സ്ഥാനാര്‍ഥിത്വം: വി.എസിന്‍െറ നിലപാട് പാര്‍ട്ടി തീരുമാനമറിഞ്ഞശേഷം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ നിലപാട് പാര്‍ട്ടി  തീരുമാനത്തിന് അനുസരിച്ചാവും. ചൊവ്വാഴ്ച  ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും ബുധനാഴ്ചത്തെ സംസ്ഥാന സമിതിയിലും ഉയരുന്ന അഭിപ്രായവും കേന്ദ്ര നേതൃത്വത്തിന്‍െറ നിലപാടുമാവും നിര്‍ണായകം.

ആദ്യം പാര്‍ട്ടി നിലപാട് എടുക്കട്ടെ, ശേഷം അഭിപ്രായം പ്രകടിപ്പിക്കാം എന്നാണ് വി.എസിന്‍െറ നിലപാടെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അടുത്ത വിശ്വസ്തരോടുപോലും വി.എസ് മനസ്സ് തുറക്കുന്നുമില്ല. അതേസമയം  വി.എസും പിണറായിയും മത്സരിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തില്‍ ഭൂരിപക്ഷത്തിന്‍െറയും അഭിപ്രായം. സംസ്ഥാന ഘടകത്തിന്‍െറ മനസ്സ് കൂടി അറിഞ്ഞശേഷം പി.ബി ചേര്‍ന്ന് ധാരണയിലത്തൊനാണ് അവരുടെ തീരുമാനവും. പ്രായാധിക്യവും തുടര്‍ച്ചയായി മത്സരരംഗത്തുള്ളതും ചൂണ്ടിക്കാട്ടിയാണ് വി.എസിന്‍െറ സ്ഥാനാര്‍ഥിത്വത്തെ സംസ്ഥാന ഘടകം എതിര്‍ക്കുന്നത്.

പിണറായി വിജയന് മത്സരിക്കുന്നതില്‍ തടസ്സമൊന്നും ഇല്ലാത്തതുകൊണ്ടുതന്നെ കൂടുതല്‍ ചര്‍ച്ച ഉദിക്കുന്നുമില്ല. എല്‍.ഡി.എഫിന് ലഭിച്ചിരിക്കുന്ന മുന്‍തൂക്കം  നഷ്ടപ്പെടുത്തരുതെന്ന അഭിപ്രായം കേന്ദ്ര, സംസ്ഥാന നേതൃത്വത്തിലും ശക്തമാണ്.കോണ്‍ഗ്രസിനെ ചുറ്റിനിന്ന നായക വിവാദം തങ്ങളിലേക്ക് തിരിഞ്ഞതില്‍ സി.പി.എം നേതൃത്വവും അതൃപ്തരാണ്. വിവാദം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ പ്രതികൂലമായി ബാധിക്കരുതെന്നതിലും അവര്‍ ജാഗരൂകരാണ്. അതുകൊണ്ടുതന്നെ എല്ലാ മാര്‍ഗങ്ങളും തുറന്നിടുകയാണ് സി.പി.എം സംസ്ഥാന നേതൃത്വം.

വി.എസും പിണറായിയും മത്സരിക്കുന്നതിന് ഒരു തടസ്സവുമില്ളെന്ന് കോടിയേരി ബാലകൃഷ്ണന്‍ തിങ്കളാഴ്ച  പ്രസ്താവിച്ചത് ഇത് മുന്‍നിര്‍ത്തിയാണ്. തെരഞ്ഞെടുപ്പിനുമുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന പതിവ് സി.പി.എമ്മിനില്ളെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥിത്വ വിഷയത്തില്‍ ഉണ്ടായേക്കാവുന്ന തെറ്റിദ്ധാരണകള്‍ അകറ്റുന്നത് ലക്ഷ്യമിട്ട് കൂടിയായിരുന്നു ഇത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.