ഘടകകക്ഷിയാക്കണം; സെക്കുലര്‍ വിഭാഗം യു.ഡി.എഫിന് കത്ത് നല്‍കി

കോട്ടയം: ടി.എസ്. ജോണിന്‍െറ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് സെക്കുലര്‍ വിഭാഗം ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വത്തിന് കത്ത് നല്‍കി. അടുത്തിടെയാണ് പി.സി. ജോര്‍ജുമായി മുന്‍ നിയമസഭാ സ്പീക്കര്‍ കൂടിയായ ജോണ്‍ തെറ്റിപ്പിരിഞ്ഞത്. ബുധനാഴ്ച തിരുവനന്തപുരത്ത് ചേരുന്ന യു.ഡി.എഫ് നേതൃയോഗം കത്ത് പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ജോണ്‍ വിഭാഗം.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആശിര്‍വാദത്തോടെയായിരുന്നു ടി.എസ്. ജോണിന്‍െറ നേതൃത്വത്തില്‍ സെക്കുലര്‍ രണ്ടായത്. പാര്‍ട്ടി പിളര്‍ത്തിയാല്‍ യു.ഡി.എഫില്‍ സ്ഥാനവും സീറ്റ് വാഗ്ദാനവും ഉമ്മന്‍ ചാണ്ടി നല്‍കിയിരുന്നതായാണ് വിവരം. കെ.എം. മാണിക്കും ഈ നീക്കത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും സ്വന്തമാക്കുള്ള നീക്കങ്ങളും അദ്ദേഹം മുന്‍കൂട്ടി നടത്തിയിരുന്നു. ഇതോടെ പി.സി. ജോര്‍ജ് വെട്ടിലായി.

ഫ്രാന്‍സിസ് ജോര്‍ജിന്‍െറ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിലെ വിമതരെ അനുനയിപ്പിച്ചശേഷം ടി.എസ്. ജോണിന്‍െറ കാര്യത്തില്‍ തീരുമാനമെന്ന നിലപാടിലാണത്രേ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി. ഘടകകക്ഷിയാക്കുന്നതിനൊപ്പം പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി നിയോജക മണ്ഡലങ്ങളിലൊന്ന് നല്‍കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്. തിരുവല്ല സീറ്റ് ജോണിനു നല്‍കാന്‍ പത്തനംതിട്ട ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും കരുക്കള്‍ നീക്കുന്നുമുണ്ട്. സീറ്റ് ചര്‍ച്ചകള്‍ ആരംഭിക്കും മുമ്പ് കോട്ടയത്ത് പാര്‍ട്ടിയുടെ  ശക്തി തെളിയിക്കുന്ന സമ്മേളനം നടത്താന്‍ ഈ നേതാവ് നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിന്‍െറ അടിസ്ഥാനത്തില്‍ മാര്‍ച്ച് 19ന് കോട്ടയത്ത് പാര്‍ട്ടിയുടെ സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷനും ശക്തിപ്രകടനവും നടത്തും. അതിനിടെ കേരള കോണ്‍ഗ്രസ് എമ്മിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപ്പെട്ടു. അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ വിമതരെ അനുനയിപ്പിക്കാന്‍ തീവ്രശ്രമം നടക്കുകയാണ്. മുഖ്യമന്ത്രി നേരിട്ട് ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ളവരുമായി സംസാരിച്ചതായാണ് വിവരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.