മാറ്റമില്ലാതെ മമത

കൊല്‍ക്കത്ത: സി.പി.എം - കോണ്‍ഗ്രസ് സഖ്യത്തെ തൂത്തെറിഞ്ഞ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മിന്നുന്ന ജയം. 294 നിയമസഭയില്‍  211 സീറ്റ് നേടി മമത ബാനര്‍ജി ഭരണം നിലനിര്‍ത്തി. ഇടതുപക്ഷം തകര്‍ന്നടിഞ്ഞപ്പോള്‍ ഇടതിനൊപ്പം ചേര്‍ന്ന് മത്സരിച്ച കോണ്‍ഗ്രസ് നില അല്‍പം മെച്ചപ്പെടുത്തി. സി.പി.എം 26, ആര്‍.എസ്.പി 3, ഫോര്‍വേഡ് ബ്ളോക് 2, സി.പി.ഐ 1 എന്നിങ്ങനെയായി ഇടതുപക്ഷത്തിന് 32 സീറ്റ് മാത്രമാണ് ലഭിച്ചത്.  കോണ്‍ഗ്രസ് 44 ഇടത്ത് ജയിച്ചു.  ബി.ജെ.പിക്ക് മൂന്ന് സീറ്റ് ലഭിച്ചു.  

2011ല്‍ ബി.ജെ.പിക്ക് ബംഗാള്‍ നിയമസഭയില്‍  സീറ്റ് ഉണ്ടായിരുന്നില്ല. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടി സാന്നിധ്യം അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസിനും പിറകില്‍ പോയ സി.പി.എമ്മിന് പ്രതിപക്ഷ നേതൃസ്ഥാനത്തിന് പോലും അര്‍ഹതയില്ലാതായി. പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് ലഭിക്കും.  വോട്ടിങ് ശതമാനത്തിലും തൃണമൂല്‍ മുന്നേറ്റം നടത്തി.  2014ല്‍ 39.5 ശതമാനമായിരുന്നത് ഇക്കുറി 44.9 ആയി ഉയര്‍ന്നു. ഇടതിന്‍െറ വോട്ടുവിഹിതം 29.71ല്‍ നിന്ന്  25.6 ആയി ഇടിഞ്ഞു. അതേസമയം, കോണ്‍ഗ്രസിന്‍േറത് 9.58ല്‍ നിന്ന് 9.9 ആയി രേഖപ്പെടുത്തി.  എന്നാല്‍, വോട്ടുവിഹിതത്തില്‍ ബി.ജെ.പി 2014നെ അപേക്ഷിച്ച് പിന്നോട്ടുപോയി. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 16.84 ശതമാനം വോട്ടുനേടിയ ബി.ജെ.പിക്ക് ഇക്കുറി 10.2 ശതമാനം വോട്ടുമാത്രമേ നേടാനായുള്ളൂ.

മമതാ ബാനര്‍ജി ബബാനിപുര്‍ മണ്ഡലത്തില്‍ നിന്ന് രണ്ടര ലക്ഷത്തിലേറെ വോട്ടിനാണ് ജയിച്ചത്. അതേസമയം, സി.പി.എം സംസ്ഥാന സെക്രട്ടറിയും പി.ബി അംഗവും പ്രതിപക്ഷ നേതാവുമായ സൂര്യകാന്ത് മിശ്ര സിറ്റിങ് സീറ്റ് നാരായണ്‍ഗഡില്‍ 14,000ലേറെ വോട്ടിന് തോറ്റു.  മമതക്കെതിരെ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ പൗത്രന്‍ ചന്ദ്രകുമാര്‍ ബോസിന് കേവലം 26,299 വോട്ട് മാത്രമാണ് ലഭിച്ചത്.  ബംഗാളില്‍ സി.പി.എമ്മിന്‍െറ തകര്‍ച്ചക്ക് വഴിമരുന്നിട്ട നന്ദിഗ്രാമില്‍ 80,000ല്‍ പരം വോട്ടിനാണ് ഇടതുസ്ഥാനാര്‍ഥി പരാജയപ്പെട്ടത്. സി.പി.എമ്മിന്‍െറ അടിത്തറയിളക്കിയ ടാറ്റാ നാനോ ഫാക്ടറി ഭൂമിയെടുപ്പ് പ്രശ്നം ആളിക്കത്തിയ സിംഗൂരില്‍ ഇക്കുറിയും സി.പി.എമ്മിന് അടിപതറി. 

21,000ല്‍ പരം വോട്ടിനാണ് മുതിര്‍ന്ന നേതാവ് റബിന്‍ ദേബ് ഇവിടെ തോറ്റത്. സിലിഗുഡിയില്‍ നിന്ന് തുടക്കമിട്ട സി.പി.എം - കോണ്‍ഗ്രസ് കൈയരിവാള്‍ സഖ്യം  പൊതുവില്‍ പാളിയെങ്കിലും സിലിഗുഡിയില്‍ വിജയം കണ്ടു. കൈയരിവാള്‍ സഖ്യത്തിന്‍െറ ശില്‍പിയെന്ന് വിളിക്കപ്പെടുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം അശോക് ഭട്ടാചാര്യ 21,000 ലേറെ വോട്ടിന് സിലിഗുഡി തിരിച്ചുപിടിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.