കേരള കോണ്‍ഗ്രസ്(എസ്) എന്‍.സി.പിയില്‍ ലയിച്ചു

കൊച്ചി: കേരള കോണ്‍ഗ്രസ് സെക്കുലര്‍ വിഭാഗം എന്‍.സി.പിയില്‍ ലയിച്ചതായി ഇരുപാര്‍ട്ടി ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 14 ജില്ലയിലെയും കേരള കോണ്‍ഗ്രസ് സെക്കുലര്‍ പ്രവര്‍ത്തകര്‍ നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് തീരുമാനം. എന്‍.സി.പി സംസ്ഥാന-കേന്ദ്ര നേതൃത്വവുമായി കേരള കോണ്‍ഗ്രസ്-എസ് ഉന്നതാധികാര സമിതിയും നേതൃത്വവും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ലയനമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. 

ജെ.ഡി.യു, ആര്‍.എസ്.പി തുടങ്ങിയ പാര്‍ട്ടികള്‍ എല്‍.ഡി.എഫിലേക്ക് അധികം വൈകാതെ മടങ്ങിവരുമെന്നും യു.ഡി.എഫ് ക്ഷയിക്കുമെന്നും അദ്ദേഹം പറഞ്ഞു.  അഴിമതിക്കും വര്‍ഗീയതക്കുമെതിരെ പോരാടാന്‍ ഇടതുപക്ഷ മുന്നണിയും എന്‍.സി.പിയും സ്വീകരിച്ച നിലപാടുകളെ സ്വാഗതം ചെയ്യുന്നതായി കേരള കോണ്‍ഗ്രസ് സെക്കുലര്‍ സീനിയര്‍ ജനറല്‍ സെക്രട്ടറി പി.എ. അലക്സാണ്ടര്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ്-എസ് പ്രവര്‍ത്തകര്‍ക്ക് എന്‍.സി.പിയില്‍ മാന്യസ്ഥാനം ലഭിക്കും. സംഘടനാതലത്തില്‍ എന്‍.സി.പിയില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ എന്‍.സി.പി നേതാക്കളായ കെ. ചന്ദ്രശേഖരന്‍, അബ്ദുല്‍ അസീസ്, എം.എം. അശോകന്‍, കേരള കോണ്‍ഗ്രസ് സെക്കുലര്‍ വൈസ് ചെയര്‍മാന്‍ എ.എ. എബ്രഹാം, ജേക്കബ് തുമ്പയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.