ആലപ്പുഴ: ബി.ഡി.ജെ.എസ്-ബി.ജെ.പി ബന്ധത്തില്‍ അസ്വാരസ്യമുണ്ടെന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍െറ അഭിപ്രായം മകന്‍ തുഷാര്‍ വെള്ളാപ്പള്ളി തള്ളിക്കളയുന്നുണ്ടെങ്കിലും ഇരുവരും ലക്ഷ്യംവെക്കുന്നത് ഒരേകാര്യം. ജനറല്‍ സെക്രട്ടറി പറയുന്നത് എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകരുടെ വികാരമാണെന്നും ബി.ജെ.പിയുമായുള്ള ബന്ധത്തെക്കുറിച്ച് പറയേണ്ടത് ബി.ഡി.ജെ.എസ് നേതാക്കളാണെന്നുമാണ് തുഷാറിന്‍െറ നിലപാട്. ബി.ജെ.പിയുടെ ദേശീയസമിതി യോഗത്തിന് തുടക്കമാകുമ്പോഴാണ് ഇതുവരെയില്ലാത്ത അഭിപ്രായഐക്യവും വ്യത്യാസവും പറഞ്ഞുകൊണ്ട് പിതാവും പുത്രനും രംഗത്തുവന്നിട്ടുള്ളത്.
എസ്.എന്‍.ഡി.പി നേതൃത്വത്തിന് ബി.ജെ.പിയുമായി അത്രകണ്ട് തുറന്ന ബന്ധമില്ളെന്ന് വരുത്താന്‍ വെള്ളാപ്പള്ളി പലതവണ ശ്രമിച്ചിരുന്നു. പ്രത്യേകിച്ചും, പിണറായി സര്‍ക്കാര്‍ അധികാരത്തിലത്തെിയശേഷം. മൈക്രോഫിനാന്‍സ് കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സര്‍ക്കാറിന്‍െറ പരിഗണനയില്‍ നില്‍ക്കുമ്പോള്‍ ഒരുതരത്തിലെ അലോസരപ്പെടുത്തലിനും വെള്ളാപ്പള്ളി ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍െറ പ്രവര്‍ത്തനശൈലിയെ വാനോളം പുകഴ്ത്തുകയും ചെയ്തു. എസ്.എന്‍ ട്രസ്റ്റില്‍ നടക്കുന്ന അഴിമതികളെക്കുറിച്ച് വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തില്‍തന്നെ പിണറായി തുറന്നടിച്ചിട്ടുപോലും വെള്ളാപ്പള്ളി പിണങ്ങിയില്ല.
ഒരുതരം വിധേയത്വമാണ് ഇടതുസര്‍ക്കാറിന്‍െറ തുടക്കംമുതല്‍ വെള്ളാപ്പള്ളി പ്രകടിപ്പിച്ചുവന്നത്. ഇതിനെ തുടക്കത്തില്‍ ബി.ജെ.പി നേതൃത്വം അത്രകണ്ട് സംശയിച്ചില്ല. കേന്ദ്ര ബി.ജെ.പി നേതൃത്വവും ആര്‍.എസ്.എസും ബി.ഡി.ജെ.എസിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന നിലപാട് ശക്തമാക്കിയിരിക്കുമ്പോഴാണ് പിണറായിസ്തുതികളുമായി വെള്ളാപ്പള്ളി രംഗത്തത്തെിയത്. ഇതേതുടര്‍ന്ന് വാഗ്ദാനങ്ങള്‍ തല്‍ക്കാലത്തേക്ക് മരവിപ്പിക്കണമെന്നാണ് ബി.ജെ.പി സംസ്ഥാനനേതൃത്വം നല്‍കിയ നിര്‍ദേശം. സംസ്ഥാനനേതൃത്വത്തിന്‍െറ ഈ നിലപാടിനെ ഗ്രൂപ്പിസത്തിന്‍െറ ഭാഗം എന്നാണ് വെള്ളാപ്പള്ളി വ്യാഖ്യാനിക്കുന്നത്.
ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍െറയും പ്രമുഖനേതാക്കള്‍ കേരളത്തിലത്തെിയ സമയത്ത് അവരുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള തന്ത്രമാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേസില്‍നിന്ന് തലയൂരാന്‍ സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും മുഖസ്തുതികൊണ്ട് നിറക്കുമ്പോള്‍തന്നെ ബി.ജെ.പിയോട് അന്ധമായ സ്നേഹമില്ളെന്ന് വരുത്താനും വാഗ്ദാനങ്ങള്‍ പാലിക്കാത്തവരാണെന്ന് കുറ്റപ്പെടുത്താനും വെള്ളാപ്പള്ളി തയാറാകുന്നു. ഈ സാഹചര്യത്തില്‍ ഒരുതുറന്ന ചര്‍ച്ചക്ക് ബി.ജെ.പി നേതൃത്വം തുനിഞ്ഞാല്‍ അതിന്‍െറ ഗുണഭോക്താവ് തുഷാറായിരിക്കുമെന്ന് വെള്ളാപ്പള്ളിക്ക് അറിയാം. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം തുഷാറിനെ തിങ്കളാഴ്ചത്തെ എന്‍.ഡി.എ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.
അതേസമയം, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവരുടെ ആത്മാര്‍ഥതയെ ഉയര്‍ത്തിക്കാണിച്ച് ഒരുതരത്തിലുള്ള അകല്‍ച്ചയുമില്ളെന്ന് സ്ഥാപിക്കാനാണ് തുഷാര്‍ ശ്രമിച്ചത്. താന്‍ അന്ധമായി ആരെയും വിശ്വസിക്കുന്നില്ളെന്നും നല്ലത് ചെയ്യുന്ന ഇടതുപക്ഷത്തെ മനസ്സാ പിന്തുണക്കുന്നുണ്ടെന്നും സ്ഥാപിക്കുന്ന വെള്ളാപ്പള്ളിയുടെ കണ്ണ് ഇപ്പോഴും എന്‍.ഡി.എയുടെ വര്‍ഗീയരാഷ്ട്രീയത്തിന്‍െറ സ്ഥാനമാനങ്ങളില്‍തന്നെയാണ്. ബി.ഡി.ജെ.എസും എസ്.എന്‍.ഡി.പിയും ഇപ്പോള്‍ പോകുന്ന വഴികള്‍ രണ്ടായി തോന്നാമെങ്കിലും സ്ഥാനമാനങ്ങള്‍ നേടുക എന്ന ലക്ഷ്യത്തില്‍ അവര്‍ ഒന്നാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.