ഗ്രൂപ്പുകളെ വരിഞ്ഞുമുറുക്കി സുധീരന്‍

തിരുവനന്തപുരം: ആരോപണവിധേയരെയും തുടര്‍ച്ചയായി നാലിലേറെ തവണ ജയിച്ചവരെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ ആവശ്യം ഭാവി നേതൃത്വം മുന്നില്‍ക്കണ്ടുള്ള ബുദ്ധിപരമായ നീക്കമെന്ന് വിലയിരുത്തല്‍. പ്രധാനമായി ഉമ്മന്‍ ചാണ്ടിയെ ഉന്നമിട്ടുള്ള നീക്കത്തെ പ്രതിരോധിക്കാന്‍ വൈരം മറന്ന് എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചതും ആത്യന്തികമായി സുധീരന് ഗുണമായി. ഇതോടെ എ, ഐ ഗ്രൂപ്പുകളുടെ സ്ഥാനത്ത് സുധീരപക്ഷവും സുധീരവിരുദ്ധപക്ഷവുമായി പുതിയ ചേരികള്‍ രൂപപ്പെട്ടു. ഗ്രൂപ്പുകളുടെ പിന്തുണയില്ലാതിരുന്നിട്ടും സുധീരന്‍ ഉദ്ദേശിച്ചിടത്തുതന്നെയാണ് കാര്യങ്ങള്‍ എത്തുന്നത്. തന്നെ പിന്തുണക്കുന്ന നേതാക്കളുടെ എണ്ണം കൂടിയെന്നുമാത്രമല്ല, രണ്ട് ഗ്രൂപ്പുകളെയും വരിഞ്ഞുമുറുക്കാനും സുധീരന് സാധിച്ചു. തന്‍െറ ആവശ്യത്തിന്‍െറ ഒരു ഭാഗം സാധ്യമായാല്‍ തന്നെ അത് നിലവിലെ ഗ്രൂപ് സമവാക്യങ്ങളില്‍ മാറ്റംവരുത്തുകയും നേതൃത്വം സ്വന്തമാക്കാനുള്ള സുധീരന്‍െറ നീക്കത്തിന് കരുത്ത് പകരുകയും ചെയ്യും.

ആരോപണവിധേയരും തുടര്‍ച്ചയായി മത്സരിക്കുന്നവരും വേണ്ടെന്ന  നിലപാട് പാര്‍ട്ടിയിലെ പ്രബല ഗ്രൂപ്പുകളില്‍ പ്രതിസന്ധി സൃഷ്ടിച്ചു. ഒഴിവാക്കേണ്ടവര്‍ക്ക് പകരക്കാരായി പ്രമുഖ ഗ്രൂപ് നേതാക്കളത്തെന്നെയാണ് അദ്ദേഹം നിര്‍ദേശിച്ചതും. ഇവര്‍ പരിഗണിക്കപ്പെടുന്നില്ളെങ്കില്‍ അത്തരക്കാര്‍ ഗ്രൂപ്പില്‍നിന്ന് അകലുമെന്നതാണ് ഗ്രൂപ്പുകളെ ആശങ്കയിലാക്കുന്നത്. കോന്നി, തൃക്കാക്കര, തൃപ്പൂണിത്തുറ, ഇരിക്കൂര്‍, പാറശ്ശാല എന്നിവിടങ്ങളില്‍ സിറ്റിങ് എം.എല്‍.എമാരെ മാറ്റി യഥാക്രമം പി. മോഹന്‍രാജ്, പി.ടി. തോമസ്, എന്‍. വേണുഗോപാല്‍, സതീശന്‍ പാച്ചേനി, മരിയാപുരം ശ്രീകുമാര്‍ അല്ളെങ്കില്‍ നെയ്യാറ്റിന്‍കര സനല്‍ എന്നിവരെ പരിഗണിക്കണമെന്നാണ് സുധീരന്‍െറ ആവശ്യം. ഇവരില്‍ എന്‍. വേണുഗോപാലും മരിയാപുരം ശ്രീകുമാറും ഒഴികെയുള്ളവര്‍ എ ഗ്രൂപ്പുകാരാണ്. സുധീരന്‍െറ ആവശ്യം നിരസിച്ചാല്‍ മത്സരിക്കാന്‍ സീറ്റില്ലാതാവുന്ന ഇവര്‍ സ്വന്തം ഗ്രൂപ് നേതൃത്വത്തിനെതിരെ തിരിയും.

തന്‍െറ ആവശ്യം സ്വീകരിച്ചാലും ഇല്ളെങ്കിലും ഒന്നോ രണ്ടോ എണ്ണത്തില്‍ വിജയം കണ്ടാലും സുധീരന് നേട്ടം തന്നെ. രണ്ട് ഗ്രൂപ്പുകളും ഒന്നിച്ചുനിന്നിട്ടും അഞ്ച് സീറ്റില്‍ തര്‍ക്കമുണ്ടാക്കാന്‍ കഴിയുകയും ചെയ്തു. സീറ്റ് നിഷേധിക്കപ്പെടുന്നവരില്‍ മന്ത്രിമാരായ കെ.സി. ജോസഫ്, കെ. ബാബു എന്നിവരും ബെന്നി ബഹനാനും മുഖ്യമന്ത്രിയുടെ മന$സാക്ഷി സൂക്ഷിപ്പുകാരാണ്. അതിനാല്‍ സുധീരന്‍െറ ഉന്നം ഉമ്മന്‍ ചാണ്ടി തന്നെയെന്ന് വ്യക്തം. പഴയ പ്രതാപം നഷ്ടപ്പെട്ട് പല നേതാക്കളുടെ കീഴില്‍ കോണ്‍ഫെഡറേഷനായി മാറിയ ഐ ഗ്രൂപ്പിനെ ഏത് ഘട്ടത്തിലും നേരിടാമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. അതിനാല്‍ ഉമ്മന്‍ ചാണ്ടിയുടെ നിയന്ത്രണത്തിലുള്ള എ പക്ഷത്തെ ആദ്യമേ ദുര്‍ബലപ്പെടുത്തുന്നത് നേതൃപോരാട്ടത്തില്‍ ഗുണമാകുമെന്ന് സുധീരന്‍ കണക്കുകൂട്ടുന്നു.

അതുതന്നെയാണ് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരെ തെറിപ്പിക്കാനുള്ള നീക്കത്തിനുപിന്നിലും. ഇതിന് അദ്ദേഹം പറയുന്ന ന്യായങ്ങള്‍, പാര്‍ട്ടി അണികള്‍ക്കും പൊതുസമൂഹത്തിനും ഒരുപോലെ സ്വീകാര്യമാകുന്നവയുമാണ്. ശുദ്ധികലശത്തോടെയുള്ള പട്ടിക പുറത്തിറക്കാനായാല്‍ അത് മുന്നണിക്ക് ഗുണകരമാകുമെന്ന് പറയുന്നവര്‍ ഗ്രൂപ്പിനതീതമായി ഏറെയുണ്ടുതാനും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.