മലമ്പുഴയിലെ രണ്ട് സി.പി.എം കമ്മിറ്റികള്‍ വി.എസിനെതിരെ പരാതിയുമായി രംഗത്ത്

പാലക്കാട്: വി.എസ്. അച്യുതാനന്ദനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതിയുമായി മലമ്പുഴ നിയോജകമണ്ഡലത്തിലെ രണ്ട് സി.പി.എം കമ്മിറ്റികള്‍ രംഗത്ത്. വര്‍ഷങ്ങളായി മലമ്പുഴ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്കരണ പ്ളാന്‍റിനെതിരെ പാര്‍ട്ടിയുടെ ഒരു ഘടകത്തിലും ആലോചിക്കുകപോലും ചെയ്യാതെ വി.എസ് കൈക്കൊണ്ട പരസ്യ നിലപാട് തെറ്റാണെന്നും ഇക്കാര്യം ചര്‍ച്ച ചെയ്ത് തിരുത്തണമെന്നും പറഞ്ഞ് സി.പി.എം പുതുശ്ശേരി ഏരിയ-ലോക്കല്‍ കമ്മിറ്റികള്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയെന്നാണ് സൂചന.

മണ്ഡലത്തില്‍ പാര്‍ട്ടിക്ക് ഭരണമുള്ള പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ പെടുന്ന 19 അംഗ ഏരിയ കമ്മിറ്റി ഏകകണ്ഠമായാണ് ഇതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചത്. വി.എസിന്‍െറ അനുയായികളാണെന്ന് പറയപ്പെടുന്നവരും പ്രമേയത്തെ പിന്തുണച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍െറ ഉടമസ്ഥതയിലുള്ള പുതുശ്ശേരി പഞ്ചായത്തിലെ മാന്തുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഇമേജ് എന്ന ആശുപത്രി മാലിന്യ സംസ്കരണ പ്ളാന്‍റിനെതിരെ സെപ്റ്റംബര്‍ ഒന്നിന് വി.എസ്. നടത്തിയ കടന്നാക്രമണമാണ് സി.പി.എം കമ്മിറ്റികളുടെ രോഷത്തിന് ഇടയാക്കിയത്.

വി.എസ്. പ്രതിപക്ഷ നേതാവായിരിക്കെ ആരംഭിച്ച പ്ളാന്‍റ് അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തുടര്‍ന്നപ്പോഴും ഇല്ലാതിരുന്ന എതിര്‍പ്പ് ഇപ്പോള്‍ ഉണ്ടായതാണ് ഏരിയാ-ലോക്കല്‍ കമ്മിറ്റികളെ പ്രകോപിപ്പിച്ചത്. ‘ഇമേജ്’ മാലിന്യ പ്രശ്നം ഉണ്ടാക്കുന്നുണ്ടെങ്കില്‍ അത് പൂട്ടുന്നതിനോട് തങ്ങള്‍ക്ക് വിരോധമില്ളെന്നും എന്നാല്‍ പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തിലെ ഒരു പ്രശ്നത്തില്‍ പാര്‍ട്ടിയിലെ ഒരാളോടും ആലോചിക്കാതെ നിലപാട് പ്രഖ്യാപിച്ചത് ശരിയായില്ളെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തില്‍ അംഗങ്ങള്‍ വ്യക്തമാക്കി. മുമ്പൊന്നും ഉണ്ടാവാതിരുന്ന വിധത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംഘ് പരിവാര്‍ വെല്ലുവിളി മണ്ഡലത്തില്‍ അരങ്ങേറിയപ്പോഴും പഴുതടഞ്ഞ പ്രചാരണത്തിന് നേതൃത്വം നല്‍കിയ പാര്‍ട്ടി ഘടകങ്ങളെ ‘അവമതിക്കുന്ന’ ഇടപെടലാണ് വി.എസില്‍നിന്ന് ഉണ്ടായതെന്ന പരാമര്‍ശവും യോഗത്തില്‍ ഉയര്‍ന്നു.

യു.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ ബി.ജെ.പിയുടെ നിലപാടിനെ സാധൂകരിക്കുന്നതായി വി.എസിന്‍െറ അനവസരത്തിലുള്ള പ്രസ്താവനയെന്നും ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പ്ളാന്‍റ് അടച്ചുപൂട്ടണമെന്ന ആവശ്യമടങ്ങിയ പ്രസ്താവന വി.എസ് വായിക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എതിര്‍പാളയത്തിനുവേണ്ടി പ്രചാരണ രംഗത്തുണ്ടായിരുന്ന ചിലരുടെ പ്രേരണയാണ് ഇതിനിടയാക്കിയതെന്ന വിലയിരുത്തലും പാര്‍ട്ടി ഘടകങ്ങള്‍ക്ക് ഉണ്ടത്രെ. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തത്തെിയ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ വി.എസിന്‍െറ അതേ അഭിപ്രായവുമായി രംഗത്തുവന്നതും സി.പി.എം നേതാക്കളില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷം വി.എസിനെതിരെ മലമ്പുഴയിലെ പാര്‍ട്ടി ഏകകണ്ഠ നിലപാടെടുക്കുന്നത് ആദ്യമായാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.