ബംഗാളില്‍ കോണ്‍ഗ്രസ്–ഇടത് ധാരണ 80–85 സീറ്റുകളില്‍

ന്യൂഡല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസ്- ഇടതു ധാരണ 80 മുതല്‍ 85 വരെ സീറ്റുകളില്‍. കോണ്‍ഗ്രസ് 95 സീറ്റുകളാണ് ചോദിച്ചതെങ്കിലൂം പരമാവധി 85 സീറ്റ് നല്‍കാമെന്നാണ് സി.പി.എം നല്‍കിയ മറുപടി. ഏതൊക്കെ സീറ്റുകള്‍ എന്ന കാര്യത്തില്‍  ഇരുകക്ഷികളുടെയും സംസ്ഥാന നേതൃത്വങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. കോണ്‍ഗ്രസിന് നല്‍കുന്ന 80 -85 സീറ്റുകളില്‍ 50 ലേറെ എണ്ണം കഴിഞ്ഞ തവണ സി.പി.എം മത്സരിച്ചവയാണ്. സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ളോക് എന്നിവയുടെ കൈയിലുള്ള സീറ്റുകളില്‍ നിന്നാണ് കോണ്‍ഗ്രസിന് നല്‍കേണ്ട  അവശേഷിക്കുന്ന 30നടുത്ത് സീറ്റുകള്‍ കണ്ടത്തെുക. അതിനിടെ, ഇടതുമുന്നണി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ആകെയുള്ള 294 സീറ്റുകളില്‍ 116 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസുമായുള്ള സീറ്റു ധാരണയുടെ പശ്ചാത്തലത്തില്‍ അതിനുള്ള സീറ്റുകള്‍ ഒഴിച്ചിട്ടാണ് ഇടതു പട്ടിക തയാറാക്കിയത്. മുര്‍ഷിദാബാദ് ഉള്‍പ്പെടെ വടക്കന്‍ ബംഗാളില്‍ ഏഴു ജില്ലകളില്‍ കോണ്‍ഗ്രസിന് നല്ല സ്വാധീനമുണ്ട്. 
ഈ മേഖലയിലെ  76 സീറ്റുകളില്‍ 17 എണ്ണത്തില്‍ മാത്രമാണ് ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ബാക്കി സീറ്റുകള്‍ കോണ്‍ഗ്രസിനായി മാറ്റിവെച്ചിരിക്കുകയാണ്. ആദ്യ പട്ടികയില്‍ പകുതിയിലേറെ പേര്‍ പുതുമുഖങ്ങളാണ്. 116 പേരുടെ പട്ടികയില്‍ 68 പേര്‍ കന്നിയങ്കം കുറിക്കുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ സൂര്യകാന്ത് മിശ്ര ഉള്‍പ്പെടെ സംസ്ഥാന സെക്രട്ടേറിയറ്റിലെ അഞ്ചു പേര്‍ ഇക്കുറി മത്സര രംഗത്തുണ്ട്. സംസ്ഥാന സെക്രട്ടറി മത്സരരംഗത്തുനിന്ന് മാറിനില്‍ക്കുകയെന്ന പതിവു ശൈലി തെറ്റിച്ചാണ് സൂര്യകാന്ത് മിശ്ര അങ്കത്തിനിറങ്ങുന്നത്. 
പ്രമുഖര്‍ തന്നെ മത്സരിക്കണമെന്ന് കീഴ്ഘടകങ്ങളില്‍ നിന്നുയര്‍ന്ന മുറവിളിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ അഞ്ചുപേര്‍ക്ക് ടിക്കറ്റ് നല്‍കിയത്.  അതേസമയം, ഇടതുമുന്നണി കണ്‍വീനര്‍ ബിമന്‍ ബോസ്, മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ, നിരുപം സെന്‍, ഗൗതം ദേബ് തുടങ്ങിയവര്‍ മത്സരിക്കുന്നില്ല. അനാരോഗ്യമാണ് ഇവര്‍ മാറിനില്‍ക്കുന്നതിന്‍െറ കാരണമായി പറയുന്നത്. മുന്‍ എം.പി കൂടിയായ അത്ലറ്റ് ജ്യോതിര്‍മയി സിക്ദറും ആദ്യഘട്ട ഇടതു സ്ഥാനാര്‍ഥി പട്ടികയിലുണ്ട്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.