സോമാലിയ ഉപമ: കുരുക്ക് അഴിക്കാനാവാതെ ബി.ജെ.പി

തിരുവനന്തപുരം: കേരളത്തെ സോമാലിയയുമായി താരതമ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസ്താവന സൃഷ്ടിച്ച കുരുക്ക് അഴിക്കാനാകാതെ ബി.ജെ.പി സംസ്ഥാന നേതൃത്വം. പ്രസ്താവനക്കെതിരെ രാഷ്ട്രീയ ഭേദമന്യേ, സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധവും ആക്ഷേപഹാസ്യ പ്രതികരണവും ഉയര്‍ന്നതോടെ ബി.ജെ.പി തീര്‍ത്തും പ്രതിരോധത്തിലായി. പ്രചാരണത്തിന്‍െറ അവസാനഘട്ടത്തിലുണ്ടായ തിരിച്ചടി ചില മണ്ഡലങ്ങളില്‍ ലഭിച്ച മുന്‍തൂക്കത്തെപ്പോലും ഇല്ലാതാക്കുമെന്ന ആശങ്കയിലാണ് നേതൃത്വം.

ഒടുവില്‍ മോദി അങ്ങനെ പ്രസംഗിച്ചിട്ടില്ളെന്ന വിശദീകരണവുമായി രംഗത്തത്തെി നാണക്കേടില്‍നിന്ന് തലയൂരാനുള്ള ശ്രമത്തിലാണ് അവര്‍.പ്രചാരണത്തിന്‍െറ അവസാനഘട്ടം വരെയും സംസ്ഥാനത്താകമാനം ഇളക്കം സൃഷ്ടിക്കാന്‍ കഴിയാതിരുന്ന ബി.ജെ.പിക്ക് അല്‍പമെങ്കിലും പ്രതീക്ഷ ഉണ്ടായത് ഉമ്മന്‍ ചാണ്ടിയുടെ കുട്ടനാട് പ്രസംഗത്തോടെയാണ്. പിറകെ പ്രധാനമന്ത്രി, ബി.ജെ.പി ദേശീയ പ്രസിഡന്‍റ് പുറമെ,10 കേന്ദ്രമന്ത്രിമാരെയും  ഇറക്കിയെങ്കിലും താരത്തിളക്കമുള്ള പ്രചാരകന്‍ മോദിയായിരുന്നു.

ബംഗാളിലെ കോണ്‍ഗ്രസ്-സി.പി.എം ബന്ധത്തെ ഉള്‍പ്പെടെ കടന്നാക്രമിച്ചുള്ള പ്രസംഗം രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലായിരുന്നു ബി.ജെ.പി. എന്നാല്‍ കാസര്‍കോട്ട്  കേരളത്തിലെ ശിശുമരണ നിരക്ക് സോമാലിയയെക്കാള്‍ ഗുരുതരമെന്ന് മോദി പ്രസ്താവിച്ചതാണ് വഴിത്തിരിവായത്. ഒപ്പമായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ച ഗുജറാത്ത് മോഡല്‍ വികസന പരിപ്രേക്ഷ്യവും. സോഷ്യല്‍ മീഡിയയും സാമൂഹിക ശാസ്ത്രജ്ഞരും വംശീയ അധിക്ഷേപത്തിനും വസ്തുതാവിരുദ്ധമായ പ്രസംഗത്തിനുമെതിരെ രംഗത്തുവന്നതോടെ വിശദീകരിക്കാന്‍ ബി.ജെ.പി വിയര്‍ത്തു. പരസ്പരം പോരടിച്ചുനിന്ന എല്‍.ഡി.എഫും യു.ഡി.എഫും അവസരത്തിനൊത്ത് ഉയര്‍ന്നതോടെ ബി.ജെ.പി രാഷ്ട്രീയ പ്രതിരോധത്തിലുമായി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, വി.എം. സുധീരന്‍ അടക്കമുള്ള നേതാക്കള്‍ കേരളത്തിന്‍െറ മാനവ വിഭവശേഷി സൂചക ഘടകങ്ങള്‍ ദേശീയതലത്തെക്കാള്‍ മുന്നില്‍നില്‍ക്കുന്നത് ചൂണ്ടിക്കാട്ടി ഒരുമിച്ച് രംഗത്തത്തെി. കഴിഞ്ഞ ദിവസം വീണ്ടും സംസ്ഥാനത്ത് എത്തിയ മോദി വിവാദത്തിന് മറുപടി നല്‍കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അദ്ദേഹം വിവാദ വിഷയം തീര്‍ത്തും ഒഴിവാക്കിയാണ് പ്രസംഗിച്ചത്. ഇതോടെ വിശദീകരണം നല്‍കേണ്ട ബാധ്യത സംസ്ഥാന നേതൃത്വത്തിനായി. വ്യാഴാഴ്ച വാര്‍ത്താസമ്മേളനം നടത്താനും നിര്‍ബന്ധിതമായി. 

കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രി കേരളം സോമാലിയ ആണെന്ന് പറഞ്ഞിട്ടില്ളെന്ന വാദം ഉയര്‍ത്തി. ‘യഹാം, കേരള്‍ കി ജന്‍ജാതി ജനതാ  ഉസ് മേം ജോ ചൈല്‍ഡ് ഡത്തെ് റേറ്റ് ഹേ, സോമാലിയ സേ ഭീ സ്ഥിതി ഖതര്‍നാക് ഹേ’ എന്നാണ് പ്രധാനമന്ത്രിയുടെ വാചകം എന്ന് അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി രാജ്യത്തോട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോദി ആദിവാസികളുടെ പ്രശ്നം ശ്രദ്ധയില്‍പെടുത്താനാണ് ശ്രമിച്ചതെന്ന വിശദീകരണത്തില്‍ പിടിച്ചുനില്‍ക്കാനാണ് ഇപ്പോള്‍ ബി.ജെ.പി ശ്രമം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.