സി.പി.എമ്മിനെ കടന്നാക്രമിച്ച് കേരളത്തില്‍ വേരുറപ്പിക്കാന്‍ ബി.ജെ.പി

കോഴിക്കോട്: ഡല്‍ഹിയില്‍ ഏറ്റവുമൊടുവില്‍ നടന്ന ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവില്‍ അമിത് ഷാ പറഞ്ഞത് പാര്‍ട്ടി ഇനി അധികാരത്തില്‍ വരേണ്ടത് കേരളത്തിലാണെന്നാണ്. അതുകഴിഞ്ഞാല്‍ തെലങ്കാനയിലും ആന്ധ്രപ്രദേശിലും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ചുനോക്കുമ്പോള്‍ 20 ലോക്സഭാംഗങ്ങള്‍ മാത്രമുള്ള ഈ ചെറിയ സംസ്ഥാനം കേന്ദ്രഭരണം നിലനിര്‍ത്താന്‍ അത്ര പ്രാധാന്യമുള്ള ഒന്നല്ല. എന്നാല്‍, കേരളം പിടിച്ചെടുക്കലിലൂടെ  ബി.ജെ.പിക്കു ലഭിക്കുന്ന രാഷ്ട്രീയ മൈലേജ് കുറച്ചൊന്നുമല്ല. ഇത് കണ്ടറിഞ്ഞാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിന്‍െറ ചുമതല നേരിട്ടേറ്റെടുത്തത്. ബി.ജെ.പിയുടെ ചരിത്രത്തിലാദ്യമായി ദേശീയ കൗണ്‍സില്‍ കോഴിക്കോട്ടു നടത്തുന്നതും കൃത്യമായ രാഷ്ട്രീയ അജണ്ട മുന്നില്‍വെച്ചാണ്. ദീന്‍ദയാല്‍ ഉപാധ്യായ ജനസംഘം പ്രസിഡന്‍റ് ആയതിന്‍െറ 50ാം വാര്‍ഷികം അതിനൊരു നിമിത്തമായെന്നു മാത്രം.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കല്‍, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കല്‍ ഇതാണ് ബി.ജെ.പിയുടെ കേരള അജണ്ട. സി.പി.എമ്മിനെ കടന്നാക്രമിക്കുകയും കോണ്‍ഗ്രസിനോട് മൃദുനയം പുലര്‍ത്തുകയും ചെയ്യുന്ന രാഷ്ട്രീയ സമീപനമാണ് ബി.ജെ.പി സ്വീകരിക്കുക. സി.പി.എമ്മിനെതിരെ കടുത്ത വിമര്‍ശമുന്നയിക്കുന്ന രാഷ്ട്രീയ പ്രമേയം കോഴിക്കോട് സമ്മേളനത്തിന്‍െറ പ്രത്യേകത ആയിരിക്കും. സി.പി.എമ്മിന്‍െറ ന്യൂനപക്ഷ പ്രീണനവും അക്രമ രാഷ്ട്രീയവുമായിരിക്കും പാര്‍ട്ടിയുടെ പ്രധാന പ്രചാരണ വിഷയങ്ങള്‍. കോണ്‍ഗ്രസിനോട് മൃദുനയം എന്നതിലൂടെ ലക്ഷ്യമിടുന്നത് അനതിവിദൂര ഭാവിയില്‍ ആ പാര്‍ട്ടിയുടെ പ്രവര്‍ത്തകരെയും അനുഭാവികളെയും ബി.ജെ.പിയിലേക്ക് ആകര്‍ഷിക്കുക എന്നതാണ്.

4 ശതമാനം വരുന്ന കേരളത്തിലെ ഹിന്ദു സമൂഹത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയും 18 ശതമാനമുള്ള ക്രിസ്ത്യന്‍ സമുദായത്തെ കൂടെനിര്‍ത്തിയും സംസ്ഥാനത്തെ വലിയ ശക്തിയായി ബി.ജെ.പിക്ക് മാറാന്‍ കഴിയുമെന്നാണ് അമിത് ഷായുടെ കണക്കുകൂട്ടല്‍. ക്രൈസ്തവ സഭകളുമായി കൂടുതല്‍ അടുക്കാന്‍ പാര്‍ട്ടി അവസരങ്ങളുണ്ടാക്കും. യു.ഡി.എഫ് വിട്ടുനില്‍ക്കുന്ന കെ.എം. മാണി എന്‍.ഡി.എയിലത്തെുന്ന സാഹചര്യം ലോക്സഭാ തെരഞ്ഞെടുപ്പോടെ ഉരുത്തിരിയുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്‍െറ പ്രതീക്ഷ. മാണിയുമായല്ല, സഭകളുമായാണ് അമിത് ഷാ ചര്‍ച്ച നടത്താന്‍ പോകുന്നത്. ക്രിസ്ത്യന്‍ സഭകള്‍ പൊതുവില്‍ ബി.ജെ.പിയോട് അകല്‍ച്ചവേണ്ടെന്ന അഭിപ്രായക്കാരുമാണ്.

സംസ്ഥാനത്ത് പാര്‍ട്ടിയിലെ വിഭാഗീയതയാണ് വളര്‍ച്ചക്ക് തടസ്സമായി അമിത് ഷാ വിലയിരുത്തിയത്. അതിന് അദ്ദേഹം പരിഹാരം കണ്ടത് ആര്‍.എസ്.എസിന്‍െറ കൈയില്‍ പാര്‍ട്ടിയെ  ഏല്‍പിച്ചു കൊടുത്താണ്. താഴത്തെട്ടിലും ആര്‍.എസ്.എസ് മേധാവിത്വം പ്രകടമാണ്. ജനങ്ങളുമായി വലിയ  ബന്ധമില്ലാത്തവര്‍ നേതൃത്വത്തിലേക്ക് വന്നതോടെ വലിയൊരുവിഭാഗം നിഷ്ക്രിയരായി. റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന യാന്ത്രിക നേതൃത്വമാണ് പാര്‍ട്ടിക്കുള്ളതെന്ന വിമര്‍ശം ബി.ജെ.പി ഉപശാലകളില്‍ ഉയരുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.