കണ്ണൂര്‍: ക്ഷേത്രങ്ങളില്‍ പാര്‍ട്ടി കേഡറുകളും കുടുംബങ്ങളും സജീവമായി ഇടപെടുന്നതിനെ വിലക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യരുതെന്ന് സി.പി.എം നിര്‍ദേശം. ആര്‍.എസ്.എസിനെ സാംസ്കാരികമായി നേരിടാന്‍ കേഡറുകള്‍ ഈ രംഗത്ത് കൂടുതല്‍ ഇടപെടണമെന്നും സി.പി.എം നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് അലിഖിത നിര്‍ദേശം നല്‍കി.
ദേവസ്വം ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ അനുവദിക്കില്ളെന്ന ദേവസ്വം മന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ഈനീക്കം. ഇത്തരം കേന്ദ്രങ്ങളില്‍ ആരാധനക്ക് പോവുകയും ഇടപെടുകയും ചെയ്യുന്ന പാര്‍ട്ടി കേഡറുകളെ തടയേണ്ടതില്ളെന്നും സജീവമാവുകയാണ് വഴിയെന്നുമാണ് പാര്‍ട്ടി നിലപാട്.
മതപരമായ ചടങ്ങുകളൊന്നും പാര്‍ട്ടിയുടെ ഒൗദ്യോഗിക പരിപാടികളില്‍ ഉണ്ടാവരുതെന്ന നിലപാടിന് വിരുദ്ധമായി കഴിഞ്ഞവര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച ഘോഷയാത്രയില്‍ ബാലഗോകുലത്തിന് സമാനമായ ദൃശ്യങ്ങളുണ്ടായിരുന്നു. ഇത്തവണ അതുപോലും ഉണ്ടാവരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയത് ലംഘിച്ചാണ് ബക്കളത്ത് തിടമ്പുനൃത്തം അരങ്ങേറിയത്.
ക്ഷേത്രാചാരവുമായി മാത്രം ബന്ധപ്പെട്ട് നടക്കേണ്ട ഒന്നിനെ തെരുവില്‍ അപമാനിച്ചു എന്നാണ് ആര്‍.എസ്.എസ് വ്യാപകമായ പ്രചാരണം തുടരുന്നത്. ഇത് നേരിടുന്നതിനുള്ള പ്രചാരണം സി.പി.എം ഒൗദ്യോഗികമായി വ്യാപിപ്പിച്ചിട്ടുണ്ട്. സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ഒൗദ്യോഗിക മാധ്യമങ്ങളില്‍ കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം ഇത് വിശദീകരിച്ച് ലേഖനം പോസ്റ്റ് ചെയ്തു.
ഹിന്ദു എന്നാല്‍ വേദാന്തശാസ്ത്രവും നിരീശ്വരവാദവും എല്ലാംചേരുന്ന സംസ്കാരമാണെന്നും കോടിയേരി അതില്‍ പറയുന്നുണ്ട്. മതവിശ്വാസത്തെ പാര്‍ട്ടി പരസ്യമായി നിരാകരിക്കുകയാണെന്ന പ്രചാരണത്തിന്‍െറ പശ്ചാത്തലത്തില്‍ പരമാവധി മൃദുസമീപനം തുടരണമെന്നാണ് സി.പി.എം തീരുമാനം.
വ്യക്തിപരമായ ആരാധനക്ക് വിലക്കില്ല -കോടിയേരി
പ്രവര്‍ത്തകനും കുടുംബവും വ്യക്തിപരമായി ചെയ്യുന്ന മതാചാരങ്ങള്‍ക്കും ആരാധനച്ചടങ്ങുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടൊന്നുമില്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വ്യക്തിപരമായ മതചടങ്ങുകളിലൊന്നും പാര്‍ട്ടി പണ്ടേ ഇടപെടാറില്ല. പാര്‍ട്ടി ചടങ്ങുകളില്‍ മതാചാരങ്ങള്‍ ഉള്‍പ്പെടുത്താറുമില്ല. കമ്യൂണിസ്റ്റായാല്‍ പള്ളിയില്‍ പോകരുതെന്നും ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്നും ചിലര്‍ തെറ്റിദ്ധരിച്ചതാണെന്ന് കോടിയേരി ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.