തൃണമൂലില്‍ സീറ്റ് കലഹം

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ സീറ്റുമോഹികളുടെ കലാപം. കൊല്‍ക്കത്തയില്‍ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നിലും സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലും പാര്‍ട്ടി ഓഫിസ് രോഷപ്രകടനത്തിന് വേദിയായി. മമതയുടെ അടുത്തയാളായി അറിയപ്പെടുന്ന അബ്ദുല്‍ സലാം മുല്ല ഉള്‍പ്പെടെ ഏതാനും പേര്‍ പാര്‍ട്ടി വിട്ടു. തൃണമൂല്‍ സ്ഥാനാര്‍ഥിക്കെതിരെ വിമതരായി മല്‍സരിക്കുമെന്നും ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  

താന്‍ കണ്ണുവെച്ച 24 പര്‍ഗാന ജില്ലയിലെ സീറ്റ് സി.പി.എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട മുന്‍മന്ത്രി അബ്ദുല്‍ റസാഖ് മുല്ലക്ക് നല്‍കിയതാണ് അബ്ദുല്‍ സലാം മുല്ലയെ ചൊടിപ്പിച്ചത്.  സി.പി.എം വിട്ട ശേഷം സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ അബ്ദുല്‍ റസാഖ് മുല്ല ഈയിടെയാണ് തൃണമൂലില്‍ ചേര്‍ന്നത്. ടാറ്റ നാനോ ഫാക്ടറി സ്ഥലമെടുപ്പിനെ ചൊല്ലി വിവാദമായ സിംഗൂരിലും കടുത്ത എതിര്‍പ്പാണുള്ളത്. സിറ്റിങ് എം.എല്‍.എയും മന്ത്രിയുമായ രവീന്ദ്രനാഥ് ഭട്ടാചാര്യക്ക്  വീണ്ടും സീറ്റ് നല്‍കിയതില്‍ എതിര്‍പ്പുമായി അണികള്‍  പരസ്യമായി രംഗത്തുവന്നു. സ്ഥാനാര്‍ഥിയെ മാറ്റിയില്ളെങ്കില്‍ മന്ത്രിയെ തോല്‍പിക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.  

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മി രത്തന്‍ ശുക്ള, ഫുട്ബാള്‍ താരം സയ്യിദ് റഹീം നബി എന്നിങ്ങനെ പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്ക് സീറ്റു നല്‍കിയതിലും സീറ്റ് മോഹികളായ നേതാക്കള്‍ തൃപ്തരല്ല.  പാര്‍ട്ടിയിലെ പ്രതിഷേധം സ്വാഭാവികമാണെന്നാണ് തൃണമൂല്‍ നേതൃത്വം വിശദീകരിക്കുന്നത്.  ഉത്തര്‍ദിനാപുര്‍ ജില്ലയില്‍ പാര്‍ട്ടിയുമായി അത്ര അടുപ്പമില്ലാത്ത സബിത കെട്രിക്ക് സീറ്റ് നല്‍കിയതിലും  പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ രോഷത്തിലാണ്. മമതയുടെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തുവന്ന അവര്‍ അര മണിക്കൂറോളം ദേശീയ പാത തടഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.