ചെന്നൈ: സംസ്ഥാന പര്യടനം നടത്തിയും ഗ്രൂപ് ഭാരവാഹികളെ നിശ്ചയിച്ചും ശശികലയുടെ സഹോദരി പുത്രൻ ടി.ടി.വി. ദിനകരൻ പാർട്ടിയിൽ ശക്തി തെളിയിക്കാനൊരുങ്ങുന്നു. ഒരേസമയം മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി, മുൻ മുഖ്യമന്ത്രി ഒ. പന്നീർസെൽവം വിഭാഗങ്ങളെ സമ്മർദത്തിലാക്കുകയാണ് ദിനകരെൻറ ലക്ഷ്യം.
അമ്മ വിഭാഗം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കൂടിയായ ദിനകരൻ 20 എം.എൽ.എമാരുൾപ്പെട്ട 64 സംസ്ഥാന ഭാരവാഹികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. എന്നാൽ, ഇതിൽ മൂന്ന് എം.എൽ.എമാർ ഭാരവാഹിത്വം നിരസിച്ച് എടപ്പാടിക്ക് പിന്തുണ നൽകി. സത്യ പനീർസെൽവം, പഴനി, ബോസ് എന്നിവരാണ് കൂടുമാറിയത്. പളനിയപ്പൻ, സെന്തിൽ ബാലാജി, പി. വെട്രിവേൽ, മുതിർന്ന നേതാവ് നാഞ്ചി സമ്പത്ത് എന്നിവർ ദിനകരെൻറ വാഗ്ദാനം സ്വീകരിച്ചു. ഇൗ മാസം 14ാം തീയതി മധുരയിലെ മേലൂരിൽ തുടങ്ങി ഒക്േടാബർ അഞ്ചുവരെ ഒമ്പത് ജില്ലകളിൽ നടക്കുന്ന ആദ്യഘട്ട പ്രചാരണ പരിപാടികൾക്ക് ദിനകരൻ പക്ഷം വൻ തയാറെടുപ്പാണ് നടത്തുന്നത്.
എന്നാൽ, ശനിയാഴ്ച വീണ്ടും പാർട്ടിയുടെ റോയപ്പേട്ടയിലെ ആസ്ഥാനത്തെത്തുമെന്ന ദിനകരെൻറ പ്രഖ്യാപനം നടന്നില്ല. ദിനകരൻ ഒാഫിസിൽ പ്രവേശിക്കുന്നത് തടയാൻ മറ്റു രണ്ടു ഗ്രൂപ്പുകളുടെയും അണികൾ എത്തിയാലുള്ള സംഘർഷാവസ്ഥ മുന്നിൽകണ്ട് പാർട്ടി ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.
കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവും സിനിമാനടിയുമായ വിജയധരണി, ദിനകരനെ ചെൈന്ന അഡയാറിലെ വീട്ടിലെത്തി കണ്ടത് അഭ്യൂഹത്തിനിടയാക്കി. ഭാര്യയുടെ മാതാവിെൻറ മരണത്തിൽ അനുശോചനം അറിയിക്കാനാണ് ദിനകരനെ കണ്ടതെന്ന് വിജയധരണി വിശദീകരിച്ചു.
അതേസമയം, പുനരൈക്യം പരാജയപ്പെടുന്നതിെൻറ സൂചനകൾ വീണ്ടും പുറത്തുവരുന്നു. പ്രതിപക്ഷ േറാളിലേക്ക് പന്നീർസെൽവം നീങ്ങുകയാണ്. വിവിധ ആവശ്യങ്ങളുയർത്തി സംസ്ഥാന സർക്കാറിനെതിരെ ഇൗ മാസം പത്തിന് പ്രഖ്യാപിച്ച പ്രക്ഷോഭം ചർച്ച ചെയ്യാൻ പന്നീർസെൽവം വിഭാഗം ഉന്നതതല യോഗം ചേർന്നു.
ജനറൽ സെക്രട്ടറി: തീരുമാനമായില്ല
ചെന്നൈ: അണ്ണാഡി.എം.കെ ജനറൽ സെക്രട്ടറി ആരെന്ന കാര്യത്തിൽ തർക്കമുണ്ടെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും െതരഞ്ഞെടുപ്പു കമീഷൻ. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജയലളിതയുടെ മരണശേഷം അണ്ണാഡി.എം.കെ പിളർന്നിരുന്നു. മുൻ മുഖ്യമന്ത്രി ഒ. പന്നീർസെൽവത്തിെൻറ അണ്ണാഡി.എം.കെ (പുരട്ച്ചി തലൈവി അമ്മ) വിഭാഗവും വി.കെ. ശശികലക്കു കീഴിലുള്ള അണ്ണാഡി.എം.കെ (അമ്മ) വിഭാഗവും പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടിലക്കുവേണ്ടി അവകാശവാദമുന്നയിക്കുകയും ചെയ്തു.
ഇതോടെ, ചിഹ്നം കമീഷൻ മരവിപ്പിച്ചു. വി.കെ. ശശികലയെ പാർട്ടി ജനറൽ സെക്രട്ടറിയായി െതരഞ്ഞെടുത്ത തീരുമാനത്തിനെതിരെ പന്നീർസെൽവം വിഭാഗം െതരഞ്ഞെടുപ്പു കമീഷനിൽ പരാതി നൽകിയിരുന്നു. തങ്ങളുടെ വാദത്തിനു തെളിവായി ഇരു വിഭാഗവും ലക്ഷക്കണക്കിനു സത്യവാങ്മൂലങ്ങൾ കമീഷനു മുമ്പാകെ സമർപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.