ശിവ്പാല്‍ യാദവ് രാജിവെച്ചു; സമാജ്​വാദി പാർട്ടിയില്‍ കുടുംബപ്പോര് മൂക്കുന്നു

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അഖിലേഷ് യാദവും ഇളയച്ഛന്‍ ശിവ്പാല്‍ യാദവും തമ്മിലെ പിണക്കം ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയെ പിടിച്ചുലക്കുന്നു കുടുംബവഴക്ക് രൂക്ഷമാക്കി മുലായം സിങ്ങ് യാദവിന്‍െറ അനുജന്‍ ശിവ്പാല്‍ യാദവ് ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടി സംസ്ഥാന ഘടകത്തിന്‍െറ നേതൃപദവിയും മന്ത്രിസ്ഥാനവും രാജിവെച്ചു. ന്യൂഡല്‍ഹിയില്‍ നിന്ന് മുലായം സിങ്ങ് യാദവ് ലക്നോവിലത്തെിയ ഉടനെയാണ് ശിവ്പാല്‍ പാര്‍ട്ടി പദവിയും മന്ത്രിസ്ഥാനവും രാജിവെച്ച് മുലായത്തിന് കത്ത് നല്‍കിയത്. ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷപദവിയില്‍ നിന്ന് ശിവ്പാലിന്‍െറ ഭാര്യ സരളയും പ്രാദേശിക സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മകന്‍ ആദിത്യയും രാജി വെച്ചു. എന്നാല്‍ മുലായം ഇവരുടെ രാജി സ്വീകരിച്ചിട്ടില്ളെന്നാണറിയുന്നത്.

ശിവ്പാലിന്‍െറ ഇഷ്ടക്കാരനായ ദീപക് സിംഗാളിനെ ചീഫ്സെക്രട്ടറി സ്ഥാനത്തുനിന്ന് അഖിലേഷ് നീക്കിയതോടെയാണ് അടി തുടങ്ങിയത്. അനിയനും മകനും തമ്മിലെ തര്‍ക്കത്തില്‍ പാര്‍ട്ടി മേധാവിയായ മുലായം പക്ഷംപിടിക്കുകയും സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് അഖിലേഷിനെ മാറ്റി അനുജനെ നിയോഗിക്കുകയും ചെയ്തതോടെ പോര് പകപോക്കലിലേക്ക് വളര്‍ന്നു. ശിവ്പാല്‍ കൈവശംവെച്ചിരുന്ന പ്രധാന വകുപ്പുകളെല്ലാം എടുത്തു മാറ്റി അഖിലേഷ് പിതാവിനോടും അതൃപ്തി വ്യക്തമാക്കി. പൊതുമരാമത്ത്, ജലസേചന വിഭാഗങ്ങളില്‍നിന്ന് ഒഴിവാക്കി സാമൂഹികക്ഷേമ വകുപ്പില്‍ ഒതുക്കിയതില്‍ പ്രതിഷേധിച്ച് ശിവ്പാല്‍  പരാതിയുമായി മുലായമിനെ സമീപിച്ചിരുന്നു. തരംതാഴ്ത്തപ്പെട്ട താന്‍ മന്ത്രിയായി തുടരില്ളെന്നും മുലായമിനെ മാത്രമേ നേതാവായി അംഗീകരിക്കൂ എന്നും പ്രഖ്യാപിച്ച അദ്ദേഹം മുഖ്യമന്ത്രിക്കസേരയില്‍നിന്ന് അഖിലേഷിനെ മാറ്റണമെന്നും മുലായം സ്ഥാനം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.  ഇതിനിടെ, മുലായമിന്‍െറ മറ്റൊരു സഹോദരനും പാര്‍ട്ടി ദേശീയ സെക്രട്ടറിയുമായ രാംഗോപാല്‍ യാദവ് അഖിലേഷിനെ പിന്തുണച്ച് രംഗത്തുവന്നു. അഖിലേഷിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് തെറ്റായിപ്പോയെന്നും കൂടിയാലോചനയില്ലാതെയാണ് തീരുമാനം കൈക്കൊണ്ടതെന്നും  രാംഗോപാല്‍ പറയുന്നു. വരുന്ന തെരഞ്ഞെടുപ്പിന് തന്ത്രങ്ങള്‍ മെനയുന്നതിന്‍െറ ചുമതല ശിവ്പാലിനാണെന്നാണ് മുലായം വ്യക്തമാക്കിയത്. ഒക്ടോബര്‍ ഏഴിന് മുലായം സന്ദേശയാത്ര എന്ന പേരില്‍   പ്രചാരണം തുടങ്ങാനാണ് പാര്‍ട്ടിയുടെ പദ്ധതി. എന്നാല്‍, അടുത്ത മാസം മൂന്നിന് സമാജ്വാദി വികാസ് യാത്ര ആരംഭിക്കുമെന്ന് അഖിലേഷ് വ്യക്തമാക്കിയിട്ടുണ്ട്. ഒത്തുതീര്‍പ്പിനായി മുലായം വെള്ളിയാഴ്ച പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിച്ചു. ഒരു കാലത്ത് മുലായമിന്‍െറ വലംകൈ ആയിരുന്ന വ്യവസായ-രാഷ്ട്രീയക്കാരന്‍ അമര്‍സിങ്ങാണ് പ്രശ്നങ്ങള്‍ കുത്തിപ്പൊക്കുന്നത് എന്ന ആക്ഷേപമാണ് അഖിലേഷിന്. പാര്‍ട്ടിയില്‍ ഇല്ലാത്ത തനിക്ക് അവരുടെ കുടുംബപ്രശ്നത്തില്‍ ഇടപെടേണ്ട ആവശ്യമില്ളെന്നാണ് അമര്‍സിങ്ങിന്‍െറ പ്രതികരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.