കൊച്ചി: സംസ്ഥാനനേതൃത്വത്തിന് താക്കീത് നൽകിയും പാർലമെൻറ് തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ തന്ത്രങ്ങൾക്ക് രൂപംനൽകിയും ബി.ജെ.പി ദേശീയപ്രസിഡൻറ് അമിത് ഷാ മൂന്നുദിവസത്തെ കേരള സന്ദർശനത്തിന് കൊച്ചിയിൽ തുടക്കമിട്ടു. പാർട്ടി അടിത്തറ ശക്തിപ്പെടുത്തുക, എൻ.ഡി.എയെ വിപുലീകരിക്കുക, പൊതുസ്വീകാര്യതയുള്ള ചിലരെ പാർട്ടിയിലെത്തിക്കുക, ക്രൈസ്തവസഭകളുടെ പിന്തുണ ഉറപ്പാക്കുക, ഘടകകക്ഷികളുടെ അസംതൃപ്തി അകറ്റുക എന്നിവയാണ് സംസ്ഥാനത്ത് അമിത് ഷാ ലക്ഷ്യമിടുന്നത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നൊരുക്കമെന്ന നിലയിൽ ആസൂത്രണം ചെയ്ത 96 ദിവസത്തെ ഭാരതപര്യടനത്തിെൻറ ഭാഗമാണ് കേരള സന്ദർശനം.
പാർട്ടിയെ ശക്തിപ്പെടുത്താൻ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനം വേണമെന്ന നിർദേശമാണ് കോർ കമ്മിറ്റി യോഗത്തിൽ അദ്ദേഹം സംസ്ഥാനനേതാക്കൾക്ക് നൽകിയത്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കേരളത്തിൽനിന്ന് എം.പി ഉണ്ടായില്ലെങ്കിൽ കേന്ദ്രമന്ത്രിയടക്കമുള്ള പരിഗണനകൾ സംസ്ഥാനത്തെ പാർട്ടിക്ക് നൽകില്ലെന്നും അദ്ദേഹം താക്കീത് ചെയ്തു. സംസ്ഥാനനേതാക്കളടക്കം താഴേത്തട്ടിലിറങ്ങി പ്രവർത്തിക്കുകയും ജനകീയവിഷയങ്ങളിൽ ഇടപെടുകയും വേണം. ബൂത്തുതലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്താനും എല്ലാ നിയോജക മണ്ഡലത്തിലും എൻ.ഡി.എ വിപുലീകരിക്കാനുമുള്ള കർമപദ്ധതിക്ക് യോഗം രൂപം നൽകി. പാർലമെൻറ് തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ കഠിനശ്രമം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിെൻറ സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷത്തിൽ മുസ്ലിം സമുദായത്തിനിടയിൽ സ്വാധീനം നേടുക അസാധ്യമാണെന്നിരിക്കെ ക്രൈസ്തവസഭകളുടെ പിന്തുണ നേടാനുള്ള തന്ത്രമാണ് അമിത് ഷാ പയറ്റുന്നത്. ഇതിെൻറ ഭാഗമായാണ് കൊച്ചിയിൽ മതമേലധ്യക്ഷന്മാരെ കണ്ടത്. എൻ.ഡി.എ ദേശീയ സമിതിയംഗമായ പി.സി. തോമസാണ് ഇതിന് മുൻകൈയെടുത്തത്. സഭാമേലധക്ഷ്യന്മാർ അമിത് ഷായെ കാണുന്നതിൽ ഒരുവിഭാഗം വിശ്വാസികൾക്കിടയിൽ എതിർപ്പുണ്ട്.
സംഘ്പരിവാറുമായി അകന്നുനിൽക്കുന്ന മത, സാംസ്കാരിക, വ്യവസായ രംഗങ്ങളിലെ ചില പ്രമുഖരെ ബി.ജെ.പിയിലെത്തിച്ച് പാർട്ടിക്ക് കൂടുതൽ മെച്ചപ്പെട്ട പ്രതിച്ഛായ ഉണ്ടാക്കിയെടുക്കുക എന്നതും അമിത് ഷായുടെ ലക്ഷ്യമാണ്. ഇതിെൻറ ഭാഗമായാണ് പ്രത്യേക ക്ഷണിതാക്കളെന്ന പേരിൽ ചിലരെ പെങ്കടുപ്പിച്ച് യോഗം നടത്തിയത്.രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പാർട്ടി നേതാക്കളായ എച്ച്. രാജ, കുമ്മനം രാജശേഖരൻ, പി.എം. വേലായുധൻ, ഒ. രാജഗോപാൽ എം.എൽ.എ, എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, കെ. സുരേന്ദ്രൻ എന്നിവർ ചേർന്ന് അമിത് ഷായെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.