വിവാദ ഉത്തരവുകള്‍: റവന്യൂ വകുപ്പിനും മന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് സുധീരന്‍

തിരുവനന്തപുരം: തുടര്‍ച്ചയായി വിവാദ ഉത്തരവുകള്‍ ഇറക്കുകയും കെ.പി.സി.സി നിര്‍ദേശങ്ങള്‍ അവഗണിക്കുകയും ചെയ്ത റവന്യൂ വകുപ്പിനും മന്ത്രി അടൂര്‍ പ്രകാശിനുമെതിരെ ആഞ്ഞടിച്ച് സുധീരന്‍. പാര്‍ട്ടിയെ അനുസരിക്കാത്ത മന്ത്രിമാരെ നിലക്കുനിര്‍ത്തേണ്ടിവരുമെന്ന് കെ.പി.സി.സി നിര്‍വാഹകസമിതിയോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റവന്യൂ മന്ത്രിക്ക് വീഴ്ചപറ്റിയെന്ന് സുധീരന്‍ തുറന്നടിച്ചു. റവന്യൂ വകുപ്പില്‍നിന്ന് തുടരെ വിവാദ ഉത്തരവുകള്‍ ഉണ്ടാകുന്നതിനെക്കുറിച്ച് പരിശോധിക്കും. എന്നാല്‍, പരിശോധനക്കുമുമ്പ് എന്തെങ്കിലും നടപടിയെന്ന നിഗമനത്തിലത്തൊന്‍ കഴിയില്ല.

നികുതി സ്വീകരിക്കാന്‍ അനുമതി നല്‍കി ആദ്യം പുറത്തിറക്കിയ ഉത്തരവ് ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, ഉത്തരവ് പൂര്‍ണമായി പിന്‍വലിക്കുന്നതാകും ഉചിതം. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിയുടെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് അതീതമാണോയെന്ന് പരിശോധിക്കും. കരുണ വിഷയത്തില്‍  മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ രണ്ടുതവണ താന്‍ കത്ത് നല്‍കി. അതിന്‍െറ അടിസ്ഥാനത്തില്‍ ഉന്നതതലയോഗം ചേര്‍ന്ന് തീരുമാനമെടുത്തപ്പോള്‍ അക്കാര്യം തന്നെ അറിയിക്കാതെ മന്ത്രി തീരുമാനം പരസ്യമായി പ്രഖ്യാപിച്ചു. ഉത്തരവ് പിന്‍വലിക്കില്ളെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ച മന്ത്രി പാര്‍ട്ടിയോട് കാര്യങ്ങള്‍ വിശദീകരിക്കുന്നതില്‍ വീഴ്ചവരുത്തി. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്‍െറ ഭാഗത്തുനിന്നുണ്ടായത് വീഴ്ചയാണ്. എല്ലാത്തിനും സമാധാനം പറയേണ്ടത് രാഷ്ട്രീയനേതൃത്വമാണ്.

ഉത്തരവ് ഭേദഗതി ചെയ്തതോടെ കരമടയ്ക്കാനുള്ള സാഹചര്യം ഇല്ലാതായെന്നത് നല്ലതുതന്നെ. എന്നാല്‍, വിഷയത്തില്‍ ജനങ്ങളില്‍ രൂപപ്പെട്ട സന്ദേഹം ഇല്ലാതാക്കാന്‍ ഉത്തരവ് പിന്‍വലിക്കുന്നതാണ് ഉചിതം. സര്‍ക്കാറിന്‍െറ നേട്ടങ്ങളുടെ പ്രഭ കുറയാതിരിക്കാനാണ് ഇത്തരം കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടുന്നത്.
കഴിഞ്ഞ ഇടതുസര്‍ക്കാറും ആന്‍റണി സര്‍ക്കാറും മിച്ചഭൂമിയായി കണ്ടത്തെി ഏറ്റെടുക്കാന്‍ തീരുമാനിച്ച പീരുമേട് ഹോപ് ഫൗണ്ടേഷന്‍െറ ഭൂമിക്ക് ഭൂപരിഷ്കരണനിയമത്തില്‍ ഇളവ് നല്‍കിയ തീരുമാനം പുന$പരിശോധിക്കണം. 1976ല്‍ മിച്ചഭൂമിയായി കണ്ടത്തെുകയും കോടതികളിലെ എല്ലാ കേസും തോല്‍ക്കുകയും ചെയ്തവര്‍ക്കാണ് ഭൂപരിഷ്കരണനിയമത്തില്‍ ഇളവ് നല്‍കിയത്. ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായും സുധീരന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് സര്‍ക്കാറിന് പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു. യു.ഡി.എഫിന് അനുകൂലമായ അന്തരീക്ഷം രൂപപ്പെടുന്നതിനിടെയാണ് ചില വിവാദ തീരുമാനങ്ങള്‍ ഉണ്ടായത്.

മെത്രാന്‍ കായല്‍ വിഷയത്തില്‍ വിവാദമുണ്ടായപ്പോള്‍ പരിഹരിക്കാന്‍ മാതൃകാപരമായ നടപടിയുണ്ടായി.തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാപ്രവര്‍ത്തനം ശക്തിപ്പെടുത്താനും പ്രവര്‍ത്തനക്ഷമമല്ലാത്ത ബൂത്ത് കമ്മിറ്റികള്‍ പുന$സംഘടിപ്പിക്കാനും കെ.പി.സി.സി തീരുമാനിച്ചു. ഇതിന് അടുത്തമാസം മൂന്നിന് വൈകീട്ട് നാലിന് എല്ലാ ബൂത്ത് കമ്മിറ്റികളും യോഗംചേരും. പത്തിനകം കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കുന്നകാര്യത്തില്‍ അന്ന് തീരുമാനമെടുക്കും. 10 മുതല്‍ 14 വരെ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഭവനസന്ദര്‍ശനം സംഘടിപ്പിക്കും. 20നകം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വാഹനപ്രചാരണജാഥ സംഘടിപ്പിക്കും. ഹരിപ്പാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍െറ കൊലപാതകത്തില്‍ യോഗം അനുശോചിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.