ്റ്റേറ്റ് കാറും ബംഗ്ളാവും കിട്ടുമെന്നതിനപ്പുറം അധികാരങ്ങളൊന്നുമില്ലാത്ത അലങ്കാരപദവിയാണത്. സ്റ്റാഫില്‍ ഭൂരിഭാഗവും ഉദ്യോഗസ്ഥന്മാര്‍ ആയതിനാല്‍ പേഴ്സനല്‍ സ്റ്റാഫായി അധികംപേരെ നിയമിക്കാനുമാവില്ല. അതിനാല്‍ അത്തരം പദവികള്‍ സ്വീകരിക്കുന്നതിനോട് അദ്ദേഹത്തിന്‍െറ വിശ്വസ്തര്‍ തന്നെയാണ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. ഏതായാലും വി.എസിന്‍െറ മറുപടിക്കു പാര്‍ട്ടി കാത്തിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.