പരാജയ കാരണം മദ്യനയമാണെന്ന് വരുത്താന്‍ ബാര്‍ലോബിയുടെ ശ്രമം –സുധീരന്‍

തിരുവനന്തപുരം: യു.ഡി.എഫിന്‍െറ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണം മദ്യനയമാണെന്ന് വരുത്താന്‍ ബാര്‍ലോബി സംഘടിതശ്രമത്തിലാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. മദ്യനയം തിരിച്ചടിക്ക് കാരണമായിട്ടില്ല. തെരഞ്ഞെടുപ്പ് പരാജയത്തിന്‍െറ പേരില്‍ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം ഒഴിയേണ്ട സാഹചര്യം ഇല്ളെന്നും പാര്‍ട്ടി നിര്‍വാഹക സമിതിയോഗത്തിനുശേഷം സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനാണ് യോഗം ചേര്‍ന്നതെങ്കിലും ഡി.സി.സി പ്രസിഡന്‍റുമാരുടെ പ്രാഥമിക റിപ്പോര്‍ട്ടിങ് ഒഴികെ കാര്യമായ ചര്‍ച്ചകള്‍ ഉണ്ടായില്ല.

കനത്ത തോല്‍വിക്ക് പിന്നാലെ പരാജയ കാരണം ചര്‍ച്ചചെയ്ത് നേതാക്കള്‍ വിഴുപ്പലക്കല്‍ നടത്തിയാല്‍ പാര്‍ട്ടി കൂടുതല്‍ അപഹാസ്യമാകുമെന്നുകണ്ട് പ്രധാന നേതാക്കള്‍ തമ്മില്‍ മുന്‍ധാരണ ഉണ്ടാക്കി ചര്‍ച്ച ഒഴിവാക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വനിതാ നേതാക്കളായ ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും യോഗത്തിനിടെ ഇറങ്ങിപ്പോയി. വിശദമായ ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് അനൗപചാരിക ധാരണ ഉണ്ടാക്കിയിരുന്നു. വോട്ട് ചെയ്തവരെ അപമാനിക്കുംവിധം ഉടനൊരു ചര്‍ച്ച വേണ്ടെന്ന് യോഗം ആരംഭിച്ചപ്പോള്‍ത്തന്നെ മൂന്ന് നേതാക്കളും അറിയിച്ചു. ചര്‍ച്ചക്ക് പിന്നീട് അവസരം ഒരുക്കാമെന്നും അവര്‍ പറഞ്ഞു. ഇതോടെയാണ് വനിതാനേതാക്കള്‍ പ്രതിഷേധിച്ചത്.

മത്സരിച്ചവര്‍ക്കെങ്കിലും അഭിപ്രായം പറയാന്‍ അവസരം നല്‍കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ബിന്ദു കൃഷ്ണയും വിശദ ചര്‍ച്ച വേണമെന്ന നിലപാടെടുത്തു. ആവശ്യം സ്വീകരിക്കാതിരുന്നതോടെ നേതാക്കളെ പ്രതിഷേധം അറിയിച്ച് ഇരുവരും യോഗം ബഹിഷ്കരിച്ചു. പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ സാന്നിധ്യത്തില്‍ മണ്ഡലം അടിസ്ഥാനത്തില്‍ വിശദ ചര്‍ച്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അതിനാലാണ് ചര്‍ച്ച ഇത്തവണ ഒഴിവാക്കിയതെന്നും ് സുധീരന്‍ അറിയിച്ചു. ഡി.സി.സി അധ്യക്ഷന്മാര്‍ തയാറാക്കുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ജൂണ്‍ നാല്, അഞ്ച് തീയതികളില്‍ യോഗം ചേരും. നെയ്യാര്‍ഡാമില്‍ നടക്കുന്ന ക്യാമ്പ് എക്സിക്യൂട്ടിവിന്‍െറ ആദ്യ ദിവസം ഫലം വിലയിരുത്തലും അടുത്ത ദിവസം സംഘടനാ സംവിധാനവും പോഷകസംഘടനകളെ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചനടത്തി ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കും.

ഹൈകമാന്‍ഡിന്‍െറ നിര്‍ദേശം കൂടി ലഭിച്ചശേഷം പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കും. കോണ്‍ഗ്രസും യു.ഡി.എഫും ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും സുധീരന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.