ഓണവും ഗുരുവും: ബി.ജെ.പി നിലപാടില്‍ എന്‍.ഡി.എയില്‍ അസ്വസ്ഥത

തിരുവനന്തപുരം: ഓണം, ശ്രീനാരായണ ഗുരു വിഷയങ്ങളില്‍ ബി.ജെ.പി നേതൃത്വം സംസ്ഥാനത്ത് സൃഷ്ടിക്കാന്‍ ശ്രമിച്ച വിഭാഗീയത എന്‍.ഡി.എ കക്ഷികളില്‍തന്നെ അസ്വസ്ഥത സൃഷ്ടിക്കുന്നു. തങ്ങളുടെ ദലിത്, അധ$സ്ഥിത മുഖമായി എന്‍.ഡി.എ എടുത്തുകാട്ടുന്ന കെ.പി.എം.എസ് ടി.വി. ബാബു വിഭാഗവും സി.കെ. ജാനുവിന്‍െറ ജനാധിപത്യ രാഷ്ട്രീയ സഭയുമാണ് ബി.ജെ.പിയുടെ ഹിന്ദുത്വ നിലപാടിനെതിരെ രംഗത്തുവന്നത്. സമത്വമുണ്ടായിരുന്നെന്ന് ഓര്‍മിപ്പിക്കുന്ന മഹാബലിയുടെ കാലത്തിനുവേണ്ടിയാണ് തങ്ങള്‍ നിലനില്‍ക്കുന്നതെന്ന് ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി കൂടിയായ ടി.വി. ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു. ‘ഓണം വാമന ജയന്തിയെന്ന് ബി.ജെ.പിയിലെ എല്ലാ നേതാക്കളും പറഞ്ഞില്ല. ചിലര്‍ മാത്രമാണ് പറഞ്ഞത്. ശ്രീനാരായണ ഗുരു ഹിന്ദു സന്യാസിയെന്ന ബി.ജെ.പി സംസ്ഥാന സമിതിയുടെ ഫേസ്ബുക് പോസ്റ്റ് തങ്ങള്‍ തമ്മിലെ ആശയ സംഘര്‍ഷമാണ്. പുലയരെ വിറ്റ ജന്മികളെക്കാള്‍ സ്വാതന്ത്ര്യം അവരെ വാങ്ങിയ പറങ്കികള്‍ നല്‍കിയിരുന്നു. ഭക്ഷണം കൂലിയായി നല്‍കിയാണ് പറങ്കികള്‍ ജോലി എടുപ്പിച്ചിരുന്നത്’ -അദ്ദേഹം പറഞ്ഞു.

ഓണം വാമന ജയന്തിയെന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്ന് മനസ്സിലാവുന്നില്ളെന്ന് ജനാധിപത്യ രാഷ്ട്രീയസഭ സംസ്ഥാന ചെയര്‍പേഴ്സണ്‍ സി.കെ. ജാനു പ്രതികരിച്ചു. ഓണം ഉള്‍പ്പെടെയുള്ളവയില്‍ നിലവിലെ വിശ്വാസം അങ്ങനെതന്നെ നിലനില്‍ക്കണമെന്നാണ് തങ്ങളുടെ നിലപാട്. ശ്രീനാരായണ ഗുരുവിനെ കേരളത്തിന്‍െറ നവോത്ഥാന നായകന്‍ എന്നനിലയിലാണ് കാണുന്നത്’-അവര്‍ വ്യക്തമാക്കി. എസ്.എന്‍.ഡി.പി യോഗ നേതൃത്വവും ബി.ജെ.പിയെ പിന്തുണച്ചിട്ടില്ല. ഗുരുവിനെ ഹിന്ദു സന്യാസിയായി മാത്രം കാണുന്നതിനെതിരെ ശ്രീനാരായണ ധര്‍മ സംഘം പരസ്യമായി രംഗത്തുവന്നു.

ശ്രീനാരായണ ഗുരു വിഭാവനം ചെയ്തത് ഏകലോക സിദ്ധാന്തമായിരുന്നെന്ന് ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ കഴിഞ്ഞദിവസം ശിവഗിരിയില്‍ അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിലെ മതേതര പൊതുബോധത്തെ മതവത്കരിക്കാന്‍ കഴിഞ്ഞ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ ആര്‍.എസ്.എസ് ശ്രമിക്കുകയായിരുന്നു. ഇതിന്‍െറ തുടര്‍ച്ചയാണ് പുതിയ വിവാദം. ഉത്തരേന്ത്യയിലും ഗുജറാത്തിലും വിജയിച്ച ഹിന്ദുത്വ രാഷ്ട്രീയത്തോട് ഒപ്പം നില്‍ക്കുന്ന കക്ഷികള്‍ പോലും യോജിക്കുന്നില്ളെന്നത് ബി.ജെ.പി, ആര്‍.എസ്.എസ് നേതൃത്വത്തിന് തിരിച്ചടിയാണ്. കേരളത്തില്‍ ദേശീയ, സംസ്ഥാന നേതൃത്വം മുന്നോട്ടുവെക്കുന്ന അജണ്ടക്ക് എതിരെ ബി.ജെ.പിക്കുള്ളിലും എതിര്‍പ്പുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.