തിരുവനന്തപുരം: ‘ആവേശം നല്ലതാണ്. എന്നാൽ, അമിതാവേശം അത്ര നന്നല്ല. അധികമായാൽ അമൃതും വിഷമാകും. അപശബ്ദം ഉണ്ടാകാതിരുന്നാൽ കോൺഗ്രസിനെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല’; മുതിർന്ന നേതാവ് എ.കെ. ആൻറണിയുടേതാണ് ഒാർമപ്പെടുത്തൽ. കെ.പി.സി.സി ഭാരവാഹികളുടെ സ്ഥാനമേൽക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുേമ്പാഴായിരുന്നു ഗ്രൂപ്പിസത്തെക്കുറിച്ച് പറയാതെ പറഞ്ഞ് മുന്നറിയിപ്പ്. ചടങ്ങിനിടെ ഗ്രൂപ് തിരിഞ്ഞ് ചില നേതാക്കൾക്കായി മുദ്രാവാക്യം വിളി ഉയർന്നിരുന്നു. പ്രവർത്തകർ അതത് നേതാക്കളുടെ ചിത്രങ്ങൾ പതിച്ച ബോർഡുകളുമായാണ് എത്തിയത്.
ചർച്ചയിലൂടെ ഒരു തീരമാനമെടുത്താൽ അതംഗീകരിക്കാൻ എല്ലാ പ്രവർത്തകരും ബാധ്യസ്ഥരാണ്. ജനങ്ങളിൽനിന്ന് പാഠം പഠിക്കണം. ആദ്യപാഠം ചെങ്ങന്നൂരിൽ നിന്നുവേണം. പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണച്ചിരുന്ന കുടുംബങ്ങൾ എന്തുകൊണ്ട് മാറി ചിന്തിച്ചെന്ന് പരിശോധിക്കണം. അവരെ തിരിച്ചുകൊണ്ടുവരണം. പ്രവർത്തിക്കുന്നവരും അല്ലാത്തവരുമായി പാർട്ടിയിൽ രണ്ട് ഗ്രൂപ്പാണുള്ളതെന്ന് സ്ഥാനമൊഴിഞ്ഞ കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ പറഞ്ഞു. ഹർത്താലിനെതിരെ ഉപവാസം നടത്തിയ താൻ, ഏറെ മനഃസംഘർഷത്തോടെയാണ് പെട്രോളിയം വിലവർധനക്കെതിരെ ഹർത്താൽ ആഹ്വാനം ചെയ്തത്. വ്യക്തിപരമായ നിലപാടിനെക്കാൾ വലുതാണ് പാർട്ടി നിലപാട് എന്നതിനാലായിരുന്നു അത്-അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തിന് എല്ലാം ത്യജിച്ച് കോൺഗ്രസിനായി എല്ലാം അർപ്പിച്ച് ജീവിച്ച പിതാവിെൻറ മകനാണ് താനെന്ന് പുതിയ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസിനെതിരെ ബി.ജെ.പിക്കും സി.പി.എമ്മിനും ഒരേ മനസ്സാണ്. രണ്ടാം സ്വാതന്ത്ര്യസമരത്തിന് തയാറെടുക്കുന്ന ആവേശത്തോടെ ഇവർക്കെതിരെ കോൺഗ്രസ് പ്രവർത്തകർ രംഗത്ത് വരണമെന്ന് അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രവർത്തക സമിതി അംഗങ്ങളായ ഉമ്മൻ ചാണ്ടി, പി.സി. ചാക്കോ, കെ.സി. വേണുഗോപാൽ എന്നിവർ സംസാരിച്ചു. മുൻപ്രസിഡൻറുമാരായ തെന്നല ബാലകൃഷ്ണപിള്ള, വി.എം. സുധീരൻ, നിയമസഭകക്ഷി ഉപനേതാവ് കെ.സി. ജോസഫ്, കെ. ശങ്കരനാരായണൻ, ശശി തരൂർ എം.പി, ഷാനിമോൾ ഉസ്മാൻ, ലാലി വിൻസെൻറ്, തമ്പാനൂർ രവി, നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.